തിരുവനന്തപുരം: കേരള സർവകലാശാലയിലെ വൈസ് ചാൻസലർ- രജിസ്ട്രാർ പോര് മുറുകുന്നു. രജിസ്ട്രാർ കെ.എസ് അനിൽകുമാർ അയച്ച മൂന്ന് ഫയലുകൾ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ തിരിച്ചയച്ചു. കെ.എസ് അനിൽ കുമാറിന് ഫയൽ നൽകരുതെന്ന് നിർദേശവും നൽകി. ഡോ. മിനി കാപ്പൻ അയച്ച 25 ഫയലുകൾ വൈസ് ചാൻസലർ ഒപ്പിടുകയും ചെയ്തു. താൻ സസ്പെൻഡ് ചെയ്ത രജിസ്ട്രാറുടെ ഒരു ഫയലും സ്വീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വി.സി. ഇരുവരും തമ്മിലുള്ള പോര് കടുത്തതോടെ കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി തുടരുകയാണ്. ഈ സാഹചര്യത്തിൽ ബിജെപിയുടെ സിൻഡിക്കേറ്റ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് വിവരം.
വി.സിയുടെ പല നിലപാടുകളും കാരണം ഭരണപ്രതിസന്ധിയുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെട്ട് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വി.സിയ്ക്കും കത്ത് നൽകിയിട്ടുണ്ട്. ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തിന്റെ തുടർച്ചയായാണ് രജിസ്ട്രാറെ വി.സി സസ്പെൻഡ് ചെയ്തത്. ഗവർണറോട് അനാദരവ് കാണിച്ചെന്നും സർവകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
Also Read: സുരേഷ് ഗോപിയുടെ മാലയിലേത് പുലിപ്പല്ലോ? അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
പ്രത്യേക സാഹചര്യങ്ങളിൽ വി.സിയ്ക്ക് സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള വ്യവസ്ഥ ഉപയോഗിച്ചായിരുന്നു നടപടി. സീനിയർ ജോ. രജിസ്ട്രാർ പി. ഹരികുമാറിനാണ് ചുമതല നൽകിയിരുന്നത്. പിന്നീട് വി.സി ഡോ. മോഹനൻ കുന്നുമ്മൽ വിദേശത്തേയ്ക്ക് പോകുകയും ഡോ. സിസ തോമസിന് വി.സിയുടെ താൽക്കാലിക ചുമതല നൽകുകയും ചെയ്തു. തുടർന്ന് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ചേർന്ന് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി. എന്നാൽ, സിൻഡിക്കേറ്റിന്റെ നടപടി വി.സിയുടെ ചുമതലയിലുണ്ടായിരുന്ന സിസ തോമസ് അംഗീകരിച്ചിരുന്നില്ല.
വി.സി സസ്പെൻഡ് ചെയ്ത രജിസ്ട്രാർക്ക് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. വി.സിയുടെ അനുമതി കൂടാതെ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സർവകലാശാല ചട്ടപ്രകാരമുള്ള നടപടിക്ക് വിധേയനാകുമെന്നും ഡോ. സിസാ തോമസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസ് മറികടന്ന് കെഎസ് അനിൽ കുമാർ സർവകലാശാലയിൽ എത്തിയിരുന്നു. ശേഷം അവധി അപേക്ഷ വിസിയ്ക്ക് നൽകിയെങ്കിലും സസ്പെൻഷനിലുള്ളയാളുടെ അവധി അപേക്ഷയ്ക്ക് എന്ത് പ്രസക്തി എന്ന് വി.സി ചോദിച്ചിരുന്നു. തുടർന്ന് അപേക്ഷ നിരസിക്കുകയും ചെയ്തു.
The post കേരള സർവകലാശാലയിലെ പോര് കനക്കുന്നു; രജിസ്ട്രാർ അയച്ച ഫയലുകൾ വൈസ് ചാൻസലർ തിരിച്ചയച്ചു appeared first on Express Kerala.