
കോഴിക്കോട്: തോല്‍വിയറിയാതെ കുതിക്കുകയായിരുന്ന കേരള പൊലീസിന്റെ അശ്വമേധത്തിന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ബ്രേക്കിട്ട് കാലിക്കറ്റ് എഫ്സി. കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) 2025-26 സൂപ്പര്‍ 8 പോരാട്ടത്തില്‍ കാലിക്കറ്റ് എഫ്‌സിയുടെ ജയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്.
ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയണ് കാലിക്കറ്റ് എഫ്സി വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കിയത്. പകരക്കാരനായി ഇറങ്ങി കളിയുടെ ഗതി തന്നെ മാറ്റിമറിച്ച മഞ്ചേരിക്കാരന്‍ അര്‍ജുന്‍ ജയരാജാണ് കാലിക്കറ്റിന്റെ വിജയശില്പി. സൂപ്പര്‍ 8-ല്‍ കളിച്ച നാല് മത്സരങ്ങളിലും വിജയക്കൊടി പാറിച്ച കാലിക്കറ്റ് എഫ്സി 12 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതായി തുടരുകയാണ്.
കേരള പോലീസിനായി പുഞ്ചിരി എന്ന സജീഷ് (43′), കാലിക്കറ്റ് എഫ്സിക്കായി യോട്ടോ ലോഹെ (53′), ആന്റണി പൗലോസ് (79′), അര്‍ജുന്‍ ജയരാജ് (90+3′) എന്നിവര്‍ ഗോള്‍ നേടി. പകരക്കാരുടെ കുപ്പായത്തിലെത്തിയ അര്‍ജുന്‍ ജയരാജ് ഒരു ഗോളും ഒരു അസിസ്റ്റുമായി ടീമിന്റെ വിജയശില്‍പിയായി. മത്സരത്തിലെ മികച്ച താരമായി കാലിക്കറ്റ് എഫ്സിയുടെ അരുണ്‍ കുമാറും തിരഞ്ഞെടുക്കപ്പെട്ടു.
മെയ് 22-ന് വൈകീട്ട് 5 മണിക്ക് റിയല്‍ മലബാര്‍ എഫ്സിക്കെതിരെയാണ് കാലിക്കറ്റ് എഫ്സിയുടെ അടുത്ത പോരാട്ടം.









