മനാമ: ഇന്ത്യാ രാജ്യം 76ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ജനാധിപത്യ വഴിയിലൂടെ രാജ്യത്ത് പുരോഗതിയും വികസനവും സാധ്യമാക്കാൻ കഴിയട്ടെയെന്ന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ആശംസിച്ചു. ജനാധിപത്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത്. ജനപ്രതിനിധികൾ രാജ്യത്തോടും ജനങ്ങളോടും കൂറുള്ളവരായിരിക്കുകയും ഇന്ത്യക്കാരെ ഒറ്റ സമൂഹമായി കാണുകയും
അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഐക്യത്തോടെ പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. രാജ്യത്തിൻ്റെ വികസനത്തിനും അഖണ്ഡതക്കും പുരോഗതിക്കുമായി ഭരണാധികാരികൾ ശ്രമിക്കേണ്ടതുണ്ടെന്നും അത്തരത്തിൽ ജനാധിപത്യബോധവും പൗരബോധവും വളരേണ്ടതുണ്ടെന്നും ഫ്രണ്ട്സ് അസോസിയേഷൻ പുറത്തിറക്കിയ റിപ്പബ്ലിക് ദിന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ജനാധിപത്യ ഇന്ത്യക്ക് കൂടുതൽ മതേതര പാതയിലൂടെ മുന്നോട്ട് നീങ്ങാൻ സാധിക്കട്ടെയെന്നും ആശംസിച്ചു.