യാത്രകളില്‍നിന്ന് നമുക്ക് പാഠങ്ങളേറെ പഠിക്കാന്‍ പറ്റുമെന്നാണ് ഷരീഫിന്റെ പക്ഷം. യുവതലമുറയോട് ഷരീഫിന് പറയാനുള്ളതും അതുതന്നെ. പാഠഭാഗങ്ങൾ നാളത്തേക്ക് മാറ്റിവെക്കുന്നത് ഉചിതമല്ലാത്തത് പോലെ തന്നെ യാത്രകളും പിന്നീടാവാം എന്ന് കരുതി മാറ്റിവെക്കരുത്. ഇന്ന് തന്നെ തുടങ്ങുക
സ്വിറ്റ്സര്‍ലാന്റില്‍ നിന്നും പാരിസിലേക്ക് കാറില്‍ ഒരു ദീര്‍ഘയാത്ര. ഷെരീഫിന്റെ കൂടെ സുഹൃത്തുക്കളായ ഹാഷിലും യാസീനും. വിജനമായ ഒരു സ്ഥലത്തുവെച്ച് കാർ കേടായി. സമയം നട്ടുച്ച 12മണി. റന്റ് എ കാര്‍ കമ്പനിയിൽ വിളിച്ചറിയിക്കാൻ പോലും ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലം. കാറിലെ എമർജൻസി ബട്ടണ്‍ അമര്‍ത്തി പൊലീസിനെ വിളിച്ചു വരുത്താനുള്ള ഒരു ശ്രമം നടത്തി. കുറച്ച് മണിക്കൂറുകൾ കാത്തു നിന്നതിനു ശേഷം പൊലീസ് എത്തി. പൊലീസ് സഹായത്താൽ റന്റ് എ കാര്‍ കമ്പനിയിൽ വിവരം അറിയിച്ചു. പിന്നെയും മണിക്കൂറുകൾ എടുത്തു ഒരു റിക്കവറി വാൻ സ്പോട്ടിൽ എത്താൻ. ആവശ്യത്തിനു ഭക്ഷണം കരുതിയിട്ടില്ലായിരുന്നതിനാൽ നല്ല വിശപ്പും തുടങ്ങി. പൊലീസിനും റിക്കവറി ഡ്രൈവർക്കുമാണെങ്കിൽ ഇംഗ്ലീഷ് നല്ല വശവുമില്ല. ഒരു വിധം പറഞ്ഞൊപ്പിച്ച് മൂന്നാളുകളെയും അടുത്തുള്ള ടൗണിൽ ഇറക്കാമെന്ന് റിക്കവറി ഡ്രൈവർ സമ്മതിച്ചു. അപ്പോഴേക്കും മണി രാത്രി 11 മണി. വിജനമായ ഹൈവേയിലൂടെയുള്ള യാത്ര. ഒരിടത്ത് എത്തിയപ്പോൾ ഡ്രൈവർ ഹൈവേയിൽ നിന്നും വണ്ടിയിറക്കി ഒരു ഗേറ്റ് തുറന്നു വിശാലമായ ഒരു ഫാമിലേക്ക് വണ്ടി ഓടിച്ചു കയറ്റി. പരിഭ്രമിച്ചു പോയ മൂവര്‍സംഘം ഇംഗ്ലീഷിൽ ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ ഡ്രൈവർ എന്തോ ഉത്തരങ്ങൾ നൽകുന്നുണ്ട്. കുറെ ദൂരം അങ്ങനെ വണ്ടിയോടി. അവസാനം ഫാമിന്റെ മറ്റേ അറ്റത്തുള്ള ഗേറ്റ് തുറന്ന് വീണ്ടും ഒരു ഹൈവേയിൽ കയറി. അപ്പോഴാണ് ഷെരീഫടക്കം മൂന്നുപേര്‍ക്കും ശ്വാസം നേരേ വീണത്. ഏതാണ്ട് അരമണിക്കൂറിൽ അധികവും കുറെ കിലോമീറ്ററുകളും ലാഭിക്കാൻ ഡ്രൈവർ സ്ഥിരം ഉപയോഗിക്കുന്ന ഊടു വഴിയായിരുന്നു അത് എന്ന് പിന്നീടാണ് മനസ്സിലായത്. ഈ മൂന്ന് ആളുകളെ അടുത്തുള്ള പട്ടണത്തിൽ എത്തിച്ചു ഹോട്ടലിൽ റൂമും തരപ്പെടുത്തി കൊടുത്താണ് അയാൾ യാത്രയായത് .

