വോഴ്‌സെസ്റ്റര്‍: യൂത്ത് ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെ 62 റണ്‍സിന് തകര്‍ത്ത ഇന്ത്യന്‍ യുവനിരക്ക് പരമ്പര. സൂര്യവന്‍ഷിയുടെയും വിഹാന്‍ മല്‍ഹോത്രയുടെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്തു. 364 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനായി റോക്കി ഫ്‌ലിന്റോഫ്(91പന്തില്‍ 107) സെഞ്ചുറിയും ഓപ്പണര്‍മാരായ ഡോക്കിന്‍സും(67), ജോസഫ് മൂര്‍സും(52) അര്‍ധസെഞ്ചുറികളും നേടിയെങ്കിലും 45.3 ഓവറില്‍ 308 റണ്‍സിന് ഓള്‍ ഔട്ടായി. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലെത്തി. സ്‌കോര്‍ ഇന്ത്യ അണ്ടര്‍ 19 50 ഓവറില്‍ 363-9, ഇംഗ്ലണ്ട് അണ്ടര്‍ 19 45.3 ഓവറില്‍ 308ന് ഓള്‍ ഔട്ട്. ഇന്ത്യക്കായി നമാന്‍ പുഷ്പക് മൂന്നും അംബരീഷ് രണ്ടും വിക്കറ്റെടുത്തു.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാര്‍ 14.1ഓവറില്‍ 104 റണ്‍സടിച്ച് നല്ല തുടക്കമിട്ടു. ജോസഫ് മൂറിനെ പുറത്താക്കിയ നമാന്‍ പുഷ്പക് ആണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ബെന്‍ മയേസ്(0) ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെ ബെന്‍ ഡോക്കിന്‍സും(67) മടങ്ങി. പിന്നീട് റോക്കി ഫ്‌ലിന്റോഫ് സെഞ്ചുറിയുമായി ഒറ്റക്ക് പൊരുതിയെങ്കിലും 19 റണ്‍സെടുത്ത ക്യാപ്റ്റന്‍ തോമസ് റ്യൂ ഒഴികെ മറ്റാര്‍ക്കും പിന്തുണക്കാനായില്ല.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൈഭവ് സൂര്യവന്‍ഷിയുടെയും വിഹാന്‍ മല്‍ഹോത്രയുടെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്തത്. 78 പന്തില്‍ 13 ഫോറും 10 സിക്‌സും പറത്തി 183.33 സ്‌ട്രൈക്ക് റേറ്റില്‍ 143 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ വിഹാന്‍ മല്‍ഹോത്ര 121 പന്തില്‍ 129 റണ്‍സെടുത്തു. ആയുഷ് മാത്രെയെ(5) തുടക്കത്തിലെ നഷ്ടമായെങ്കിലും വൈഭവ്-മല്‍ഹോത്ര സഖ്യം മൂന്നാം വിക്കറ്റില്‍ 219 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് ഇന്ത്യക്ക് കരുത്തായത്.
52 പന്തില്‍ സെഞ്ചുറിയിലെത്തിയ വൈഭവ് ഏഴ് സിക്‌സും 10 ഫോറും പറത്തിയാണ് മൂന്നക്കം കടന്നത്. സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷവും ക്രീസില്‍ തുടര്‍ന്ന വൈഭവ് ഒടുവില്‍ 143 റണ്‍സെടുത്താണ് മടങ്ങിയത്. നാല്‍പതാം ഓവറിലെ മൂന്നാം പന്തിലാണ് വിഹാന്‍ മല്‍ഹോത്ര സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 110 പന്തിലാണ് വിഹാന്‍ സെഞ്ചുറി തികച്ചത്. ഇരുവര്‍ക്കും പുറമെ ഇന്ത്യന്‍ നിരയില്‍ അഭിഗ്യന്‍ കുണ്ഡു(23), യുദ്ധജിത് ഗുഹ(15*) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ആയുഷ് മാത്രെക്ക് പുറമെ രാഹുല്‍ കുമാറും(0), ഹര്‍വന്‍ഷ് പംഗാലിയയും(0) റണ്ണെടുക്കാതെ മടങ്ങിയപ്പോള്‍ കനിഷ്‌ക് ചൗഹാന്‍(2), അംബരീഷ്(9) എന്നിവരും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ജാക്ക് ഹോം നാലും സെബാസ്റ്റ്യന്‍ മോര്‍ഗന്‍ മൂന്നും വിക്കറ്റെടുത്തു. ഇന്ത്യ ജയിച്ച പരമ്പരയിലെ ആദ്യ മത്സരത്തില്‍ 19 പന്തില്‍ 48 റണ്‍സടിച്ച വൈഭവ് ഇംഗ്ലണ്ട് ഒരു വിക്കറ്റിന് ജയിച്ച രണ്ടാം മത്സരത്തില്‍ 34 പന്തില്‍ 45ഉം ഇന്ത്യ ജയിച്ച മൂന്നാം മത്സരത്തില്‍ 31 പന്തില്‍ 86 റണ്‍സും നേടിയിരുന്നു.
The post വെടിക്കെട്ട് നിർത്താതെ വൈഭവ്; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യൻ യുവനിര appeared first on Express Kerala.