ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുന്നതാണ് മിക്ക എക്‌സിറ്റ് പോളുകളും. ഇഞ്ചോടിഞ്ച് മല്‍സരം പ്രവചിക്കുന്ന ഫലങ്ങളുമുണ്ട്. നേരത്തെ രണ്ട് തിരഞ്ഞെടുപ്പില്‍ എഎപി നേടിയ മൃഗീയ ഭൂരിപക്ഷം ഇത്തവണ കിട്ടില്ലെന്നാണ് ഇവ വ്യക്തമാക്കുന്നത്
എഎപി മൂന്നാമൂഴം തേടിയാണ് ഇത്തവണ കളത്തിലിങ്ങിയത്. 27 വര്‍ഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമായിരുന്നു ബിജെപിക്ക്. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ശേഷം 2015ലും 2020ലും പൂജ്യത്തില്‍ വീണ കോണ്‍ഗ്രസ് ഇത്തവണ സ്‌കോര്‍ ബോര്‍ഡ് ഇളക്കുമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണമായി വിശ്വസിക്കാമോ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്തായിരുന്നു എന്ന് അറിയാം…
15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞാണ് 2015ല്‍ എഎപി ഡല്‍ഹി പിടിച്ചത്. മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും അന്ന് എഎപിക്ക് അനുകൂലമായിരുന്നു. എന്നാല്‍ ബിജെപിക്ക് തരക്കേടില്ലാത്ത സീറ്റുകള്‍ കിട്ടുമെന്നും പ്രവചിച്ചു. ന്യൂസ് നാഷന്‍ 23-27 സീറ്റ് ബിജെപിക്ക് പ്രവചിച്ചിരുന്നു. ആക്‌സിസ് പ്രവചനം ബിജെപിക്ക് 17 സീറ്റായിരുന്നു.
ഇന്ത്യ ടിവി- സി വോട്ടര്‍ സര്‍വ്വെ പ്രകാരം ബിജെപിക്ക് 25-33 സീറ്റുകള്‍ കിട്ടേണ്ടതായിരുന്നു. 19-27 സീറ്റുകളാണ് ബിജെപിക്ക് ഇന്ത്യ ടുഡെ പ്രവചിച്ചിരുന്നത്. ടുഡെയ്‌സ് ചാണക്യ ബിജെപിക്ക് 22 സീറ്റ് പ്രവചിച്ചു. എബിപിയുടെ എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപിക്ക് 26 സീറ്റ് കിട്ടേണ്ടതായിരുന്നു. എന്നാല്‍ യഥാര്‍ഥ ഫലം വന്നപ്പോള്‍ 70ല്‍ 67 സീറ്റ് എഎപി നേടി. ബിജെപി മൂന്ന് സീറ്റില്‍ ഒതുങ്ങി.
2020ല്‍ സംഭവിച്ചത് എന്താണെന്ന് അറിയാമോ? ബിജെപിക്ക് 3-17 സീറ്റുകളാണ് എബിപി പ്രവചിച്ചത്. ജന്‍കി ബാത്ത് പ്രവചിച്ചത് ബിജെപിക്ക് 15 സീറ്റുകള്‍ ആയിരുന്നു. ന്യൂസ്എക്‌സ്-നേതാ പ്രവചിച്ചത് ബിജെപിക്ക് 14 സീറ്റായിരുന്നു. ഇന്ത്യടുഡെ-ആക്‌സിസ് മൈ ഇന്ത്യ പറഞ്ഞത് ബിജെപിക്ക് 2-11 സീറ്റുകളായിരുന്നു. ടൈംസ് നൗ ബിജെപിക്ക് 23 സീറ്റ് കിട്ടുമെന്നും പ്രവചിച്ചു.
ചില പ്രവചനങ്ങളുമായി കിടപിടിക്കുന്ന രീതിയിലായിരുന്നു 2020ലെ യഥാര്‍ഥ ഫലം. എഎപിക്ക് 62 സീറ്റുകള്‍ ലഭിച്ചു. ബാക്കി എട്ട് സീറ്റുകള്‍ ബിജെപിയും നേടി. എഎപിയുടെ ഭരണം ഉറപ്പിച്ചായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളും. ഇത് യഥാര്‍ഥ ഫലവും ശരിവച്ചു. എന്നാല്‍ രണ്ട് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ കാണാനേ ഉണ്ടായിരുന്നില്ല.
ഇത്തവണ മുസ്ലിം, ദളിത് വോട്ടുകള്‍ നോട്ടമിട്ടാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. മുഴുവന്‍ സീറ്റുകളിലും മല്‍സരിച്ചെങ്കിലും 20 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസിന്റെ ശ്രദ്ധ. മുസ്ലിം, ദളിത് വോട്ടുകള്‍ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും എഎപിക്കാണ് ലഭിച്ചത്. ഇത്തവണ എഎപിക്കും കോണ്‍ഗ്രസിനുമിടയില്‍ ഈ വോട്ടുകള്‍ ഭിന്നിച്ചാല്‍ ബിജെപിക്ക് വഴി എളുപ്പമാകാനാണ് സാധ്യത.