പ്രവാസ ജീവിതത്തിൽ അവധിക്ക് നാട്ടിൽ പോകുന്നതാണ് പലരുടെയും സന്തോഷങ്ങൾക്കാധാരം. മധ്യവേനലവധി പിറന്നതോടെ അതിനുള്ള തയാറെടുപ്പിലാണ് പല കുടുംബങ്ങളും. എന്നാൽ, ശുഭകരമായ യാത്രക്ക് ചിലതെല്ലാം ശ്രദ്ധിക്കുന്നത് നല്ലതാണ്. പെട്ടെന്നുള്ള ഒരുക്കങ്ങൾകൊണ്ട് പലരും പലതും മറക്കുകയോ അതെല്ലെങ്കിൽ അവഗണിക്കുകയോ ചെയ്തേക്കാം. ചിലതെല്ലാം നേരത്തേ ഒരുക്കിവെച്ചാൽ അവസാനനിമിഷത്തിലെ അങ്കലാപ്പ് ഒഴിവാക്കാം. അതിനുവേണ്ടുന്ന കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.
പാസ്പോർട്ട്
പലരുടെയും പാസ്പോർട്ടുകളും വിസയും മിക്കവാറും തൊഴിലുടമയുടെ കൈവശമായിരിക്കും. പാസ്പോർട്ട് കാലാവധി കഴിഞ്ഞതാണോ എന്ന് ഉറപ്പുവരുത്തണം. വിസ വാലിഡിറ്റിയും ഉറപ്പാക്കണം. കുട്ടികളുടെ പാസ്പോർട്ടിന് അഞ്ചുവർഷം മാത്രമേ കാലാവധിയുള്ളൂ എന്ന കാര്യം ശ്രദ്ധിക്കണം. പാസ്പോർട്ട് പുതുക്കാൻ എംബസിയെ സമീപിച്ചാൽ രണ്ടുമൂന്ന് ആഴ്ച എടുക്കും. അക്കാര്യം പ്രത്യേകം ശ്രദ്ധയിൽവേണം. ഇന്ത്യയിൽ ചെന്നിട്ടാണ് പാസ്പോർട്ട് പുതുക്കുന്നതെങ്കിൽ തിരികെയുള്ള യാത്രയിൽ പഴയതും പുതിയതുമായ പാസ്പോർട്ടുകൾ കരുതണം. തിരികെ വരുന്ന സമയത്തും നിങ്ങളുടെ വിസയുടെ വാലിഡിറ്റി ഉറപ്പുവരുത്തണം.
ടിക്കറ്റ്
വിമാനത്താവളത്തിൽ കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും എത്തണം. പല വിമാനക്കമ്പനികളും സീസണിൽ ഓവർബുക്കിങ് നടത്തും. സീറ്റിങ് കപ്പാസിറ്റിയെക്കാൾ അധികം ടിക്കറ്റുകൾ വിൽക്കും. ആദ്യം ചെല്ലുന്നയാൾക്ക് സീറ്റ് നൽകുകയും ചെയ്യും. വൈകിയെത്തിയാൽ യാത്ര മുടങ്ങും. നഷ്ടപരിഹാരവും അടുത്തദിവസത്തെ വിമാനത്തിൽ ഉറപ്പായ ടിക്കറ്റുമാണ് കമ്പനി നൽകുക. എന്നാൽ, അത്യാവശ്യയാത്ര നടത്തേണ്ടവർക്ക് അടുത്ത വിമാനത്തിൽ വേറെ ടിക്കറ്റ് എടുത്ത് പോകേണ്ടിവരും. ആദ്യമെടുത്ത ടിക്കറ്റിന്റെ പണം നഷ്ടപ്പെടുകയും ചെയ്യും.
ടിക്കറ്റുകൾ, പാസ്പോർട്ട്, വിസ (ആവശ്യമെങ്കിൽ), മറ്റ് യാത്രാ രേഖകൾ എന്നിവയെല്ലാം കൃത്യമായി കൈവശമുണ്ടെന്ന് ഉറപ്പാക്കുക. ഇവയുടെ കോപ്പികൾ ഡിജിറ്റലായി സൂക്ഷിക്കുന്നതും നല്ലതാണ്. യാത്രക്ക് മുമ്പ് ഫോൺ ചാർജുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്. സാധിക്കുമെങ്കിൽ ഓൺലൈൻ ചെക്ക്-ഇൻ ചെയ്ത് ബോർഡിങ് പാസ് മുൻകൂട്ടി നേടുക. ഇത് വിമാനത്താവളത്തിലെ തിരക്ക് കുറക്കാൻ സഹായിക്കും.
