ന്യൂദല്‍ഹി: റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട മലയാളി മരിച്ചു. തൃശൂര്‍ സ്വദേശി ബിനില്‍ ആണ് മരിച്ചത്. യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം. ഇന്ത്യന്‍ എംബസി മരണവിവരം ബിനിലിന്റെ കുടുംബത്തെ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ബിനിലിന് ഗുരുതരമായി പരിക്കേറ്റതായി കൂടെയുണ്ടായിരുന്ന ജെയിൻ ബന്ധുക്കളെ അറിയിച്ചിരുന്നു.
നേരത്തെ ബിനിലിന് വെടിയേറ്റതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ബിനിലിന്റെ മരണം സ്ഥിരീകരിച്ചത്. മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിൽ ബാബുവിന്റെ മരണം.
ആഴ്ചകള്‍ക്ക് മുന്‍പാണ് ബിനിലിനെയും ജെയ്‌നിനെയും റഷ്യ മുന്‍നിര പോരാളിയായി നിയമിച്ചത്. ഇതില്‍ കുടുംബം ആശങ്കയറിയിക്കുകയും ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു.
കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലിന്റെയും ജെയിന്റെയും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. പിന്നീടാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസ്സിലായത്. അവിടുത്തെ മലയാളി ഏജന്‍റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്.