തിരുവനന്തപുരം: ഒന്‍പതാം ക്ലാസിലെ സാമൂഹ്യപാഠം ചോദ്യ പേപ്പറില്‍ ഭാരതത്തി ഭൂപടം വികലമായി ഉള്‍പ്പെടുത്തിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷകളുടെ ചോദ്യ പേപ്പറുകള്‍ ആവര്‍ത്തിച്ച് ചോരുന്നതില്‍ വിശദമായ അന്വേഷണം വേണമെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു. എസ്‌സിഇആര്‍ടി ഓഫീസിന് മുന്നില്‍ ദേശീയ അധ്യാപക പരിഷത്തിന്റെ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ മേഖലയുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാക്കുന്ന തരത്തില്‍ പരീക്ഷാ സമ്പ്രദായം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖല സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. ക്രിസ്തുമസ് പരീക്ഷയില്‍ 9-ാം ക്ലാസിലെ സാമൂഹ്യപാഠം പരീക്ഷയുടെ ചോദ്യപേപ്പറില്‍ രാജ്യത്തിന്റെ ഭൂപടം തെറ്റായാണ് രേഖപ്പെടുത്തിയത്. അതിര്‍ത്തി സംസ്ഥാനങ്ങള്‍ പലതുമില്ലാത്ത ഭൂപടമാണ് കുട്ടികള്‍ക്ക് കിട്ടിയത്. ജമ്മുകശ്മീര്‍, അരുണാചല്‍ പ്രദേശ്, ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇവയൊന്നും ഭൂപടത്തിലില്ല. ശിഥിലമാക്കപ്പെട്ട, വികലമാക്കപ്പെട്ട ഭൂപടമാണ് ഈ നാട്ടിലെ പൊതുവിദ്യാലയത്തിലെ നാല് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അച്ചടിച്ചു നല്‍കിയത്. ഇത് വിദ്യഭ്യാസ വകുപ്പ് ചെയ്ത ഗുരുതരമായ അപരാധമാണ്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകരാണോ അതോ അച്ചടി വേളയിലാണോ വികലഭൂപടം തയ്യാറാക്കിയതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യവിരുദ്ധമായതിനാല്‍ ഈ വിഷയത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഉണ്ടാകണം. വിദ്യാഭ്യാസ വകുപ്പില്‍ വിഘടനവാദികള്‍ കടന്നു കയറിയിട്ടുണ്ട്. ചോദ്യ പേപ്പറുകള്‍ യൂട്യൂബ് ചാനലുകളില്‍ വില്‍പ്പനയ്‌ക്ക് വച്ചിരിക്കുകയാണ്. ആരാണ് ഇവര്‍ക്ക് ചോദ്യങ്ങള്‍ എത്തിച്ചു കൊടുക്കുന്നത്, എവിടെയാണ് ചോര്‍ന്നത്, എവിടെയാണ് പിഴവ് സംഭവിച്ചത്, ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പി.എസ്. ഗോപകുമാര്‍ അവശ്യപ്പെട്ടു.
ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സ്മിത അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി എ. അരുണ്‍കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജിഗി, സുരേഷ്, സംസ്ഥാന സെക്രട്ടറിമാരായ ശ്രീനി, ബിന്ദു, രാജേഷ്, സംസ്ഥാന സമിതിയംഗം പാറംകോട് ബിജു, ഹരീഷ് എ.വി., ഹരീഷ് ആലപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു.