കൊച്ചി: റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം( ആര്‍ആര്‍ടിഎസ്) കേരളത്തില്‍ പ്രായോഗികമാണെന്ന് കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഭൂപ്രകൃതി ആര്‍ആര്‍ടിഎസ് പദ്ധതിക്ക് അനുയോജ്യമാണെന്നാണ് വിലയിരുത്തല്‍. കേന്ദ്ര നഗരവികസന മന്ത്രാലയം സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
ഇത് വാട്ടര്‍ മെട്രോയല്ല, ജലവിമാനമാണെന്നും വിമാനത്തിനുള്ളിലെ എല്ലാ സൗകര്യങ്ങളും ഇതില്‍ ഉള്ളതായും അദ്ദേഹം പറഞ്ഞു.
വാട്ടര്‍ മെട്രോയുടെ തുടക്കം മുതല്‍ ധാരാളം ആളുകള്‍ ഇത് പ്രയോജനപ്പെടുത്തുന്നതായി പ്രതിദിനം 5,600 യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ടെന്നും ഭാവിയില്‍ ഈ എണ്ണം വര്‍ധിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നഗരവല്‍ക്കരണം അതിവേഗത്തിലാണ് നടക്കുന്നത്, നഗര ഗതാഗതത്തില്‍ മെട്രോ പ്രധാന പങ്ക് വഹിക്കുന്നു. ഭാവിയില്‍ വാട്ടര്‍ മെട്രോ കൂടുതല്‍ വിപുലീകരിക്കും. കടല്‍ത്തീരത്തിനടുത്തുള്ള പ്രദേശങ്ങളില്‍ വാട്ടര്‍ മെട്രോയുടെ സാധ്യത പരിശോധിച്ച് മുന്നോട്ടുപോകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് അദ്ദേഹം കൊച്ചി വാട്ടര്‍ മെട്രോയുടെ ഹൈക്കോര്‍ട്ട് ജങ്ഷനിലെ സ്റ്റേഷനിലെത്തിയത്. ഡ്രൈവര്‍ കാബിനിലടക്കം എത്തി അദ്ദേഹം ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച നടത്തി പ്രവര്‍ത്തനം ചോദിച്ചറിഞ്ഞു. വൈപ്പിന്‍ വഴി ഫോര്‍ട്ടുകൊച്ചിയിലേക്ക് വാട്ടര്‍മെട്രോയില്‍ യാത്ര നടത്തി തിരികെ ഹൈക്കോര്‍ട്ട് ജങ്ഷനിലെത്തിയ ശേഷമാണ് മടങ്ങിയത്.
കൊച്ചി മെട്രോ റയില്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ, കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍, വാട്ടര്‍ മെട്രോ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശനത്തിന് അദ്ദേഹത്തിനൊപ്പം എത്തിയിരുന്നു. രണ്ട് ദിവസത്തെ കേരള- ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ഭാഗമായി മന്ത്രി നേരത്തെ തിരുവനന്തപുരവും ലക്ഷദ്വീപും സന്ദര്‍ശിച്ചിരുന്നു.