
ഓരോ സീസണിലും ലോകം കണ്ട പൊരിഞ്ഞ പോരാട്ടങ്ങള്‍ അരങ്ങേറുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്‌പെയിനില്‍ നിന്നെത്തിയ 44കാരന്‍ അര്‍ട്ടേറ്റ അമട്രിയാന്‍ സഫലീകരിച്ചിരിക്കുന്നത് ഗണ്ണേഴ്‌സ് ആരാധകരുടെ 22 വര്‍ഷം നീണ്ട സ്വപ്‌നം. പരിശീലകന്‍ എന്ന നിലയില്‍ ആഴ്‌സണലിന്റെ തന്നെ മുന്‍ താരത്തിന് ഇത് വലിയൊരു നാഴിക കല്ല് ആണ് ഇത്. 2011-2016 കാലഘട്ടത്തില്‍ ആഴ്‌സണലിന്റെ മദ്ധ്യനിരതാരമായി കളിച്ചുകൊണ്ടാണ് അര്‍ട്ടേറ്റ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് ബൂട്ടഴിച്ചത്. വിഖ്യാത പരിശീലകരായ പലരെയും പോലെ കോച്ച് എന്ന നിലയില്‍ പെരുമ ഏറാനായിരുന്നു ഈ സ്പാനിഷ് താരത്തിന്റെയും നിയോഗം.
22 വര്‍ഷം നീണ്ട യുഗത്തിന് ശേഷം 2018ലാണ് ആഴ്‌സേന്‍ വെംഗര്‍ ആഴ്‌സണലിന്റെ പരിശീലക പദവി ഒഴിഞ്ഞത്. 2019ല്‍ അര്‍ട്ടേറ്റ സ്ഥാനമേറ്റെടുത്തു. അതു മുതല്‍ ഓരോ സീസണിലും ടീം വലിയ കുതിപ്പാണ് നടത്തിവരുന്നത്. പക്ഷെ നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്റുകളില്‍- (ഇഎഫ്എല്‍, എഫ് എ കപ്പ്) കാലിടറി വീഴുന്നതോടെ ടീമിന്റെ ആത്മവിശ്വാസം ചോര്‍ന്നുപോകുന്ന പതിവിന് ഇംഗ്ലീഷ് ഫുട്‌ബോള്‍ സാക്ഷിയായിക്കൊണ്ടിരുന്നു. ഇക്കുറിയും അതു തന്നെ സംഭവിച്ചു. സീസണ്‍ പാതിവഴിയെത്തുമ്പോള്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നത് തൊട്ടടുത്ത ടീമിനെക്കാള്‍ ബഹുദൂരം മുന്നിലായിക്കൊണ്ടാണ്. പക്ഷെ നോക്കൗട്ട് ടൂര്‍ണമെന്റുകളില്‍ പുറത്തായതോടെ ലീഗ് മത്സരങ്ങളിലും പ്രതിഫലിച്ചു. ഇതാണ് ലീഗ് അവസാനത്തോടടുത്തപ്പോള്‍ ഫോട്ടോഫിനിഷിന്റെ വക്കിലേക്ക് പോയത്.
20 വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചിരിക്കെയാണ് ആഴ്‌സണല്‍ പ്രീമിയര്‍ ലീഗില്‍ മുത്തമിട്ടിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടക്കാനുള്ളതിനാല്‍ ടീമിന്റെ ആത്മവിശ്വാസത്തിന് കാര്യമായ കുറവും സംഭവിച്ചിട്ടില്ലായിരിക്കാം. ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് വരാനിരിക്കുന്നത്. ഫ്രഞ്ച് കരുത്തര്‍ പിഎസ്ജിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരുന്ന 30ന് രാത്രി 9.30ന് ബുഡാപെസ്റ്റിലാണ്. ലീഗ് കിരീടം നേടുമ്പോഴും വരാനിരിക്കുന്ന ഈ വലിയ പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലാണ് അര്‍ട്ടേറ്റയും ഗണ്ണേഴ്‌സും.







