
സിൽഹെറ്റ്: ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹസൻ അലി തലയിടിച്ചു വീണു. ശനിയാഴ്ച സിൽഹെറ്റിലെ സിൽഹെറ്റ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് പരിക്കേറ്റത്. താൻ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ സ്വന്തം പന്തിൽ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഹസൻ ബാലൻസ് തെറ്റി വീഴുകയായിരുന്നു.
ഓപ്പണർ തൻസിദ് ഹസൻ തമീമിന് ഒരു ലെങ്ത് ബോൾ എറിഞ്ഞുകൊടുത്തു. തമീം അത് ബൗളറുടെ വലതുവശത്തേക്ക് തിരികെ കൊണ്ടുപോയി. ഹസൻ നീട്ടി വലതുവശത്തേക്ക് ഡൈവ് ചെയ്തപ്പോൾ ബാലൻസ് നഷ്ടപ്പെട്ട് തലയുടെ വലതുഭാഗം നിലത്ത് ഇടിക്കുകയായിരുന്നു. പിച്ചിനടുത്ത് കമിഴ്ന്നു കിടന്ന ഹസൻ വേദന കൊണ്ട് പുളഞ്ഞു, തുടർന്ന് സ്ട്രെച്ചറിൽ മൈതാനത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോയി. പാകിസ്ഥാൻ കളിക്കാർക്കും ആരാധകർക്കും ഇത് വലിയ ആശങ്കയ്‌ക്ക് ഇടയാക്കി.
അതേസമയം, 19-ാം ഓവറിൽ ഹസൻ വീണ്ടും ഫീൽഡിൽ തിരിച്ചെത്തി പന്ത് കൈക്കലാക്കിയതോടെ പാകിസ്ഥാന് വലിയ ആശ്വാസമായി. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുമ്പ് അദ്ദേഹം നാല് ഓവറുകൾ എറിഞ്ഞു.









