തിരുവനന്തപുരം: കൊല്ലം ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ വിനയകുമാറിനെ മാറ്റി.പണ്ടംപുനത്തില്‍ അനീഷ് ബാബുവിനെയാണ് പുതിയ എം ഡിയായി നിയമിച്ചത്.
വ്യവസായവകുപ്പിന് കീഴിലുള്ള അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളിലെയും എംഡിമാരെ മാറ്റി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കൃത്യമായ കാലയളവില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അതുകൊണ്ടുതന്നെ തികച്ചും സ്വാഭാവികമായ നടപടിയാണിതെന്നും വ്യവസായ വകുപ്പും സര്‍ക്കാരും വ്യക്തമാക്കി.
മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പി ആര്‍ ഒ ആയിരുന്ന വിനയകുമാര്‍ 2006ല്‍ കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലയളവിലാണ് സംസ്ഥാന സര്‍വീസില്‍ സ്ഥിര നിയമനം നേടിയത്.പിന്നീട് യുഡിഎഫ് ഭരണകാലത്ത് അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയാണ് വിനയകുമാറിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ എം ഡിയായി നിയമിച്ചത്.
യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് പുറമെ കേരള സ്‌റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കേരള സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് , കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റെര്‍പ്രൈസസ് ലിമിറ്റഡ് , കേരള ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവിടങ്ങളിലെയും മാനേജിംഗ് ഡയറക്ടര്‍മാരെ മാറ്റിയിട്ടുണ്ട്.