മലയാളത്തിന്റെ മഹാഗുരു എന്ന് എഴുത്തുവഴികളില്‍ പിന്നാലെ സഞ്ചരിച്ചവര്‍ ആദരപൂര്‍വം അടയാളപ്പെടുത്തിയ പ്രതിഭാശാലിയാണ് എം.ടി.വാസുദേവന്‍ നായര്‍. എനിക്ക് എംടി രണ്ടക്ഷരമല്ല. ആ മഹാപ്രതിഭയെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മൂന്ന് അക്ഷരങ്ങളാണ് മനസില്‍ ഉണരുന്നത്; ഗുരുത്വം.
വായനയുടെ വഴികളില്‍ സാവധാനം സഞ്ചരിച്ചു തുടങ്ങിയ ബാല്യത്തില്‍ എന്നെ അക്ഷരലോകത്തോട് ചേര്‍ത്തുനിര്‍ത്തിയത് എംടി എന്ന കഥാകാരനാണ്. ഹൃദയത്തെ ആര്‍ദ്രമാക്കുന്ന ജീവന്റെ തുടിപ്പുകള്‍ നിറഞ്ഞ കഥകള്‍. അവിടെ നിന്ന് നോവലുകളുടെ മഹാകാശം. നാലുകെട്ടില്‍ തുടങ്ങി കാലം, മഞ്ഞ്, അസുരവിത്ത്, രണ്ടാമൂഴം, വാരാണസി തുടങ്ങിയ നോവലുകള്‍ തുറന്നിട്ട സംസ്‌കാര വഴികളിലൂടെ എത്രവട്ടം സഞ്ചരിച്ചിട്ടുണ്ട്.
സമാനതകളില്ലാത്ത സര്‍ഗാത്മകത
എംടി മലയാള ഗദ്യശൈലിയെ സുതാര്യവും സുന്ദരവുമാക്കി. ഹൃദയത്തെ തൊട്ടെടുക്കുന്ന ലയഭംഗിയോടെ എഴുതിയ നോവലുകള്‍. മലയാള ഗദ്യസാഹിത്യത്തിന് എംടി നല്‍കിയ കാവ്യാത്മകമായ ലയഭംഗികള്‍ അതീവസുന്ദരമാണ്. ഒരു കാട്ടാറിന്റെ ഒഴുക്കുപോലെ അത് ചേര്‍ന്ന് നദിയായി ഒഴുകി ഭാരതപ്പുഴയായി മാറി മഹാ സാഗരത്തിലേക്ക് ഒഴുകിയെത്തുംപോലെ. എംടി സൃഷ്ടിച്ച വാഗ്മയലോകം മനുഷ്യജീവിതത്തിന്റെ ഹൃദയത്തുടിപ്പുകള്‍ തൊട്ട് മഹാഭാരതത്തിന്റെ ഉത്തുംഗമായ ഭാവശൃംഗങ്ങള്‍വരെ എംടി അനായാസമായി സഞ്ചരിച്ചു. ഒരു പാഠപുസ്തകം എന്ന് കണക്കാക്കാവുന്ന കാലവും ഭാവലോകവുമാണ് എംടിയുടേത്. സമാനതകളില്ലാത്ത സര്‍ഗാത്മക വ്യക്തിത്വം.
എംടിയെപ്പോലെ വലിയ എഴുത്തുകാര്‍ ഭാഷയെ ഇനിയും അനുഗ്രഹിച്ചേക്കാം. പക്ഷേ വ്യക്തിപരമായി ഇണങ്ങുകയും സ്‌നേഹം പകര്‍ന്നുതരികയും മനമിടറുമ്പോഴൊക്കെ കൈയില്‍ മുറുകെപ്പിടിക്കാന്‍ അവസരം നല്‍കുകയും ചെയ്ത മറ്റൊരെഴുത്തുകാരന്‍ എന്റെ ജീവിതത്തില്‍ ഇനിയുണ്ടാകുമോയെന്ന് സംശയമാണ്. അദ്ദേഹം പത്രാധിപരായിരിക്കെ മാതൃഭൂമി എന്റെ ചില കഥകള്‍ പ്രസിദ്ധപ്പെടുത്തി എന്നുമാത്രമല്ല, അവയെക്കുറിച്ച് സംസാരിക്കാനും ഉത്തേജിപ്പിക്കാനും ശ്രദ്ധിച്ചിരുന്നു. ‘ഒലിവുമരങ്ങളുടെ നാട്ടില്‍’ എന്ന യാത്രാവിവരണം എഴുതിയ ഘട്ടത്തില്‍ കോഴിക്കോട് പോയി ആദ്യപ്രതി അദ്ദേഹത്തിന് സമ്മാനിച്ചു. പെട്ടെന്നുതന്നെ അതിന്റെ പ്രകാശനം തിരുവനന്തപുരത്ത് വച്ച് നടത്തണമെന്നും അതിന് താനെത്തിക്കൊള്ളാമെന്നും വാക്കുതന്നു. ആ പുസ്തകപ്രകാശനത്തിന് എത്തിച്ചേര്‍ന്നു എന്ന് മാത്രമല്ല താനും മഹായാത്രികനായ എസ്.കെ.പൊറ്റെക്കാട്ടും സഞ്ചരിക്കാത്ത ഭൂമിയിലൂടെ ഈ എഴുത്തുകാരന്‍ നടത്തിയതിന്റെ അപൂര്‍വ യാത്രാനുഭവങ്ങള്‍ പുസ്തകത്തില്‍ നിന്ന് എടുത്തുപറഞ്ഞ് അഭിമാനം വളര്‍ത്തി.
അപൂര്‍വ പ്രതിഭാചൈതന്യം
ജ്ഞാനപീഠ പുരസ്‌കാരം എംടിക്ക് സമര്‍പ്പിച്ച സമയത്ത് തിരുവനന്തപുരത്ത് വന്നെത്തി സംസ്ഥാന സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സന്നിഹിതനായി എന്റെ സഹപ്രവര്‍ത്തകരോടൊപ്പം സംവദിക്കാന്‍ അദ്ദേഹം സന്നദ്ധനായി. എന്റെ വീട്ടില്‍ -സുദര്‍ശനയില്‍ അതിഥിയായി വന്നെത്തി അനുഗ്രഹിക്കാനും സന്മനസ് കാണിച്ചു. രാജ്യം നല്‍കുന്ന മഹാപുരസ്‌കാരങ്ങള്‍കൊണ്ട് ധന്യമാണ് എംടിയുടെ സര്‍ഗാത്മക ജീവിതം. എന്നിട്ടും തന്റെ പിന്നാലെ വരുന്ന എഴുത്തുകാര്‍ക്ക് ലഭിക്കുന്ന ചെറിയ അംഗീകാരങ്ങള്‍പോലും ശ്രദ്ധിക്കാനും അഭിനന്ദിക്കാനും അദ്ദേഹം മറന്നിട്ടില്ല എന്നത് വ്യക്തിപരമായ അനുഭവം.
മലയാളി മനസിനെ സര്‍വതലങ്ങളിലും സമ്പന്നമാക്കിയ ധന്യത പകര്‍ന്ന വലിയ സംസ്‌കാരചൈതന്യമാണ് എംടി. യുഗസംഗമത്തില്‍ പ്രത്യക്ഷപ്പെടുന്ന നക്ഷത്രലോകത്തെ അപൂര്‍വ പ്രതിഭാചൈതന്യമായിരുന്നു അദ്ദേഹം. മഹാനായ ആ കലാകാരന്റെ നിത്യസ്മരണക്കു മുന്നില്‍ സാദര പ്രണാമം.