ഡല്‍ഹി: രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിരമിച്ചശേഷമുള്ള പദ്ധതികള്‍ പങ്കുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വേദങ്ങളിലും ഉപനിഷത്തുകളിലും ജൈവകൃഷിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ബുധനാഴ്ച നടന്ന ‘സഹ്കാര്‍ സംവാദ്’ എന്ന പരിപാടിയിലെ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളിലെ വനിതാ പ്രവര്‍ത്തകരുമായുള്ള സംവാദത്തിലാണ് അമിത്ഷായുടെ പ്രസ്താവന.
‘രാഷ്ട്രീയത്തില്‍നിന്ന് എപ്പോഴാണ് വിരമിക്കുന്നതെങ്കിലും, ഞാന്‍ എന്റെ ബാക്കിയുള്ള ജീവിതം വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവ കൃഷിക്കുമായി നീക്കിവെക്കും’, അമിത് ഷാ വ്യക്തമാക്കി. വായനയോടും ശാസ്ത്രീയ സംഗീതത്തോടുമുള്ള തന്റെ സ്‌നേഹവും അദ്ദേഹം പലവേദികളിലും പറഞ്ഞിട്ടുണ്ട്. മുന്‍പ്, നെറ്റ്വര്‍ക്ക് 18-ന് നല്‍കിയ അഭിമുഖത്തില്‍ എണ്ണായിരത്തോളം പുസ്തകങ്ങള്‍ തനിക്ക് ഉള്ളതായി അമിത്ഷാ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ജോലിയുടെ ഭാരക്കൂടുതല്‍ കാരണം അധികം സമയം വായനയ്ക്കായി ചെലവഴിക്കാനാകാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അഹമ്മദാബാദില്‍ നടന്ന മറ്റൊരു ചടങ്ങില്‍ ജൈവകൃഷിയിലുള്ള താല്പര്യവും അദ്ദേഹ പങ്കുവച്ചിട്ടുണ്ട്. ഓര്‍ഗാനിക് ഫാമിങ് ശാസ്ത്രീയമായ കൃഷിരീതിയാണെന്നും അതിന് ഒരുപാട് ഗുണഫലങ്ങള്‍ ഉണ്ടെന്നും മന്ത്രി പരാമര്‍ശിച്ചിരുന്നു. രാസവളങ്ങള്‍ ഉപയോഗിച്ച വളര്‍ത്തുന്ന ധാന്യങ്ങള്‍ ജീവിതശൈലീരോഗങ്ങള്‍ക് കാരണമാകുമ്പോള്‍ ജൈവകൃഷിയില്‍ ഉത്പാദിപ്പിക്കുന്ന ധാന്യങ്ങള്‍ ആരോഗ്യത്തിന് ഗുണകരമാണെന്നും തന്റെ ജീവിതാനുഭവമാണെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു. കൃത്യമായ ഉറക്കം, ചിട്ടയായ വ്യായാമം, ശുദ്ധമായ ആഹാരം എന്നിവയാണ് ആരോഗ്യത്തിന്റെ അടിത്തറയെന്നും ചിട്ടയായ ജീവിതശൈലിയിലേക് കടന്നപ്പോള്‍ മരുന്നുകളുടെ സഹായം വേണ്ടിവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
The post ‘വേദങ്ങൾ, ഉപനിഷത്തുകൾ, ജൈവകൃഷി’; വിരമിക്കലിനു ശേഷമുള്ള പദ്ധതികൾ വെളിപ്പെടുത്തി അമിത് ഷാ appeared first on Express Kerala.