കോഴിക്കോട്: എം.സ്വരാജ് നല്ല മനുഷ്യനും നല്ല പ്രാസംഗികനും നല്ല പാര്‍ട്ടിക്കാരനുമാണെങ്കിലും നല്ല പൊതുപ്രവര്‍ത്തകനല്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഏതു പൊതുപ്രവര്‍ത്തനത്തിലാണ് സ്വരാജ് നിലപാട് എടുത്തിട്ടുള്ളത്. 42 കാറിന്റെ അകമ്പടിയില്‍ പോകുന്ന രാജാവിനെ ഏതെങ്കിലും രീതിയില്‍ വിമര്‍ശിച്ചതായോ കേരളത്തിലെ ഏതെങ്കിലും സമരങ്ങളില്‍ സ്വരാജ് നിലപാട് പറഞ്ഞതായോ അറിയില്ല. പാര്‍ട്ടി പറയുന്നതു കേട്ട് ജീവിക്കുന്ന ഒരു മനുഷ്യന്‍ മാത്രമാണ് സ്വരാജ്. കോഴിക്കോട് ഡിസിസിയില്‍ സികെജി അനുസ്മരണത്തിന്റെ ഭാഗമായി ‘നിലമ്പൂര്‍ കേരളത്തോട് പറയുന്നത്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
”പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എടുത്ത നിലപാടിലെ കണിശതയാണ് നിലമ്പൂരില്‍ യുഡിഎഫിന്റെ സക്സസ്. കടന്നലിനെ കൂടെ കൂട്ടാതിരുന്നത് സതീശന്റെ നിലപാടിലെ കണിശതയാണ്. അതിന് അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതോ പരാജയപ്പെടുന്നതോ അല്ല കാര്യം, ഒരു നിലപാടെടുത്താല്‍ അതിന് റിസള്‍ട്ട് ഉണ്ടാകണം. അധികാര രാഷ്ട്രീയത്തിനു വേണ്ടി വിലപേശുന്ന, അതിനുവേണ്ടി എന്തു ക്രിമിനല്‍ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുന്ന ആളുകളെ കൂടെ നിര്‍ത്താതിരിക്കുക. ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ എന്ത് ഓഫറുകള്‍ മുന്നോട്ടുവച്ചാലും സ്വീകരിക്കാതിരിക്കുക. അന്‍വറിനെ യുഡിഎഫിലേക്കു കൊണ്ടുവരാന്‍ നോക്കുന്ന നേതാക്കന്മാരെ അടിച്ചിരുത്തുക. കൊണ്ടുവന്നാല്‍ ഞാന്‍ വിമര്‍ശിക്കും. അന്‍വറിനെയോ മറ്റോ കോണ്‍ഗ്രസില്‍ ഉള്‍പെടുത്തിയിരുന്നെങ്കില്‍ ഞാന്‍ ഇവിടെ പ്രസംഗിക്കാന്‍ വരില്ലായിരുന്നു. അവിടെയാണ് സികെജിയുടെ കണിശമായ രാഷ്ട്രീയ നിലപാട് നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്.” ജോയ് മാത്യു പറഞ്ഞു.
”കോണ്‍ഗ്രസ് സഹിഷ്ണുത കാണിക്കുന്ന പാര്‍ട്ടിയാണ്. മറ്റൊരു പാര്‍ട്ടിയുണ്ട്. വലിയ അസഹിഷ്ണുത പുലര്‍ത്തുന്നവരാണ്. ആ പാര്‍ട്ടിക്കെതിരെയാണ് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ മത്സരിച്ചത്. അതിനാലാണ് അവിടെ ഞാന്‍ പോയത്. അദ്ദേഹം ഒരു കലാകാരനാണ്. അവിടെ പോയില്ലെങ്കില്‍ ധാര്‍മികമായി തെറ്റാകുമായിരുന്നു. ഞാന്‍ കോണ്‍ഗ്രസുകാരനല്ല. ആകാനും കഴിയില്ല. എല്ലാവരും ഇവിടെ വെളളക്കുപ്പായമാകും ഇടുകയെന്നറിഞ്ഞാണ് കറുപ്പ് അണിഞ്ഞുവന്നത്. ഞാന്‍ ഒരു ലിബറല്‍ ഡെമോക്രാറ്റാണ്.” ജോയ് മാത്യു പറഞ്ഞു.
