ടെഹ്റാന്‍: ഇസ്രയേൽ-ഇറാൻ സംഘർഷത്തിനിടെ വടക്കൻ ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭപ്പെട്ടത്. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റര്‍ അകലെ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് അമേരിക്കൻ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് ഇറാന്‍ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായാണോ ഈ പ്രകമ്പനമെന്ന ഊഹാപോഹങ്ങൾ നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുള്ളതെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാന്റെ സൈന്യം നടത്തുന്ന സംനാന്‍ മിസൈല്‍ കോംപ്ലക്‌സും സംനാന്‍ ബഹിരാകാശ കേന്ദ്രവും സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണമെന്നതിനാല്‍ ആ തരത്തിലുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന നിരീക്ഷണമുണ്ട്. ലോകത്ത് കൂടുതല്‍ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നത്. രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 2,100 ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്നു. ഇതില്‍ ഏകദേശം 15 മുതല്‍ 16 വരെ ഭൂകമ്പങ്ങള്‍ 5.0-ലോ അതില്‍ കൂടുതലോ തീവ്രതയില്‍ അനുഭവപ്പെടുന്നതാണ്.
Also Read: വിദേശവ്യാപാരത്തിനായി യുഎഇയില്‍ പുതിയ മന്ത്രാലയം
കഴിഞ്ഞ ദിവസം റസാവി ഖൊറാസാന്‍ പ്രവിശ്യയിലെ കാഷ്മാറിനടുത്ത് 4.2 തീവ്രതയിലും ജൂണ്‍ 17-ന് ബുഷെര്‍ പ്രവിശ്യയിലെ ബോറാസ്ജനിനടുത്ത് 4.2 തീവ്രതയിലും ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. അതിനിടെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ഒരാഴ്ച പിന്നിടുകയാണ്. യുദ്ധക്കെടുതി മൂലം ടെഹ്റാനിലും ടെല്‍ അവീവിലും ഒട്ടേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായി. വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും സംഘര്‍ഷം കാരണമായി.
The post ഇറാനിൽ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി appeared first on Express Kerala.