മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വാദി ദർബാത്ത് ഖരീഫ് സീസണിൽ മിന്നിത്തിളങ്ങാനൊരുങ്ങുന്നു. ഖരീഫ് സീസണിൽ സന്ദർശകരെ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആറു കിലോമീറ്ററിൽ എൽ.ഇ.ഡി ലൈറ്റുകളുടെ സംവിധാനം സ്ഥാപിക്കും. 180 വാട്ട് ഊർജക്ഷമതയുള്ള എൽ.ഇ.ഡി ലൈറ്റുകൾ 150 പോസ്റ്റുകളിൽ സ്ഥാപിക്കുന്നതാണ് പദ്ധതിയെന്ന് മുനിസിപ്പൽ ഉദ്യോഗസ്ഥർ അറിയിച്ചു. അടിസ്ഥാന ജോലികളുടെ ഏകദേശം 85 ശതമാനവും പൂർത്തിയായിട്ടുണ്ട്. ജൂലൈ എട്ടോടെ പൂർണതോതിൽ പ്രവർത്തനക്ഷമമാകും. പ്രധാന ടൂറിസം മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ, പ്രവേശനക്ഷമത, പൊതുസുരക്ഷ എന്നിവ മെച്ചപ്പെടുത്താനുള്ള ദോഫാർ മുനിസിപ്പാലിറ്റിയുടെ വിശാല പദ്ധതിയുടെ ഭാഗമാണ് ഈ ലൈറ്റുകളുടെ സംരംഭം. ലൈറ്റ് വരുന്നതോടെ പാത സുരക്ഷിതമായ സായാഹ്ന സന്ദർശനങ്ങൾ സാധ്യമാക്കും. ചെറുകിട ബിസിനസുകൾക്ക് പ്രവർത്തനസമയം വർധിപ്പിക്കാനും സാധിക്കും. താഴ്വരയുടെ സ്വാഭാവിക ആകർഷണത്തിന് പുതിയ ദൃശ്യമാനം നൽകുന്നതായിരിക്കും ഈ സംവിധാനമെന്ന് അധികൃതർ അറിയിച്ചു. സലാലയിൽനിന്ന് 40 കിലോമീറ്റർ വടക്കുകിഴക്കായാണ് വാദി ദർബാത്ത് സ്ഥിതിചെയ്യുന്നത്. ഖരീഫ് സീസണിൽ സലാലയിലെത്തുന്ന വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണമാണ് ഈ സ്ഥലം. ഖരീഫ് സീസണിൽ സലാലയിലെത്തുന്നവരെല്ലാം വാദി ദർബാത്ത് സന്ദർശിക്കും. സീസണിൽ ആയിരക്കണക്കിന് സന്ദർശകരാണ് ഇവിടെ എത്താറുള്ളത്. വെള്ളച്ചാട്ടങ്ങളും അരുവികളും നീരൊഴുക്കും തടാകങ്ങളുമൊക്കെയായി രൂപംമാറുന്ന വാദി ദർബാത്ത് എല്ലാ വിഭാഗം സന്ദർശകരുടെയും മനം കവരുന്നതാണ്. ഗൾഫ് മേഖല കൊടുംചൂടിൽ തിളങ്ങുമ്പോൾ ദർബാത്തിലെ വെള്ളച്ചാട്ടങ്ങളും അരുവികളും എന്തിനേറെ ബോട്ട് യാത്രയുമൊക്കെ അനുഭവിച്ചാസ്വദിക്കൻ ഒമാന് പുറമെ മറ്റ് ഗൾഫ് നാടുകളിൽനിന്നും നിരവധി സഞ്ചാരികൾ എത്താറുണ്ട്.

വാദി ദർബാത്തിൽ എൽ.ഇ.ഡി ലൈറ്റ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു
സലാലയിൽനിന്ന് 45 മിനിറ്റ് യാത്ര സാദ – മിർബാത്ത് റോഡിൽ യാത്ര ചെയ്താണ് ദർബാത്തിൽ എത്തേണ്ടത്. കുന്നുകളുടെയും പർവതങ്ങളുടെയും പച്ചപ്പും താഴ്വരകളുടെ മനോഹാരിതയും ആസ്വദിക്കാൻ മല മുകളിൽ വിവിധ ഇടങ്ങളിൽ വ്യു പോയന്റുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ യാത്ര ചെയ്യുന്നവർ സലാലയിൽനിന്നോ ഭക്ഷണം കഴിച്ച് പോവുന്നതോ ഭക്ഷണം കരുതുന്നതോ നല്ലതാണ്. ഹോട്ടലുകളും റസ്റ്റാറന്റുകളും താരതമ്യേന കുറവാണ് ഈ മേഖലയിൽ. ദർബാത്തിലെത്തുന്നവരെ നിരവധി ഹരിതകാഴ്ചകൾ കാത്തിരിക്കുന്നുണ്ട്. പച്ചപ്പുതപ്പണിഞ്ഞിരിക്കുന്ന ഈ താഴ്വരകളിൽ കന്നുകാലികൾ മേഞ്ഞു നടക്കുന്നത് പക്ഷികൾ പാറിക്കളിക്കുന്നതും കാണാം. ഖരീഫ് സീസണിൽ നിരവധി ഇനം മനോഹരമായ ദേശാടനപക്ഷികളും എത്തും. മലമുകളിൽ നിന്ന് മഴക്കാലത്ത് ഒഴുകി വരുന്ന വെള്ളമാണ് വാദിയായി രൂപാന്തരപ്പെടുന്നത്. മലകയറി പോവാമെങ്കിലും അപകടം നിറഞ്ഞതിനാൽ മുൻ കരുതലുകൾ ആവശ്യമാണ്. ദർബാത്തിൽ നിരവധി ഗുഹകളുമുണ്ട്. ഇത്തരം ഗുഹകളിൽ പഴയകാല മനുഷ്യ വാസത്തിന്റെ തെളിവായി നിരവധി ഗുഹാചിത്രങ്ങളും കാണാം. ചരിത്രാന്വേഷികൾ ഖരീഫ് സീസണിനുശേഷം ഗുഹകൾ സന്ദർശിക്കുന്നതാണ് നല്ലത്. നൂറ്അടിയിൽ അധികം ഉയരത്തിൽനിന്ന് ഒഴുകുന്ന വെള്ളച്ചാട്ടമാണ് ദർബാത്തിന്റെ മനോഹാരിതക്ക് മാറ്റുകൂട്ടുന്നത്. മിർബാത്ത് തടാകത്തിലെ ബോട്ട് യാത്രയാണ് മറ്റൊരു ആകർഷണം. ജൂൺ അവസാനം മുതൽ സെപ്റ്റംബർ ആദ്യം വരെ നീളുന്ന ഖരീഫ് സീസണിൽ ഒമാനിൽ ഏറ്റവും കൂടുതൽ ഫോട്ടോകൾ എടുക്കുകയും സന്ദർശിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിൽ ഒന്നാണിത്.