”ഏതു പൊട്ടന്‍ നിന്നാലും അന്‍വറിനു കിട്ടിയ വോട്ട് കിട്ടും. പി.വി.അന്‍വര്‍ നിലമ്പൂരില്‍ ഒന്‍പതു വര്‍ഷം ജനപ്രതിനിധിയായിരുന്നു. അത്തരം ഒരാള്‍ ഒരു ആയിരം വീടുകളില്‍ ജനനത്തിനോ മരണത്തിനോ കല്യാണത്തിനോ പോയിട്ടുണ്ടാകും. പലര്‍ക്കും ചെയ്തു നല്‍കിയ സഹായത്തിന്റെ നന്ദിയും ഉണ്ടാവും. അതിനെ വര്‍ഗീയ വോട്ട് എന്നൊന്നും പറയേണ്ടതില്ല. ഒരു വീട്ടില്‍ നിന്ന് മൂന്നു പേര്‍ വീതം വോട്ട് ചെയ്താല്‍ തന്നെ മുപ്പതിനായിരം വോട്ടുകള്‍ കിട്ടേണ്ടതായിരുന്നു. എന്നാല്‍ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ബുദ്ധി ഉണ്ടായിരുന്നു. അവര്‍ ഷൗക്കത്തിന് വോട്ട് ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് കുറച്ചുപേര്‍ നിലമ്പൂരില്‍ പോയി. സാംസ്‌കാരിക പ്രവര്‍ത്തനം എന്താണെന്ന് ആദ്യം അറിയണം. പുസ്തകം എഴുതിയതു കൊണ്ടോ സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാംസ്‌കാരിക പ്രവര്‍ത്തകരാകില്ല. സാംസ്‌കാരിക പ്രവര്‍ത്തനം സാംസ്‌കാരിക ഇടപെടലാണ്. ആദിവാസികളും ആശാവര്‍ക്കര്‍മാരും സമരം ചെയ്യുമ്പോള്‍ അതു കണ്ടില്ലെന്ന് നടിക്കുന്ന, ഷോക്കടിച്ച് കുട്ടി മരിക്കുമ്പോള്‍ അതു കണ്ടില്ലെന്ന് നടിക്കുന്ന ആരും സാംസ്‌കാരിക പ്രവര്‍ത്തകരാണെന്ന് കരുതുന്നില്ല.” ജോയ് മാത്യു പറഞ്ഞു.
”വിഷയങ്ങളില്‍ രാഷ്ട്രീയം നോക്കാതെ സംസാരിക്കുന്നവരാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍. ബാക്കിയുളളവര്‍ കൂലി എഴുത്തുകാരാണ്. കൂലി എഴുത്തുകാരും കൂലി സാംസ്‌കാരിക പ്രവര്‍ത്തകരും നിലമ്പൂരില്‍ എത്തിയപ്പോള്‍ നിലമ്പൂരിലെ ജനം അതു തിരിച്ചറിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച എം.ടി. വാസുദേവന്‍ നായര്‍ നടത്തിയതാണ് സാംസ്‌കാരിക പ്രവര്‍ത്തനം. കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി എനിക്ക് ഏറ്റവും അടുപ്പമുള്ള വ്യക്തിയാണ്. അദ്ദേഹത്തിനായി ജീവന്‍ കൊടുക്കും. കിഡ്‌നി വേണമെങ്കില്‍ അതും നല്‍കും, എന്നാല്‍ എന്റെ നിലപാടിന് അനുസരിച്ച രാഷ്ട്രീയമല്ല സുരേഷ്‌ഗോപിയുടേത്. അതിനാല്‍ വൃക്ക കൊടുത്താലും വോട്ട് കൊടുക്കില്ല.” ജോയ് മാത്യു പറഞ്ഞു.
The post ‘സ്വരാജ് നല്ല പൊതുപ്രവര്‍ത്തകനല്ല; സുരേഷ്‌ഗോപിക്ക് വൃക്ക കൊടുത്താലും വോട്ട് കൊടുക്കില്ല’; ജോയ് മാത്യു appeared first on Express Kerala.