കൊല്ലം: കൊല്ലം ഉളിയകോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫാത്തിമ മാതാ കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് (20) ആണ് കൊല്ലപ്പെട്ടത്. നീണ്ടകര സ്വദേശി ആണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച ഫെബിൻ്റെ പിതാവ് ജോർജ് ഗോമസിനെയും പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിന് ശേഷം കാറിൽ മടങ്ങിയ പ്രതി കടപ്പാക്കടയ്ക്ക് സമീപം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി.
തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. പർദയ്ക്ക് സമാനമായ വസ്ത്രം ധരിച്ച് ഫെബിൻ്റെ വീട്ടിൽ എത്തിയ യുവാവ് വാതിലിൽ മുട്ടിവിളിക്കുകയായിരുന്നു. പിതാവ് ജോർജ് ഗോമസ് വാതിൽ തുറന്നതോടെ ഉടൻ ഇദ്ദേഹത്തെ ആക്രമിച്ചു. ശബ്ദം കേട്ട് ഫെബിൻ എത്തിയതോടെ ഫെബിനെയും അക്രമി കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ ഫെബിൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ ചേർന്ന് ഫെബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അക്രമത്തിന് ശേഷം കാറിൽ മടങ്ങിയ പ്രതി കടപ്പാക്കടയിൽ വാഹനം ഉപേക്ഷിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നുവെന്നാണ് വിവരം. പ്രതി എത്തിയതെന്ന് സംശയിക്കുന്ന വെള്ള വാഗണർ കാർ റെയിൽപാളത്തിന് സമീപം നിർത്തിയിട്ടിട്ടുണ്ട്. കാറിൻ്റെ മുൻഭാഗത്ത് ഉൾപ്പെടെ രക്തം പുരണ്ടിട്ടുണ്ട്.
കുത്തേറ്റ ജോർജ് ഗോമസിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഇദ്ദേഹത്തിൻ്റെ പരിക്ക് ഗുരുതരമല്ല. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം ഫെബിൻ്റെ വീട്ടിൽ പരിശോധന നടത്തി. നിലവിളി കേട്ട് ഗേറ്റ് തുറന്നുനോക്കിയപ്പോൾ മതിലിന് സമീപം രക്തത്തിൽ കുളിച്ച നിലയിൽ ഫെബിനെ കണ്ടെത്തുകയായിരുന്നുവെന്ന് അയൽവാസി പറഞ്ഞു. പോലീസിനെ വിവരം അറിയിച്ച ശേഷം ഫെബിനെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് വിട്ടുവെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടുന്നതാണ് ഫെബിൻ്റെ കുടുംബം.