മലപ്പുറം: നിലമ്പൂർ ചന്തക്കുന്നിലെ ഹോട്ടലിൽ ബിരിയാണി കഴിക്കുന്നതിനിടെ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടി. നിലമ്പൂർ നഗരസഭ ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തിയതിനെ തുടർന്നാണ് ഹോട്ടൽ അടച്ചു പൂട്ടിയത്. നിലമ്പൂർ ചന്തക്കുന്നിലെ സിറ്റി പാലസ് ഹോട്ടലിന് നേരെയാണ് നടപടി.
പാകം ചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലി ഉള്ളതായി നേരിൽകണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫുഡ് സേഫ്റ്റി ഓഫീസർ ഹോട്ടൽ അടച്ചു പൂട്ടിയത്. ഹോട്ടലിന്റെ അടുക്കളയും പരിസരവും വൃത്തിഹീനമായ നിലയിലാണെന്ന് നഗരസഭ ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധനയിൽ കണ്ടെത്തി.
നഗരസഭ സിസിഎം രാജീവിന്റെ നേതൃത്വത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഫസ്റ്റ് അനിൽകുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് വൺ വിനോദ് കെ,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രതീഷ്. സി ഡ്രൈവർ വിജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.