
വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മിലും അത്തരമൊരു ഡീല്‍ ഉണ്ടാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉടന്‍ സമാധാനം പുലരുമെന്നും നിരവധി ഫോണ്‍ വിളികളും കൂടിക്കാഴ്ചകളും നടക്കുന്നതായും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്തില്‍ കുറിച്ചു. ഇരുരാജ്യങ്ങളുടെയും ആക്രമണ പ്രത്യാക്രമണങ്ങള്‍ കൊണ്ട് പശ്ചിമേഷ്യ പുകയുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.
ഇറാനും ഇസ്രയേലും ഒരു ഡീല്‍ ഉണ്ടാക്കേണ്ടതുണ്ട്. ഞാന്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമായി ഉണ്ടാക്കിയതുപോലെ അത് ഉണ്ടാകും. അന്ന് യുഎസ്സുമായുള്ള വ്യാപാരമായിരുന്നു അതിന് കാരണം.- ഡൊണാള്‍ഡ് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്തില്‍ കുറിച്ചു.
എന്റെ ആദ്യ ഭരണകാലത്ത്, സെര്‍ബിയയും കൊസോവോയും പതിറ്റാണ്ടുകളായി തുടരുന്നതുപോലെ തീവ്രമായ സംഘര്‍ഷത്തിലായിരുന്നു, ഈ നീണ്ടുനിന്ന പോരാട്ടം യുദ്ധത്തിലേക്ക് പൊട്ടിപ്പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്നു. ഞാന്‍ അത് തടഞ്ഞു. ബൈഡന്‍ മണ്ടന്‍ തീരുമാനങ്ങളാല്‍ അത് ഇല്ലാതാക്കിയെന്നും എന്നാല്‍ അത് വീണ്ടും ശരിയാക്കുമെന്നും ട്രംപ് കുറിച്ചു.
മറ്റൊരു ഉദാഹരണം ഈജിപ്തും എത്യോപ്യയുമാണ്. മഹത്തായ നൈല്‍ നദിയില്‍ സ്വാധീനം ചെലുത്തുന്ന ഒരു വലിയ അണക്കെട്ടിനെച്ചൊല്ലിയുള്ള അവരുടെ പോരാട്ടം. എന്റെ ഇടപെടല്‍ കാരണം, ഇപ്പോള്‍ അവിടെ സമാധാനമുണ്ട്. അത് അങ്ങനെ തന്നെ നിലനില്‍ക്കും. അതുപോലെ, ഇറാനും ഇസ്രയേലിനും ഇടയില്‍ ഉടന്‍ സമാധാനമുണ്ടാകും. നിരവധി ഫോണ്‍ വിളികളും കൂടിക്കാഴ്ചകളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഞാന്‍ ധാരാളം കാര്യങ്ങള്‍ ചെയ്യുന്നു, ഒന്നിനും എനിക്ക് അംഗീകാരം ലഭിക്കാറില്ല, പക്ഷേ സാരമില്ല, ജനങ്ങള്‍ക്ക് മനസ്സിലാകും. പശ്ചിമേഷ്യയെ വീണ്ടും മഹത്തരമാക്കണം – ട്രംപ് കുറിച്ചു.
The post ‘ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മില്‍ ഡീല്‍ ഉണ്ടാക്കും’; ട്രംപ് appeared first on Express Kerala.









