ശബരിമല: ഈ മണ്ഡലകാലത്ത് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ദര്‍ശനത്തിനെത്തിയത് കഴിഞ്ഞ ദിവസം. 96,007 ഭക്തരാണ് ദര്‍ശനം നടത്തിയത്. സ്പോട്ട് ബുക്കിങ്ങിലും വന്‍ വര്‍ധന. 22,121 പേര്‍ സ്പോട്ട് ബുക്കിങ്ങിലൂടെ ദര്‍ശനം നടത്തി. ഇന്നലെയും ഭക്തജനത്തിരക്കില്‍ കാര്യമായ വര്‍ധനയുണ്ട്. ഉച്ചയ്‌ക്ക് 12 വരെ 54099 ഭക്തരാണ് സന്നിധാനത്തേക്ക് എത്തിയത്. പമ്പ വഴി 51818 പേരും പുല്‍മേടുവഴി 2281 പേരുമാണ് ഉച്ചയ്‌ക്കു 12 വരെ എത്തിയത്. ഇതില്‍ സ്പോട്ട് ബുക്കിങ് മാത്രം 11657 പേര്‍.
പരീക്ഷകള്‍ കഴിഞ്ഞതിനാലും സ്‌കൂളുകള്‍ ക്രിസ്മസ് അവധിയിലേക്കു കടന്നതിനാലും മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ചു വരും ദിവസങ്ങളിലെല്ലാം കുട്ടികള്‍ അടക്കമുള്ള കൂടുതല്‍ ഭക്തജനങ്ങളെയാണ് സന്നിധാനത്തു പ്രതീക്ഷിക്കുന്നത്. മണ്ഡലപൂജയ്‌ക്കു മുന്നോടിയായി ഇനിയുള്ള ദിവസങ്ങളില്‍ ഒരുലക്ഷത്തിലേറെ ഭക്തര്‍ എത്തുമെന്നാണ് പ്രതീക്ഷ. സുഖദര്‍ശനം ഉറപ്പാക്കുന്നതിന് മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി സ്പെഷല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ പറഞ്ഞു.
19ന് എത്തിയ 96007 പേരില്‍ 70000 പേര്‍ വര്‍ചല്‍ ക്യൂ വഴിയും 22121 പേര്‍ സ്പോട്ട് ബുക്കിങ് വഴിയുമാണ് ദര്‍ശനം നടത്തിയത്. പുല്‍മേട് വഴി 3016 പേരും എരുമേലി കാനനപാത വഴി 504 പേരും എത്തി.
ഡിസംബര്‍ 13 മുതലാണ് സ്പോട്ട് ബുക്കിങ്ങില്‍ വലിയ വര്‍ധനവുണ്ടായത്. 13 മുതല്‍ എല്ലാദിവസങ്ങളിലും പതിനയ്യായിരത്തിനുമുകളിലാണ് സ്പോട്ട് ബുക്കിങ് വഴിയെത്തിയ ഭക്തരുടെ എണ്ണം. 13ന് 15,428, 14ന് 18,040, 15ന് 17,105, 16ന് 19,110, 17ന് 19,144, 18ന് 18,025, 19ന് 22,121 എന്നിങ്ങനെയാണ് സ്പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി ദര്‍ശനത്തിനെത്തിവരുടെ കണക്ക്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 19 വരെ ആകെ 4,46,130 പേരാണ് സ്പോട്ട് ബുക്കിങ് വഴി ദര്‍ശനത്തിന് എത്തിയത്. മണ്ഡലപൂജ, തങ്കഅങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് വ്വര്‍ചല്‍ ക്യൂ അടക്കമുള്ള കാര്യങ്ങളില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 25നാണ് തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്നത്. 26ന് മണ്ഡല മഹോത്സവത്തിനു സമാപനം കുറിച്ചുകൊണ്ട് നട അടയ്‌ക്കും. ദേവസ്വം വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ നേരിട്ടെത്തി തങ്കഅങ്കി ഘോഷയാത്ര-മണ്ഡലപൂജ ക്രമീകരണങ്ങള്‍ വിലയിരുത്തും.