കൊല്ലങ്കോട്: പ്രകൃതി സൗന്ദര്യം നിറഞ്ഞ കൊല്ലങ്കോട് തെന്മലയിലെ വെള്ളച്ചാട്ടങ്ങൾ കാണാനെത്തുന്ന വിനോദസഞ്ചാരികൾ വർധിച്ചു. മഴക്കാലമായതോടെ ദിനംപ്രതി ആയിരത്തിലധികം പേരാണ് സീതാർകുണ്ട്, പലകപ്പാണ്ടി, നിന്നുകുത്തി, വെള്ളരിമേട് തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തുന്നത്. വെള്ളച്ചാട്ട മേഖലകളിൽ നിയന്ത്രണമുണ്ടെങ്കിലും നിയന്ത്രണമില്ലാത്ത നിരവധി മലയോര പ്രദേശങ്ങളിലൂടെ പലരും സഞ്ചരിക്കുന്നുണ്ട്.
കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാനായി ലക്ഷങ്ങൾ ചെലവഴിച്ച് വിവിധ പ്രദേശങ്ങളിൽ സൗരോർജവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതു വകവെക്കാതെ വിനോദസഞ്ചാരികൾ വനത്തിനകത്തേക്ക് കടക്കുകയാണ്. മലമുകളിൽ കയറുന്നവരെ നിയന്ത്രിക്കാനും വനംവകുപ്പിന് സാധിക്കുന്നില്ല. അപകടകരമായ പ്രദേശങ്ങളിൽ സെൽഫി എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും പതിവാണ്.
ബുധൻ വൈകുന്നേരം തൃശൂരിൽനിന്ന് എത്തിയ വിനോദസഞ്ചാര സംഘത്തിലെ രണ്ട് യുവാക്കൾക്ക് സീതാർകുണ്ട് മേഖലയിൽ കാൽ വഴുതി വീണ് പരിക്കേറ്റിരുന്നു. മറ്റുള്ളവർ ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടെങ്കിലും ബോർഡുകൾ ഇല്ലാത്ത വഴികളിലൂടെയാണ് പലരും മലയിലേക്ക് കയറുന്നത്. ഇത് നിയന്ത്രിക്കാൻ തെക്കിൽചിറ റോഡിലും കള്ളിയമ്പാറ റോഡിലും വനംവകുപ്പിന്റെ ചെക്പോസ്റ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒഴിവു ദിവസങ്ങളിൽ കൂടുതൽ പൊലീസുകാരെ വെള്ളച്ചാട്ട മേഖലയിൽ നിയമിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.