
പരിക്കേറ്റ റോഡ്രിഗോയ്‌ക്കും മിലിറ്റാവോയ്‌ക്കും ടീമിലെത്താനാകാത്തതുമാത്രമാണ് ബ്രസീലിനു നിരാശ നല്‍കുന്ന ഘടകം. യുവതാരം എസ്താവോയ്‌ക്കും ടീമിലിടമില്ല.
അതേസമയം, സൂപ്പര്‍ താരങ്ങളായ റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയര്‍, ബാഴ്‌സലോണയുടെ റഫീഞ്ഞ തുടങ്ങിയവര്‍ ടീമിലുണ്ട്. റഫീഞ്ഞയും പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും അദ്ദേഹവും ഫിറ്റ്‌നസ് കൈവരിച്ചിട്ടുണ്ട്. 2023 ഒക്ടോബറിനു ശേഷം നെയ്‌മര്‍ക്ക് ദേശീയ ടീമിനൊപ്പം കളിക്കാനായിട്ടില്ല. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ നെയ്‌മര്‍ 79 ഗോളുകളാണ് ടീമിനായി നേടിയിട്ടുള്ളത്. 2023 ഒക്ടോബറിലുണ്ടായ പരിക്കിന് ശേഷം പൂര്‍ണ കായികക്ഷമത തിരിച്ചുപിടിക്കാന്‍ നെയ്‌മറിനായിട്ടില്ല. ഉറുഗ്വെയ്‌ക്ക് എതിരേ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയായിരുന്നു നെയ്‌മര്‍ക്ക് വീണ്ടും പരിക്കേറ്റത്.
പിഎസ്ജിയിലായിരുന്ന താരം 2023ല്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലിലേക്ക് പോയി. അവിടെ കാര്യമായി കളിക്കാന്‍ നെയ്‌മര്‍ക്കായില്ല. ഒടുവില്‍ തന്റെ ആദ്യ ക്ലബ്ബായ സാന്റോസിലേക്കു മടങ്ങി. എന്നാല്‍, അവിടെയും പരിക്കിനെത്തുടര്‍ന്ന് അധികം കളിക്കാനായില്ല. നിരന്തര ശസ്ത്രക്രയികളും മറ്റുമായി നെയ്‌മര്‍ പരിക്കിനോട് പടവെട്ടി.
2025 മേയില്‍ ടീമിന്റെ ചുമതലയേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഇറ്റലിയില്‍നിന്നുള്ള ആഞ്ചലോട്ടി നെയ്‌മറെ ടീമിലേക്ക് വിളിക്കുന്നത്. 2014, 2018, 2022 ലോകകപ്പുകളില്‍ കളിച്ച നെയ്‌മര്‍ ആദ്യ ലോകകപ്പില്‍ നാലുഗോളടിച്ചിരുന്നു.
റഷ്യന്‍ ലോകകപ്പിലും ഖത്തര്‍ ലോകകപ്പിലും രണ്ടുവീതം ഗോളുമടിച്ചു. 2026ലും വലിയ പ്രതീക്ഷയോടെയാണ് ബ്രസീല്‍ എത്തുന്നത്. നെയ്‌മറിന്റെ ഉള്‍പ്പടെ മികവ് ടീമിന് ഉണര്‍വാകുമെന്നുറപ്പ്. ടീമിനൊപ്പമുള്ള പരിശീലനത്തിനായി ഉടന്‍ നെയ്‌മറെത്തും. അതിനിടെ, കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുമായുള്ള കരാര്‍ 2030 വരെ ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ നീട്ടിയിട്ടുണ്ട്.
ലോകകപ്പിനുള്ള ബ്രസീല്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍, എഡേഴ്‌സണ്‍, വെവേര്‍ട്ടന്‍.
പ്രതിരോധ നിര: അലക്‌സ് സാന്‍ഡ്രോ, ഡാനിലോ, ലിയോ പെരേര, ബ്രെമര്‍, ഇബാനിസ്, വെസ്ലി, മാര്‍ക്കിഞ്ഞോസ്, ഗബ്രിയേല്‍ മഗല്‍ഹായസ്, ഡഗ്ലസ് സാന്റോസ്.
മധ്യനിര: ബ്രൂണോ ഗ്വിമെയ്‌റസ്, കസെമിറോ, ഡാനിലോ, ഫാബിഞ്ഞോ, ലൂക്കാസ് പക്വെറ്റ.
മുന്നേറ്റ നിര: എന്‍ഡ്രിക്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ഇഗോര്‍ തിയാഗോ, മാത്യൂസ് കുഞ്ഞ, റഫിന്യ, വിനീഷ്യസ് ജൂനിയര്‍, ലൂയിസ് ഹെന്‍ റിക്ക്, നെയ്‌മര്‍, റയാന്‍.







