വടക്കേ അമേരിക്കയിലെ ദെനാലി പർവതത്തിൽ കഴിഞ്ഞദിവസം കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ക് ഹസൻ ഖാൻ മലയിറങ്ങി. ഷെയ്ക് ഹസൻ ഖാനെയും ഒപ്പമുള്ള തമിഴ്നാട് സ്വദേശിയെയും പ്രത്യേക ദൗത്യ സംഘം ബേസ് ക്യാമ്പിലെത്തിച്ചെന്ന് അലാസ്ക ഗവർണറുടെ ഓഫിസ് അറിയിച്ചു.
പന്തളം പുഴിയ്ക്കാട് കൂട്ടം വെട്ടിയിൽ ഷെയ്ഖ് ഹസൻ ഖാനാണ് കൊടുങ്കാറ്റു മൂലം കഴിഞ്ഞദിവസം നോർത്ത് അമേരിക്കയിലെ പർവതത്തിൽ കുടുങ്ങിയത്. സമുദ്ര നിരപ്പിൽ നിന്ന് 17,000 അടി ഉയരത്തിലുള്ള ക്യാമ്പിൽ ഇയാൾ കുടുങ്ങുകയായിരുന്നു. ശക്തമായ കാറ്റ് വീശുകയാണെന്നും കൈവശമുള്ള വെള്ളവും ഭക്ഷണവും തീരാറായെന്നും ഷെയ്ഖ് ഹസൻ ഖാൻ കഴിഞ്ഞദിവസം സന്ദേശത്തിൽ പറഞ്ഞിരുന്നു.
ദനാലി ബേസ് ക്യാമ്പിലേക്ക് പ്രത്യേക ദൗത്യ സംഘം ഇയാളെയും സുഹൃത്തിനെയും എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ അമേരിക്കയിൽ നിന്നും വീട്ടിൽ വിളിച്ച് മാതാവ് കെ. ഷാഹിതയോട് ഇദ്ദേഹം സംസാരിച്ചു. ഭക്ഷണവും വെള്ളവും ഇല്ലാത്ത ക്യാംപിൽ രക്ഷാദൗത്യം ദുഷ്കരമായിരുന്നു. എവറസ്റ്റ് കൊടുമുടിയടക്കം കീഴടക്കി വാർത്തകളിൽ ഇടം പിടിച്ച ഷെയ്ക് ഹസൻ ഖാൻ ധനകാര്യ വകുപ്പിൽ സെക്ഷൻ ഓഫിസറാണ്.
മകൻ സുരക്ഷിതനാണ് എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അമ്മ ഷാഹിദ പറഞ്ഞു. ഓപറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസൻ ഖാൻ കൊടുങ്കാറ്റിൽപ്പെട്ടത്. എവറസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരംകൂടിയ പര്‍വതങ്ങള്‍ കയറി അനുഭവസമ്പത്തുള്ള ആളാണ് ഷേക്ക് ഹസന്‍. മലയാളി പര്‍വതാരോഹകനെ രക്ഷപ്പെടുത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കൂടാതെ ഇദ്ദേഹത്തെ സുരക്ഷിതമായി ക്യാമ്പിലെത്തിക്കുന്നതിന് ധനമന്ത്രി കെ.എന്‍. ബാലഗോപാലും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഇടപെട്ടിരുന്നു.