കൊല്‍ക്കത്ത: വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി. പ്രതിമാസം നാലുലക്ഷം രൂപ നല്‍കണമെന്ന് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുന്‍ ഭാര്യയായ ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇന്ത്യന്‍ താരത്തിന് കനത്ത തിരിച്ചടിയാണിത്.
ഹസിന്‍ ജഹാന് മാസം ഒന്നര ലക്ഷം രൂപയും മകള്‍ ഐറയ്ക്ക് രണ്ടര ലക്ഷം രൂപയും നല്‍കണമെന്നാണ് കോടതി ഉത്തരവ്. അതിനാല്‍ ഇരുവര്‍ക്കുമായി ഷമി മാസം 4 ലക്ഷം രൂപ നല്‍കേണ്ടിവരും. ഏഴുവര്‍ഷം മുമ്പ് ജീവനാംശമായി 7 ലക്ഷം രൂപ ആവശ്യപ്പെട്ട് ജഹാന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. മോഡലിങ് വഴി ജഹാന്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് തള്ളിയത്. എന്നാല്‍ ജഹാന്‍ നിയമപോരാട്ടം തുടരുകയായിരുന്നു. ഷമി പ്രതിവര്‍ഷം 7.5 കോടി രൂപ സമ്പാദിക്കുന്നുണ്ടെന്നും തനിക്കും മകള്‍ക്കും ആവശ്യമായ പണം നല്‍കുന്നില്ലെന്നുമായിരുന്നു ജഹാന്റെ പരാതി. ഷമിയുടെ വരുമാനം കണക്കിലെടുത്താണ് കോടതി പ്രതിമാസം നാലുലക്ഷം നല്‍കണമെന്ന് വിധിച്ചത്.
ഹസിന് ജഹാനില്‍ ഷമിക്ക് പിറന്ന മകളാണ് ഐറ. വിവാഹബന്ധം വേര്‍പെടുത്തിയതോടെ അമ്മ ഹസിന്‍ ജഹാനൊപ്പമാണ് ഐറ താമസിക്കുന്നത്. 2012-ല്‍ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഐപിഎല്‍ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഷമിയെക്കാള്‍ 10 വയസിന് മൂത്ത ഹസിന് മുന്‍വിവാഹത്തില്‍ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്.
The post ‘മുഹമ്മദ് ഷമി ജീവനാംശമായി പ്രതിമാസം നാലുലക്ഷം രൂപ നല്‍കണം’; ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി appeared first on Express Kerala.