പയ്യന്നൂർ: വിവാദങ്ങൾക്ക് അവധി നൽകാത്ത എയർ ഇന്ത്യ, കണ്ണൂർ -ദുബൈ യാത്രക്കാരെ തളച്ചിട്ടത് 11 മണിക്കൂർ. ഞായറാഴ്ച രാത്രി 11ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട എ.എക്സ് ബി 747 എയർ ഇന്ത്യ എക്സ്പ്രസാണ് യാത്രക്കാരുടെ വിലയേറിയ സമയം അപഹരിച്ചത്. രാത്രി 11ന് പുറപ്പെടേണ്ട വിമാനം പുറപ്പെട്ടത് തിങ്കളാഴ്ച രാവിലെ 9.42ന്.
എമിഗ്രേഷൻ നടപടികൾ പൂർത്തിയായി വിമാനത്തിൽ കയറാൻ കാത്തിരിക്കവെയാണ് വിമാനം വൈകുമെന്ന മുന്നറിയിപ്പ് വന്നത്. രാത്രി 12ന് പുറപ്പെടാനാവുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ 12നും വിമാനം പുറപ്പെട്ടില്ല. ഒടുവിൽ രാവിലെ അഞ്ചരക്ക് പുറപ്പെടുമെന്നു പറഞ്ഞിരുന്നുവെങ്കിലും വീണ്ടും യാത്രക്കാരെ നിരാശയിലാക്കി. രാലെ 9.42ന് മാത്രമാണ് വിമാനം പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള യാത്രക്കാരെയാണ് കമ്പനി വിമാനത്താവളത്തിൽ പിടിച്ചിട്ടത്. ഏറെ വൈകിയ ശേഷമാണ് വിശ്രമിക്കാൻ പോലും സൗകര്യം നൽകിയത്.
തിങ്കളാഴ്ച ജോലിയിൽ കയറേണ്ടവർ ഉൾപ്പെടെ യാത്രക്കാരിലുണ്ടായിരുന്നു. ഇവരെയെല്ലാം കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുകയായിരുന്നു എയർ ഇന്ത്യ. മറ്റ് വിമാനങ്ങൾ കൃത്യമായി ഷെഡ്യൂൾ അനുസരിച്ച് പുറപ്പെടുകയും ഇറങ്ങുകയും ചെയ്തിരുന്നു. ഈ വിമാനം മാത്രമാണ് അനന്തമായി നീണ്ടതെന്നും യാത്രക്കാർ പറയുന്നു.
അതെ സമയം, വിമാനം വൈകിയ വിഷയം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രവാസി മലയാളിയായ യുവാവിനോട് ക്ഷമ ചോദിക്കുന്നതായി അധികൃതർ മറുപടി കുറിപ്പിൽ പറഞ്ഞു. സഹോദരി ഭർത്താവ് ഉൾപ്പെടെയുണ്ടായ യാത്രക്കാർ അനുഭവിച്ച മാനസിക പ്രയാസത്തെക്കുറിച്ചാണ് പയ്യന്നൂർ കടന്നപ്പള്ളി സ്വദേശിയായ ശ്രീരാഗ് രാഘവൻ എന്ന യുവാവ് ട്വിറ്ററിൽ പോസ്റ്റു ചെയ്തത്. വിമാനത്തിന്റെ തടസ്സം കാരണം താങ്കളുടെ സഹോദരന് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നതായും വിമാനത്തിന്റെ വഴിതിരിച്ചുവിടൽ മൂലമാണ് തടസ്സം സംഭവിച്ചതെന്നും മറുപടിയിൽ കുറിച്ചു.
‘അതിഥി സുരക്ഷ ഞങ്ങളുടെ മുൻഗണനയായി തുടരുന്നു. നിങ്ങളുടെ സഹോദരന് അനുഭവിച്ചേക്കാവുന്ന ഏതൊരു അസൗകര്യത്തിലും ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. അടുത്ത തവണ നിങ്ങൾക്കോ നിങ്ങളുടെ സഹോദരനോ ഞങ്ങളോടൊപ്പം പറക്കുമ്പോൾ സുഗമമായ യാത്രാനുഭവം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളെ മികച്ച രീതിയിൽ സേവിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു’ -എയർ ഇന്ത്യ അധികൃതർ പറഞ്ഞു.