ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഹൃദയാഘാതം വന്ന് 45 ദിവസത്തിനിടെ മരിച്ചത് 30 പേര്‍. ഇന്നലെ 4 പേരാണ് മരിച്ചത്. മൈസൂരില്‍ ഒരാള്‍ മരിച്ചു. കര്‍ണാടകയിലെ തുടര്‍ച്ചയായുള്ള ഹൃദയാഘാത മരണങ്ങളില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടരുകയാണ്. ജീവിതശൈലീ രോഗങ്ങളുള്ളവരാണ് മരിച്ചവരിലേറെയും. കോവിഡ് വാക്‌സീന്റെ പാര്‍ശ്വഫലമാകാം മരണകാരണമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക പങ്കിട്ടിരുന്നു. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ് ഇതു നിഷേധിച്ചു.
Also Read: കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മത്സ്യങ്ങൾ നോക്കാം
ജനുവരി മുതല്‍ മേയ് വരെ 6943 പേരാണ് ഹൃദയാഘാതംമൂലം കര്‍ണാടകയില്‍ മരിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. ഈ കാലയളവില്‍ ഹാസനില്‍ 183 പേര്‍ മരിച്ചു. ഒരു മാസം ശരാശരി 36 മരണം. ഹാസനില്‍ ഹൃദയാഘാത മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പത്തംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു. മരിച്ചവരിലേറെയും 50 വയസ്സില്‍ താഴെയുള്ളവരാണ്. 5 പേര്‍ 20 ല്‍ താഴെയുള്ളവരും. ഹൃദയാരോഗ്യ പ്രശ്‌നമൊന്നുമില്ലാത്തവരാണ് മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പരാതി ഉന്നയിച്ചതോടെ കാരണം കണ്ടെത്തി പ്രതിവിധിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത അധ്യക്ഷനായ പത്തംഗ സമിതിക്ക് രൂപം നല്‍കിയത്. നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തുന്നവരെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് അയയ്ക്കാനും നിര്‍ദേശമുണ്ട്.
The post 40 ദിവസത്തിനിടെ 30 മരണങ്ങള്‍, ദുരുഹത… അന്വേഷണത്തിന് ഉത്തരവ് appeared first on Express Kerala.