വിയന്ന: ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ വിദ്യാർഥികളുൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിലെ ഒരു അപ്പർ സെക്കൻഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഏഴുപേർ വിദ്യാർഥികളാണെന്നാണ് റിപ്പോർട്ട്. വെടിവെപ്പിൽ ഒട്ടേറെപേർക്ക് പരുക്കേറ്റു. മരിച്ചവരിൽ അക്രമിയും ഉൾപ്പെടുന്നതായും ഓസ്ട്രിയൻ വാർത്താ ഏജൻസിയായ എപിഎ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സ്‌കൂളിൽനിന്ന് തുടർച്ചയായ വെടിയൊച്ചകൾ കേട്ടതായാണ് വിവരം. ഇതിനുപിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തി കുട്ടികളെയും അധ്യാപകരെയും സമീപത്തുള്ളവരെയും 11.30തോടുകൂടി സ്‌കൂളിൽനിന്ന് സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. […]