ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ സൗദി അറേബ്യ ചാപ്റ്റർ കോർഡിനേറ്ററായി പീറ്റർ വർഗ്ഗീസ് നിയമിതനായി. സൗദി അറേബ്യയിലെ റിയാദിൽ 33 വർഷമായി ഓട്ടോമേഷൻ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന പീറ്റർ വർഗീസ് സൗദി അറേബ്യയിലും ഇന്ത്യയിലെയും വ്യവസായിക മേഖലയിൽ വിവിധ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ പദ്ധതികൾക്ക് തന്റെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിസിസി ഗൾഫ് അലൂമിനിയം കൗൺസിൽ കമ്മിറ്റി മെമ്പറായി സേവനമനുഷ്ഠിക്കുന്ന പീറ്റർ വർഗീസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സിലെ അംഗവുമാണ്. റിയാദ് ഇന്ത്യൻ അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായും ജോയിൻറ് കൺവീനറായും സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം റിയാദിലെ വിവിധതരത്തിലുള്ള സാമൂഹിക സാംസ്കാരിക മേഖലകളില്‍ സജീവ സാന്നിധ്യമാണ്.
പീറ്റർ വർഗ്ഗീസ് ഫൗണ്ടർ ആയ പവിത്രം വെൽഫെയർ ഫൗണ്ടേഷൻ കേരളത്തിൽ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. പ്രവാസി ഇന്ത്യക്കാർ ഏറെയുള്ള സൗദി അറേബ്യയിൽ ഈ നിയമനം
പ്രവാസി ലീഗൽ സെൽ പ്രവർത്തനം കൂടുതൽ സജീവമാക്കാൻ സഹായകരമാവുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.
ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിലവിൽ വിദേശ ജോലികളുടെ മറവിൽ ക്രമാതീതമായി വർധിച്ചു വരുന്ന മനുഷ്യക്കടത്തുകൾക്കിരയായ നിരവധി പ്രവാസികൾക്കാണ് ഇതിനോടകം പ്രവാസി ലീഗൽ സെല്ലിൻറെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്. വിദേശത്തേക്കുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിലും പ്രവാസി ലീഗൽ സെല്ലിന് അനുകൂല വിധി നേടാനായി. ഇതിൻറെ ഭാഗമായി കേരളാ സർക്കാർ നടപ്പിലാക്കിയ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് ഉൾപ്പടെയുള്ള സൗകര്യങ്ങളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താനായി കേന്ദ്ര സർക്കാരിനുള്ള നിർദേശവും ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി നൽകിയിട്ടുണ്ട്.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കൂടുതൽ രാജ്യങ്ങളിലേക്കും വ്യത്യസ്ത മേഖലകളിലേക്കും ലീഗൽ സെൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹറിൻ ചാപ്റ്റർ അദ്ധ്യക്ഷനുമായ സുധീർ തിരുനിലത്ത്, ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ അബുദാബി ചാപ്റ്റർ അധ്യക്ഷൻ ജയപാൽ ചന്ദ്രസേനൻ, ഷാർജ-അജ്‌മാൻ ചാപ്റ്റർ അദ്ധ്യക്ഷ ഹാജിറാബി വലിയകത്ത്, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ , യൂകെ ചാപ്റ്റർ അദ്ധ്യക്ഷ അഡ്വ. സോണിയ സണ്ണി, ഒമാൻ ചാപ്റ്റർ ഓർഡിനേറ്റർ രാജേഷ് കുമാർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.