കോഴിക്കോട്:സഹോദരീ ഭര്‍ത്താവിന്റെ ബൈക്ക് തീവച്ച് നശിപ്പിച്ച് യുവാവ്. വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് അഗ്നിക്കിരയാക്കിയത്.
മുക്കം വട്ടോളിപറമ്പ് സ്വദേശിനി ശ്രീദേവിയുടെ വീട്ടിലാണ് സംഭവം. ശ്രീദേവിയുടെ മകളുടെ ഭര്‍ത്താവിന്റെ ബൈക്കാണ് കത്തിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇവരുടെ മകന്‍ ശ്രീവേഷ് ആണ് അക്രമം നടത്തിയത്. ശ്രീവേഷ് വര്‍ഷങ്ങളായി വീട്ടില്‍ നിന്നും അകന്നു കഴിയുകയാണ്.
കഴിഞ്ഞ രാത്രി 10.30 ഓടെയായിരുന്നു സംഭവം. അമ്മയും സഹോദരിയും ഭര്‍ത്താവും താമസിക്കുന്ന വീട്ടിലെത്തി ശ്രീവേഷ് വഴക്കിട്ടു. ഇയാളുടെ കൈയില്‍ ഇരുമ്പു ദണ്ഡ് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. അതിനാല്‍ വീട്ടിലുളളവര്‍ പുറത്തിറങ്ങിയില്ല. തുടര്‍ന്നാണ് ബൈക്ക് കത്തിച്ചത്.
ഇത് കണ്ട് പുറത്തിറങ്ങി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രീവേഷ് ടാങ്കില്‍ നിന്നും വെള്ളം വരുന്ന വാള്‍വ് പൂട്ടിയതിനാല്‍ വെള്ളം എടുക്കാന്‍ കഴിഞ്ഞില്ല. വീട്ടുകാര്‍ അറിയിച്ച പ്രകാരം മുക്കം അഗ്‌നിരക്ഷാസേന എത്തിയപ്പോഴേക്കും ബൈക്കും വീടിന്റെ വയറിങ്ങും പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീടിന്റെ മേല്‍ക്കൂരയ്‌ക്കും കേടുപാടുണ്ടായി.
ശ്രീവേഷ് ബൈക്കിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ തന്നെ മുക്കം പൊലീസില്‍ വിവരം അറിയിച്ചെങ്കിലും കൃത്യസമയത്ത് പൊലീസ് എത്തിയില്ലെന്ന് കുടുംബം കുറ്റപ്പെടുത്തി.