അവധിക്കാലം കഴിയാറായ സമയത്ത് പ്രിയ സുഹൃത്ത് നബീലിന്റെ ഫോൺ കാളാണ് ആ യാത്രയിലേക്ക് നയിച്ചത്. ചെങ്കടലിൽ തിരകളോട് മല്ലിട്ടും സല്ലപിച്ചും ഒരു ആഡംബര യാത്ര! സൗദി ടൂറിസം വകുപ്പ് കടലിലിറക്കിയ പുതിയ ക്രൂസ് ‘അറോയ’യിൽ. അതിന്റെ സെയിൽസ് ഓഫിസറാണ് നബീൽ. എന്റെ ജോലി ടൂറിസം മേഖലയിലായതിനാൽ യാത്രകൾ പലതും നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് കടൽ ശബ്ദത്തിന്റെയും തുരുത്തുകളുടെ തണുത്ത കാറ്റിന്റെയും ഇടയിൽ രാപ്പകലുകളോളം ഒരു പുതിയ ലോകം കണ്ടെത്താനായി ഒരു അവസരം ലഭിക്കുന്നത്. സ്വപ്നം പോലൊരു യാത്ര!
അങ്ങനെ, ജീവിതത്തിലാദ്യമായി, ഒരു ക്രൂസ് യാത്രയിലൂടെ കടലിന്റെ ഉള്ളറക്കാഴ്ചകളിലേക്ക് യാത്ര ആരംഭിച്ചു. ഒരു ലക്ഷ്വറി ക്രൂസ് യാത്ര. ഡിസംബർ എട്ടിന് ഇറ്റലിയിൽനിന്ന് സുരക്ഷാപരിശോധനകളടക്കം പൂർത്തിയാക്കി പുറപ്പെട്ട അ റോയ ക്രൂസ് 11ന് രാവിലെ 11നാണ് ജിദ്ദ ഇസ്ലാമിക് പോർട്ടിൽ എത്തിയത്. കപ്പലിന്റെ ആദ്യ യാത്രയിൽ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി തോന്നി. എമിഗ്രേഷൻ ഡിപ്പാർട്മെന്റിൽനിന്ന് ഞങ്ങളെ സാപ്റ്റ്കോ ബസിൽ തുറമുഖത്തെത്തിച്ചു. ആദ്യ കാഴ്ചയിൽ തന്നെ മോഹന മുഗ്ധനായിപ്പോയി. കടലിന്റെ നീലിമയിൽ വെള്ളക്കൊട്ടാരം പോലെ അഉയർന്ന് നൽക്കുന്നു. AROYA ക്രൂസ് കപ്പൽ. The future vision എന്ന് അർഥമുള്ള അറബി വാക്ക്. ആ പേര് അന്വർഥമാകുന്നതുപോലെ തന്നെ തോന്നി, കപ്പലിലേക്ക് പ്രവേശിച്ചപ്പോൾ. വിശാലമായ സ്ട്രീമറുകൾ സൂര്യപ്രകാശത്തിൽ പ്രകാശിതമാകുമ്പോൾ, ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട ലോകത്തായായിരുന്നു. അതിശയിപ്പിക്കുന്ന സൗകര്യങ്ങൾ നിറഞ്ഞ കപ്പലിൽ കാൽവെച്ച ഉടൻ മനസ്സിൽ അഭിമാനബോധം നിറഞ്ഞു.