ലഗേജ്
വിമാനക്കമ്പനികൾ അനുവദിച്ച വലുപ്പത്തിലുള്ള ലഗേജുകൾ മാത്രമേ കരുതാവൂ. തൂക്കം കൂടാൻ ഇടവരരുത്. അത് സമയം നഷ്ടപ്പെടാൻ ഇടയാക്കും. അൺഷേപ്പ് ബാഗും പെട്ടിക്ക് മുകളിൽ കയറുകെട്ടുന്നതും അനുവദിക്കില്ല. ടി.വി മുതലായ ഗൃഹോപകരണങ്ങൾ കൊണ്ടുപോകുന്നുണ്ടെങ്കിൽ അതിന്റെ സൈസ് ശ്രദ്ധിക്കണം. പല വിമാനക്കമ്പനികളും നിശ്ചിത വലുപ്പത്തിലുള്ള ടി.വി മാത്രമേ കൊണ്ടുപോകാൻ അനുവദിക്കാറുള്ളൂ.
സുരക്ഷ പരിശോധനകൾക്കായി ഇലക്ട്രോണിക് ഉപകരണങ്ങൾ, ദ്രാവകങ്ങൾ എന്നിവ എളുപ്പത്തിൽ എടുക്കാൻ കഴിയുന്നരീതിയിൽ ബാഗിൽ വെക്കുക. ദ്രാവകങ്ങൾക്ക് നിശ്ചിത പരിധിയുണ്ടായിരിക്കും. ആഭരണങ്ങളും വില കൂടിയ സാധനങ്ങളും ഹാൻഡ് ബാഗേജിൽതന്നെ കരുതുക. ഹാൻഡ് ബാഗ് ഷോപ്പുകളിലോ ഇരിക്കുന്ന സ്ഥലങ്ങളിലോ വെക്കാതെ കൈയിൽതന്നെ സൂക്ഷിക്കുന്നത് മറവിമൂലമുള്ള നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായകരമാണ്. ബാറ്ററി ചാർജർ ലഗേജിൽ വെക്കാതിരിക്കാനും ശ്രദ്ധിക്കുക.
അസുഖമുള്ളവർ
ഗർഭിണികളോ മറ്റു അസുഖങ്ങളുള്ളവരോ യാത്ര ചെയ്യുമ്പോൾ മെഡിക്കൽ റിപ്പോർട്ട് കൈവശം കരുതണം. മരുന്ന്, ഗുളികകൾ തുടങ്ങിയവ കൊണ്ടുവരുന്നുണ്ടെങ്കിൽ പ്രിസ്ക്രിപ്ഷനും ബില്ലും കൈയിൽ കരുതുക. അത്യാവശ്യത്തിനുള്ള മരുന്നുകൾ ലഗേജിൽ വെക്കാതെ കൈയിൽ കരുതുക. ചിലപ്പോൾ വിമാനം വൈകാനും മറ്റും ഇടയുണ്ട്. കണക്ഷൻ ഫ്ലൈറ്റാണെങ്കിൽ കാലതാമസം ഉണ്ടായേക്കാം. ഈ സാഹചര്യത്തിൽ മരുന്നുകൾ കൈവശമില്ലെങ്കിൽ ബുദ്ധിമുട്ടിലാകും.
കുട്ടികളുടെ യാത്ര
കുട്ടികൾ ഒറ്റക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ പല വിമാനക്കമ്പനികളും രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യപ്പെടാറുണ്ട്. അത് സംബന്ധിച്ച് വ്യക്തത വരുത്തിയശേഷം അത് ലഭ്യമാക്കുക.
വസ്ത്രധാരണം
യാത്രക്ക് സൗകര്യപ്രദമായ വസ്ത്രങ്ങൾ ധരിക്കുക. വിമാനത്തിൽ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഒരു നേരിയ ജാക്കറ്റോ ഷാളോ കരുതുന്നത് നല്ലതാണ്. വിമാനം ലാന്റ് ചെയ്തതിനുശേഷം മാത്രമേ ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാവൂ. പുറത്തിറങ്ങാൻ തിരക്ക് കൂട്ടരുത്. എയർഹോസ്റ്റസുമാരുടെ നിർദേശങ്ങൾ അനുസരിക്കുന്നതാണ് മാന്യത.
ഭക്ഷണവും വെള്ളവും
വിമാനത്താവളത്തിൽനിന്ന് വെള്ളം വാങ്ങുകയോ സുരക്ഷാ പരിശോധനക്കുശേഷം കുപ്പികളിൽ വെള്ളം നിറയ്ക്കുകയോ ചെയ്യാം. ആവശ്യമെങ്കിൽ ലഘുഭക്ഷണവും കരുതുക.
സൂക്ഷിക്കുക
പാർസലുകൾ നാട്ടിലെത്തിക്കാനായി സുഹൃത്തുക്കളും മറ്റും കൊടുത്തുവിടാറുണ്ട്. എത്ര അടുപ്പമുള്ളവരാണെങ്കിലും സാധനം എന്താണെന്ന് സ്വയം ഉറപ്പുവരുത്തിയതിനുശേഷം മാത്രം സ്വീകരിക്കുക.