ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പ് എന്ന് വിശേഷിപ്പിക്കുന്ന ആപ്ലിക്കേഷന്‍ ‘റെയിൽവൺ’ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ്സ്റ്റോറിലും ലഭ്യമായി. എല്ലാവർക്കും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നേരത്തെ ആപ്പിന്റെ ബീറ്റ പതിപ്പ് ‘സ്വറെയില്‍’ എന്ന പേരിൽ പുറത്തിറക്കിയിരുന്നു. പരിമിതമായ ഡൗൺലോഡുകൾ മാത്രമേ ഇതിന് അനുവദിച്ചിരുന്നുള്ളൂ.
റിസര്‍വ് ചെയ്യുന്നതും റിസര്‍വ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിങ്ങുകള്‍, പ്ലാറ്റ്ഫോം ടിക്കറ്റ്, പാഴ്സല്‍ ബുക്കിങ്, ട്രെയിന്‍ അന്വേഷണങ്ങള്‍, പി.എന്‍.ആര്‍ അന്വേഷണങ്ങള്‍, റെയില്‍മദാദ് വഴിയുള്ള സഹായം തുടങ്ങിയ സേവനങ്ങളെല്ലാം പുതിയ റെയിൽവൺ ആപ്പിലൂടെ ലഭ്യമാകും. കൂടാതെ ട്രെയിന്‍ ട്രാക്ക് ചെയ്യാനും ട്രെയിനിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.

തടസ്സമില്ലാത്ത സേവനങ്ങൾ, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തൽ എന്നിവയിലൂന്നിയാണ് പുതിയ ആപ്പ് തയാറാക്കിയതെന്ന് റെയില്‍വേ പറയുന്നു. ഐ.ആർ.സി.ടി.സിയും (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ക്രിസും (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്) ചേർന്ന് വികസിപ്പിച്ചെടുത്ത സൂപ്പര്‍ ആപ്പ്, ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സമന്വയിപ്പിക്കുന്നതാണ്.
ദീർഘദൂര, ലോക്കൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഭക്ഷണവും ഓർഡർ ചെയ്യാം. ട്രെയിനിന്റെ ലൈവ് ലൊക്കേഷൻ അറിയാനും ചരക്ക് കൈകാര്യം ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. നിലവിൽ റെയിൽ കണക്ട് എന്ന ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിന്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് ഇതിൽ ലോഗിൻ ചെയ്യാം. പുതിയ അക്കൗണ്ടും ഉണ്ടാക്കാവുന്നതാണ്. യു.ടി.എസ് ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിലെ ആർ വാലറ്റ് സൗകര്യം പുതിയ ആപ്പുമായി ബന്ധിപ്പിക്കാവുന്നതാണ്.