കയറിച്ചെല്ലുന്ന നാലാം നിലയിലെ റിസപ്ഷൻ കൗണ്ടറിൽനിന്ന് ലഭിച്ച കാർഡുമായി ആറാം നിലയിലെ ഡെക്കിലേക് ഞങ്ങൾ ലിഫ്റ്റ് വഴി എത്തി. അവിടെ ക്രൂസ് ലോഞ്ചറിലേക്ക് ഞങ്ങൾ പ്രവേശിച്ചു. അറോയ ഫുഡ് ലോഞ്ച്! രുചികളുടെ മഹോത്സവമാണവിടെ! അതിനു ശേഷം
കാർഡിൽ നൽകിയിട്ടുള്ള നമ്പർ നോക്കി ഞങ്ങളുടെ കാബിൻ കണ്ടുപിടിച്ചു. സുഹൃത് യാസിറിനും എനിക്കും കിട്ടിയ റൂമുകൾ ലാൻഡ് സൈഡും സീ സൈഡുമുള്ളതായിരുന്നു. ഇതിന്റെ പ്രധാന ആകർഷണം അത് 16ാം നിലയിലാണ് എന്നതാണ്. അവിടെനിന്നുള്ള കാഴ്ച അനിർവചനീയ അനുഭവമാണ്. കടലിൽ പ്രത്യക്ഷപ്പെട്ട ഒരു രാജമാളികയാണ് ശരിക്കും അറോയ. ഓരോ കോണിലും ആനന്ദവും സുഖസൗകര്യവും ഒരുമിക്കുന്ന അത്ഭുതലോകം. കടലുമായി ഒരാത്മീയ ബന്ധം സ്ഥാപിക്കുന്ന സ്വിമ്മിങ് പൂളുകൾ, തണുത്ത വെള്ളത്തിലും ചൂട് പകർന്നുതരുന്ന ജാക്കൂസികൾ, തണുത്ത കാറ്റിനൊപ്പം പുതുമയുള്ള വിശ്രമാനുഭവം നൽകും.
കണ്ണുകൾക്ക് വിരുന്നായി ഹോളിവുഡ്, അറബിക് ഡാൻസ് പരിപാടികൾ, ക്രൂസിലെ ആഘോഷങ്ങൾക്ക് പുതിയ തലമുറക്ക് എല്ലാ ആവേശവും! എപ്പോഴും അന്തരീക്ഷ മുഖരിതമായിരിക്കുന്ന മനോഹര സംഗീതം. അതും മറ്റ് കലാപരിപാടികളും ഹൃദയം കവരും.
ഫിറ്റ്നസ് സെന്ററുകൾ, സ്പാ, ഷോപ്പിങ് മാളുകൾ എല്ലാം ഒന്നിനൊന്ന് മെച്ചം. ഡിസംബർ 11ന് വൈകീട്ട് ആറോടെയാണ് അറോയ ഞങ്ങളെയും വഹിച്ച് പുറപ്പെട്ടത്. സുന്ദരമായി അലങ്കരിച്ച കപ്പൽ പ്രകാശവളയങ്ങളാൽ മിന്നി, കടലോളങ്ങളെ കീറിമുറിച്ച് സ്വപ്നലോകത്തിലേക്ക് ആഘോഷപരമായ ഹോൺ മുഴക്കി മുന്നോട്ടു നീങ്ങി. ഇതേസമയം ടോപ് ഡെക്കിൽ ഒരു ഡി.ജെ വേദി ഉണർന്നുകഴിഞ്ഞിരുന്നു. അതിെൻറ താളത്തിനൊപ്പം മൃദുവായ കാറ്റിൽ ഇളകുന്ന കടലലകൾ. വെറും സംഗീതമേളമായിരുന്നുല്ല ഡി.ജെ, ഏറ്റവും മികച്ച ലൈറ്റ് ഷോകൾ, ഹൈ-ടെക് സൗണ്ട് സിസ്റ്റം, ആവേശകരമായ ഡാൻസ് ഫ്ലോർ എന്നിവയാൽ സമ്പന്നമായിരുന്നു. അതിൽ നുണയാൻ പ്രീമിയം പാനീയങ്ങളും പർഫെക്ട് സ്നാക്സും. സുഹൃത്തുക്കളോടോ പ്രിയപ്പെട്ടവരോടോ ചേർന്ന് നൃത്തം ചെയ്യാനുള്ള അവസരങ്ങൾ, ആ രാത്രി ഒരു സ്വപ്നലോകം പോലെ മുന്നിൽ വിടർന്നു.
