2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കാന്‍ പോകുകയാണ്. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും. നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തില്‍ വന്നതിന് ശേഷമുള്ള രണ്ടാം ബജറ്റ് പ്രഖ്യാപനമാണിത്.ഓരോ ബജറ്റ് പ്രഖ്യാപനത്തിന് മുമ്പും കേരളം പ്രധാനമായും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്ന് എയിംസായിരിക്കും. ഇത്തവണ ഉറപ്പെന്ന പ്രതീക്ഷയില്‍ ബജറ്റ് പ്രഖ്യാപനം കേള്‍ക്കും. എന്നാല്‍ എല്ലാ തവണയും നിരാശയായിരുന്നു ഫലം. ഇത്തവണ അതിനൊരു മാറ്റമുണ്ടാകുമോ? ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ കേരളത്തിന് എംയിസ് അനുവദിക്കുമോ? ചോദ്യങ്ങള്‍ ഒരുപാടാണ്. അതുപോലെ പ്രതീക്ഷകളും അനവധി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കിയത് ഏതാനും മാസം മുമ്പാണ്. സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് പുതിയ എയിംസുകള്‍ അനുവദിക്കുമെന്നായിരുന്നു രാജ്യസഭയില്‍ മന്ത്രി വ്യക്തമാക്കിയത്. കേരളത്തിന്റെ എയിംസ് സ്വപ്‌നങ്ങള്‍ക്ക് ശക്തി പകരുന്നതാണ് മന്ത്രിയുടെ ഈ വാക്കുകള്‍.
എയിംസിനായി കോഴിക്കോട് കിനാലൂരില്‍ 250 ഏക്കര്‍ ഭൂമിയാണ് സജ്ജമാക്കുന്നത്. ഇതു കൂടാതെ, തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥലങ്ങളും എയിംസിനായി സംസ്ഥാനം നേരത്തെ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ എയിംസ് അനുവദിച്ചാല്‍ കിനാലൂരില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പദ്ധതികളാണ് മുന്നോട്ടുപോകുന്നത്. എന്തായാലും, ഇത്തവണ ബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിന്റെ എയിംസ് മോഹങ്ങള്‍ പൂവണിയുമോയെന്ന് കണ്ടറിയാം.
പ്രധാന ശ്രദ്ധ റെയിൽവേ വികസനത്തിൽ
റെയിൽവേ വികസനത്തിലാണ് പ്രധാന ശ്രദ്ധ. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച പദ്ധതികൾക്ക് ബജറ്റിൽ അംഗീകാരം ലഭിക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നു. നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയും വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള റെയിൽ പാതയും അടക്കമുള്ള പദ്ധതികളാണ് സംസ്ഥാനസർക്കാർ കേന്ദ്ര സർക്കാരിന് മുൻപാകെ സമർപ്പിച്ചിട്ടുള്ളത്. മുൻപ് ബജറ്റുകളിലൊന്നും കേരളത്തിന് അർഹമായ പരിഗണന നൽകിയിരുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു.
കേന്ദ്ര ബജറ്റ് തയ്യാറാക്കലിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ പങ്കെടുത്തിരുന്നു. യോഗത്തിൽ വച്ച് ബജറ്റിൽ കേരളത്തിൻ്റെ പ്രതീക്ഷകളും റെയിൽവേ വികസനത്തിലടക്കം സംസ്ഥാനത്തിൻ്റെ ആവശ്യങ്ങളും മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളിൽ ചിലതെങ്കിലും കേന്ദ്ര ബജറ്റിൽ പരിഗണിച്ചേക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നു. തലശ്ശേരി-മൈസുരു റെയില്‍പാത, നിലമ്പൂർ – നഞ്ചൻകോട് റെയില്പാത, റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതികള്‍, നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി തുടങ്ങി വിവിധ പദ്ധതികൾക്ക് ബജറ്റിൽ അർഹമായ പരിഗണന നൽകണമെന്ന് സംസ്ഥാനം യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള റെയിൽ പാത അടക്കം വിവിധ പദ്ധതികളുണ്ടായെങ്കിലേ സംസ്ഥാനത്ത് തുറമുഖത്തിൻ്റെ പൂർണപ്രയോജനം ലഭിക്കൂ. ഇതിനായി സർക്കാർ മേഖലയിൽ തന്നെ വലിയ നിക്ഷേപമാണെന്നും കേരളം യോഗത്തിൽ അറിയിച്ചു.