മോഹന്‍ലാല്‍ സിനിമകള്‍ക്ക് സമീപകാലത്ത് തിയറ്ററുകളില്‍ തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരിക്കുന്ന പ്രേക്ഷക പിന്തുണ ശ്രദ്ധേയമാണ്. എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെയെത്തിയ മോഹന്‍ലാലിന്‍റെ ഒരു റീ റിലീസും തിയറ്ററുകളില്‍ വലിയ ആഘോഷം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രമാണ് തിയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരെ എത്തിക്കുന്നത്. വെറുതെ എത്തിക്കുക മാത്രമല്ല, ആഘോഷാന്തരീക്ഷം സൃഷ്ടിച്ച് കാണികളെ നൃത്തം ചെയ്യിക്കുകയാണ് അക്ഷരാര്‍ഥത്തില്‍ ചിത്രം. ഇതിന്‍റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ എമ്പാടും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.
ആറാം തീയതി വെള്ളിയാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റീ റിലീസ്. ഏറെക്കുറെ ലിമിറ്റഡ് റീ റിലീസ് ആയി പ്രദര്‍ശനം ആരംഭിച്ച ഛോട്ടാ മുംബൈ അടുത്ത ദിവസങ്ങളില്‍ തിയറ്റര്‍ കൗണ്ടും ഷോ കൗണ്ടും വര്‍ധിപ്പിച്ചിരുന്നു. പ്രേക്ഷകരുടെ പ്രതികരണം കണ്ടാണ് കൂടുതല്‍ തിയറ്റര്‍ ഉടമകള്‍ ചിത്രം ചാര്‍ട്ട് ചെയ്തത്. റീ റിലീസിന്‍റെ നാലാം ദിനമായ ഇന്നലെ ചിത്രം ബോക്സ് ഓഫീസില്‍ ഒരു അപൂര്‍വ്വ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
കേരള ബോക്സ് ഓഫീസില്‍ തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ കളക്റ്റ് ചെയ്ത ചിത്രം ഛോട്ടാ മുംബൈ ആണ്. പുതിയ റിലീസ് ചിത്രങ്ങളെപ്പോലും മറികടന്നാണ് ഈ നേട്ടമെന്ന് ഓര്‍ക്കണം. സിനിമകള്‍ക്ക് കളക്ഷനില്‍ ഏറ്റവും ഇടിവ് നേരിടുന്ന തിങ്കളാഴ്ചയാണ് ഇതെന്നത് മറ്റൊരു പ്രധാന കാര്യം. ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി, ടൊവിനോ തോമസിന്‍റെ നരിവേട്ട, ദിലീപിന്‍റെ പ്രിന്‍സ് ആന്‍ഡ് ഫാമിലി, കമല്‍ ഹാസന്‍റെ തമിഴ് ചിത്രം തഗ് ലൈഫ് എന്നിവയേക്കാളൊക്കെ കളക്ഷന്‍ കേരളത്തില്‍ നിന്ന് ഛോട്ടാ മുംബൈ തിങ്കളാഴ്ച നേടി.
The post മണ്‍ഡേ ടെസ്റ്റില്‍ സര്‍പ്രൈസ്! ‘ഛോട്ടാ മുംബൈ’ നമ്പര്‍ 1 appeared first on Malayalam Express.