
പാറ്റ്ന: സീതാദേവിയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന സീതാമഢി ജില്ലയിലെ തീര്‍ത്ഥാടന കേന്ദ്രമായ ‘പുനൗര ധാം ജാനകി മന്ദിറിന്റെ’ വികസനത്തിനായി 882 കോടിയിലധികം രൂപ ചെലവിടാന്‍ ബിഹാര്‍ സര്‍ക്കാര്‍. ബിഹാര്‍ നിയസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വികസന പദ്ധതിയുടെ തീരുമാനം പുറത്ത് വരുന്നത്.
അയോധ്യയിലെ രാമക്ഷേത്ര മാതൃകയിലായിരിക്കും വികസനം നടപ്പാക്കുകയെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ‘ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പദ്ധതിയുടെ തറക്കല്ലിടല്‍ ഓഗസ്റ്റില്‍ നടക്കും. മാതാജാനകിയുടെ ക്ഷേത്രനിര്‍മ്മാണം രാജ്യത്തിലെയും ബിഹാറിലെയും ജനങ്ങള്‍ക്ക് അഭിമാനകരമാണ്.’ നിതീഷ് കുമാര്‍ വ്യക്തമാക്കി.
Also Read: വിദേശത്ത് നിര്‍മിച്ച അവസാനത്തെ യുദ്ധക്കപ്പൽ; ഐഎൻഎസ് തമാല്‍ കമ്മീഷന്‍ ചെയ്തു
പദ്ധതിക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും വികസിപ്പിക്കാനും 728 കോടി രൂപയും പഴയ പുനൗര ധാം ജാനകി മന്ദിറിന്റെ നവീകരണത്തിനായി 137 കോടി രൂപയും ചെലവഴിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് അറിയിച്ചു. അയോധ്യ രാമക്ഷേത്രത്തിന്റെ മാസ്റ്റര്‍ പ്ലാനിംഗ്, ആര്‍ക്കിടെക്ചറല്‍ ജോലികള്‍ ചെയ്ത സ്ഥാപനം തന്നെയാണ് സീതാമഢിയിലെ ക്ഷേത്രത്തിന്റെയും ഡിസൈന്‍ കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പുതിയ വികസന പദ്ധതിക്ക് കീഴില്‍, സംസ്ഥാന സര്‍ക്കാര്‍ ‘സീത വാടിക’, ‘ലവ്-കുശ് വാടിക’ എന്നിവ വികസിപ്പിക്കും, പരിക്രമ പാത, പ്രദര്‍ശന കിയോസ്‌കുകള്‍, കഫറ്റീരിയ, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ എന്നിവ നിര്‍മ്മിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
The post അയോധ്യ രാമക്ഷേത്ര മാതൃകയില്‍ ‘പുനൗര ധാം ജാനകി മന്ദിര്‍’ വികസനം; 882 കോടി വകയിരുത്തി ബിഹാര്‍ appeared first on Express Kerala.









