
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയതോടെ ഇതിഹാസങ്ങളെ പിന്നിലാക്കി റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. 387 പന്തുകള്‍ നേരിട്ട് 30 ഫോറുകളും മൂന്ന് സിക്‌സറുകളും സഹിതം ശുഭ്മന്‍ ഗില്‍ 269 റണ്‍സാണ് നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 587 എന്ന മികച്ച സ്‌കോറിലെത്തിക്കാനും ഗില്ലിന് സാധിച്ചു. ഇതിനിടെയില്‍ ഗില്‍ സ്വന്തം പേരില്‍ കുറിച്ചത് നിരവധി റെക്കോര്‍ഡുകളാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏഴാം സ്ഥാനത്താണ് ശുഭ്മന്‍ ഗില്‍. 319 റണ്‍സ് നേടിയ വിരേന്ദര്‍ സെവാഗ് ആണ് ഈ നേട്ടത്തില്‍ മുന്നിലുള്ളത്. 2008ല്‍ ചെന്നൈയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് സേവാഗ് ചരിത്രം കുറിച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറുമാണ് ഗില്‍ എഡ്ജ്ബാസ്റ്റണില്‍ അടിച്ചെടുത്തത്. 2019ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിരാട് കോഹ്‌ലി നേടിയ പുറത്താകാതെ 254 റണ്‍സെന്ന നേട്ടം ഗില്‍ പഴങ്കഥയാക്കി.
Also Read: ലോക ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് വിസ്ഡന്‍; നാല് ഇന്ത്യൻ താരങ്ങള്‍ ടീമില്‍
ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് ഗില്‍ നേടിയതെന്നത് മറ്റൊരു ചരിത്രം. 2004ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നേടിയ പുറത്താകാതെ 241 റണ്‍സെന്ന റെക്കോര്‍ഡാണ് ഗില്‍ തിരുത്തിയെഴുത്തിയത്.
എവേ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ബാറ്ററാണ് ഗില്‍. മുമ്പ് 2004ല്‍ മുള്‍ട്ടാനില്‍ സെവാഗ് നേടിയ 309 റണ്‍സും അതേ പരമ്പരയില്‍ റാവല്‍പിണ്ടിയില്‍ രാഹുല്‍ ദ്രാവിഡ് നേടിയ 270 റണ്‍സുമാണ് എവേ രാജ്യത്ത് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നേടിയ വ്യക്തിഗത സ്‌കോറുകള്‍.
ഇരട്ട സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനാണ് ഗില്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരവും ഗില്‍ തന്നെയാണ്. 25 വയസും 298 ദിവസവും പ്രായമുള്ളപ്പോഴാണ് ഗില്ലിന്റെ നേട്ടം. 23 വയസും 39 ദിവസവും പ്രായമുള്ളപ്പോള്‍ ഇരട്ട സെഞ്ച്വറി മുന്‍ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ് ഈ നേട്ടത്തില്‍ ഗില്ലിന് മുമ്പിലുള്ളത്. 25 വയസില്‍ ടെസ്റ്റിലും ഏകദിനത്തിലും ഇരട്ട സെഞ്ച്വറി നേട്ടമാണ് ഗില്ലിന്റെ പേരിലായ മറ്റൊരു റെക്കോര്‍ഡ്. നേരത്തെ 2023ല്‍ ന്യൂസിലാന്‍ഡിനെതിരെ ഗില്‍ ഏകദിന ക്രിക്കറ്റിലും ഇരട്ട സെഞ്ച്വറി നേടിയിരുന്നു.
The post ഇരട്ട സെഞ്ച്വറി; ഇതിഹാസങ്ങളെ ഒന്നൊന്നായി പിന്നിലാക്കി ഗില്‍ appeared first on Express Kerala.