ജിദ്ദയുടെ കോർണിഷ് ഭാഗത്തേക്ക് പനോരമ വ്യൂ കിട്ടുന്നിടത്തേക്കാണ് അൽ റോയ കുതിക്കുന്നത്. 2034 ഫിഫ ഫുട്ബാളിന് സൗദി ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക പ്രഖ്യാപനം അന്നാണുണ്ടായത്. അതിന്റെ ഭാഗമായുള്ള ആഘോഷവും ഡ്രോൺ ഷോയും എല്ലാം കപ്പലിലിരുന്നാണ് കണ്ടത്. അതെല്ലാം വേറിട്ട അനുഭൂതിയായി. രാവിലെ എഴുന്നേറ്റ ഉടൻ മോർണിങ് ട്രെയിനിങ്, വിഭവസമൃദ്ധമായ ഭക്ഷണ പാനീയങ്ങൾ, സ്പാ സെന്ററിസ് തുടങ്ങിയവയുടെ എല്ല സൗകര്യങ്ങളും ഞങ്ങൾക്ക് ലഭിച്ചു. സംഗീതം, നൃത്തം, സ്വാതന്ത്ര്യം എന്നിവയുടെ അലതല്ലും ആഘോഷം.
ഏഴാം ഡെക്കിലുള്ള അതി മനോഹരമായി അലങ്കരിച്ച അൽ വാഹ റസ്റ്റാറന്റിൽ ഞങ്ങൾ മണിക്കൂറുകളോളം ചെലവിട്ടു. ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരും അവിടെ ഒത്തുകൂടി. എല്ലാ ഡെക്കുകളും ഞങ്ങൾ നടന്നുകണ്ടു. നാല് ബെഡ്റൂമുകളും സ്വീകരണ മുറികളും പ്രൈവറ്റ് സ്പാ റൂമും ബാൽക്കണിയും അടങ്ങിയ റോയൽ കാബിനാണ് ഏറ്റവും വലിയ കാറ്റഗറി സ്യൂട്ട്. പ്രസിഡൻഷ്യൽ സ്യൂട്ട്, റോയൽ സ്യൂട്ട്, സിഗ്നേച്ചർ സ്യൂട്ട് തുടങ്ങി വ്യത്യസ്ത കാറ്റഗറിയിലും കാബിനുകളുണ്ട്. കപ്പലിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1600 ജീവനക്കാരുണ്ട്. അതിൽ മലയാളികളും ധാരാളം.
കപ്പലിലെ വിശാലമായ ‘അറോയ തിയറ്ററി’ൽ ബ്രിക്സ് രാജ്യങ്ങളുടെ തീമിലുള്ള ഡാൻസ് ഷോ ഉണ്ടായിരുന്നു. അതിൽ ഇന്ത്യൻ ത്രിവർണ പതാക ഉയർന്നുകണ്ടപ്പോൾ മനസ്സിനുണ്ടായ ആനന്ദം ഒന്ന് വേറെ തന്നെയായിരുന്നു. ‘അറോയ’യുടെ ലോകത്തെ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ച് അറിയേണ്ടത് തന്നെയാണ്. സൗദിയുടേതായതിനാൽ സകുടുംബമായി തന്നെ സുരക്ഷിതത്വ ബോധത്തോടെ യാത്ര ചെയ്യാവുന്നതാണ്. 1,400 റിയാലിൽ തുടങ്ങുന്ന വ്യത്യസ്ത പാക്കേജുകളാണുള്ളത്. അറോയയുടെ വെബ്സൈറ്റ് വഴിയോ അംഗീകൃത സെയിൽസ് ഏജൻറ് വഴിയോ ബുക്ക് ചെയ്യാം. സൗദിയിൽ ഇത്താർ ഹോളിഡേസിന്റെ ബ്രാഞ്ചുകളിൽനിന്ന് നേരിട്ട് ബുക്ക് ചെയ്യാവുന്നതാണ്.