
ലോക ഫുട്‌ബോളിന് നിരവധി സൂപ്പര്‍ താരങ്ങളുണ്ടെങ്കിലും ലോകത്തിന് ഏഷ്യന്‍ സംഭാവനയായി ലഭിച്ച വലിയ താരം ആണ് ജപ്പാന്റെ സണ്‍ ഹ്യുങ്-മിന്‍. 23-ാം ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങളെണ്ണിക്കൊണ്ട് ലോകം കാത്തിരിക്കെ ഇന്നലെ കൊറിയന്‍ ടീമിനെ കോച്ച് ഹോങ് മ്യുന്‍-ബോ പ്രഖ്യാപിച്ചു. ക്യാപ്റ്റന്റെ ആം ബാന്‍ഡ് അണിയുക സണ്‍ ആയിരിക്കും. ആതിഥേയരായ മെക്‌സിക്കോ ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഈ ഏഷ്യന്‍ കരുത്തര്‍ പ്രാഥമിക റൗണ്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ കരുത്തരായ ചെക്ക് റിപ്പബ്ലിക്, ദക്ഷിണാഫ്രിക്ക എന്നിവയാണ് മറ്റ് എതിരാളികള്‍.
ഇത്തവണ കൊറിയയ്‌ക്ക് കാര്യമായ മുന്നേറ്റം നേടിയേ തീരു. ഏഷ്യ കണ്ട മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായ സണ്‍ ഹ്യൂങ്ങിന്റെ അവസാന ഊഴമായിരിക്കും ഇത്. ജൂലായില്‍ 34 വയസ് തികയുന്ന താരത്തിന് 2030ല്‍ വീണ്ടുമൊരു അവസരത്തിന് സാധിക്കുമെന്ന് ഉറപ്പിക്കാനാവില്ല. ലോക ഫുട്‌ബോളിലെ ഒന്നാന്തരം സ്‌ട്രൈക്കര്‍, ചെറുപ്രായത്തില്‍ ജര്‍മന്‍ ടീം ഹാംബര്‍ഗറിനായി കളിച്ചു തുടങ്ങി. റിക്കാര്‍ഡ് തുകയ്‌ക്ക് ബയെര്‍ ലെവര്‍കൂസന്‍ സ്വന്തമാക്കി. അവിടെ നിന്നും പ്രീമിയര്‍ ലീഗ് ടീം ടോട്ടനം ഹോട്‌സ്പറിലേക്ക്. ഹോട്‌സ്പറില്‍ കളിക്കുമ്പോഴാണ് സണ്‍ ലോക ഫുട്‌ബോളില്‍ തന്റെ കയ്യൊപ്പ് വ്യക്തമാക്കിയത്. യൂറോപ്യന്‍ ഫുട്‌ബോളില്‍ തന്നെ ഒഴിച്ചുകൂടാനാവാത്ത താരമായി. 2021-22 സീസണില്‍ പ്രീമിയര്‍ ലീഗ് ഗോള്‍ഡണ്‍ ബൂട്ട്. അതിന് മുമ്പ് 2020ല്‍ ഫിഫ പുസ്‌കാസ് പുരസ്‌കാരം. 2019ല്‍ ടോട്ടനം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുന്നതില്‍ സണ്‍ വലിയ പങ്ക് വഹിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ടീമില്‍ നിന്നും സൂപ്പര്‍ താരം ഹാരി കെയ്ന്‍ വിട്ടുപോയ ശേഷമാണ് 2024-25ല്‍ ടോട്ടനം യൂറോപ്പ ലീഗ് കിരീടം നേടുന്നത്. അതില്‍ നിര്‍ണായക റോളായിരുന്നു ഈ കൊറിയന്‍ താരത്തിനുണ്ടായിരുന്നത്. 2014ലെ ബ്രസീല്‍ ലോകകപ്പ് മുതല്‍ സണ്‍ കൊറിയന്‍ പടയ്‌ക്കൊപ്പമുണ്ട്. ഇത് നാലാം ലോകകപ്പ് ആണ്. കഴിഞ്ഞ സീസണില്‍ ടോട്ടനത്തില്‍ നിന്നും വിട്ട സണ്‍ ഇപ്പോള്‍ എംഎല്‍എസ് ക്ലബ്ബ് ലോസ് ആഞ്ചെലസ് എഫ്‌സിയിലാണ്.