യാത്രകളെ പ്രണയിക്കുന്ന ഷരീഫ് ഉമ്മിണിയിൽ എന്ന കോഴിക്കോട്ടുകാരന്റെ ഒരു യാത്ര അനുഭവമാണിത്. അജ്മാനിൽ തന്റെ ബിസിനസ് സ്ഥാപനത്തിന്റെ പേരായ അൽക്കഫ്ജി ചേർത്ത് ഷെരീഫ് അൽക്കഫ്ജി എന്നാണ് ഇദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. കാരണം താൻ നടത്തുന്ന ചെറുതും വലുതുമായ യാത്രാ വിശേഷങ്ങളെല്ലാം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നാട്ടുഭാഷയുടെ ലാളിത്യത്തിൽ കാഴ്ചക്കാരിലേക്ക് എത്തിക്കുന്നത് ആ പേരിലൂടെയാണ്. കഫ്ജി എന്ന പേര് കിട്ടിയതിന് പിന്നിലും ഒരു കഥയുണ്ട്. 1991ൽ ഷരീഫ് തന്റെ ബിസിനസ് തുടങ്ങുന്നത് ഒന്നാം ഗൾഫ് യുദ്ധം നടക്കുന്ന സമയത്താണ്. കുവൈത്ത്- സൗദി അതിർത്തിയിലുള്ള എണ്ണയുടെ വൻ ശേഖരമുള്ള തന്ത്രപ്രധാനമായ കഫ്ജി എന്ന പ്രദേശം യുദ്ധത്തിന്റെ കെടുതികൾ ഏറെ അനുഭവിച്ച സമയമാണത്. ആയതിനാൽ ലോകമാധ്യമശ്രദ്ധ ഏറെ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. അന്ന് മുനിസിപ്പാലിറ്റി അധികൃതർ തന്നെയാണ് അല്ക്കഫ്ജി എന്ന പേര് നിർദ്ദേശിച്ചത്.
സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ അമേരിക്കയെ ഏറെ സ്വപ്നം കണ്ടിരുന്നു ഷരീഫ്. അന്നുമുതലേ ഉള്ള ആഗ്രഹമാണ് ജീവിതത്തിൽ ഒരിക്കൽ എങ്കിലും അമേരിക്കയിൽ ഒന്ന് പോകണമെന്ന്. ഇപ്പോൾ ഒന്നല്ല, രണ്ടുവട്ടം പോയി അമേരിക്ക മതിവരുവോളം കണ്ടുവന്നു ഈ നാട്ടിൻപുറത്തുകാരൻ. രണ്ടാം തവണ പോയപ്പോൾ കൂട്ടിന് ഭാര്യയും മകളും ഉണ്ടായിരുന്നു. അമേരിക്കയിൽ പോകുന്നവർക്കൊക്കെ വിമാനത്താവളത്തിൽ കഠിനമായ ദേഹ പരിശോധനയും ചോദ്യം ചെയ്യലും ഉണ്ടാകും എന്നുള്ള കഥകൾ ശരീഫും കേട്ടിരുന്നു. പല വി.ഐ.പികൾ പോലും ഇത്തരം പരിശോധനകളിൽ ഒന്നും ചെയ്യാൻ കഴിയാതെ വിധേയപ്പെടേണ്ടി വന്നിട്ടുണ്ട്. ഇമിഗ്രേഷൻ ക്യൂവിൽ നിൽക്കുമ്പോൾ തൊട്ടുമുന്നിലുള്ള ആളെ പോലും അവർ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്തത്രെ. എന്നാൽ ഷരീഫിന്റെ ഊഴമെത്തിയപ്പോൾ ഒറ്റ ചോദ്യം മാത്രം! ‘ഏത് സ്ഥലത്ത് നിന്നാണ് തിരിച്ചു പോകുന്നത്’? ഉലയാതെ പറഞ്ഞ ഉത്തരം കേട്ടതും പാസ്പോർട്ടിൽ സ്റ്റാമ്പ് പതിഞ്ഞതും ഒന്നിച്ചായിരുന്നു. വെല്‍കം ടു യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക. യാത്രകളില്‍ നിന്ന് നമുക്ക് പാഠങ്ങളേറെ പഠിക്കാന്‍ പറ്റുമെന്നാണ് ഷരീഫിന്റെ പക്ഷം. യുവതലമുറയോട് ഷരീഫിന് പറയാനുള്ളതും അതുതന്നെ. പാഠഭാഗങ്ങൾ നാളത്തേക്ക് മാറ്റിവെക്കുന്നത് ഉചിതമല്ലാത്തത് പോലെ തന്നെ യാത്രകളും പിന്നീടാവാം എന്ന് കരുതി മാറ്റിവെക്കരുത്. ഇന്ന് തന്നെ തുടങ്ങുക. കാരണം ജീവിതം ഒന്നേയുള്ളൂ. അത് വളരെ ചെറുതാണുതാനും.
യാത്രകളിൽ പഠിച്ച ഷരീഫിന്റെ ചില നിരീക്ഷണങ്ങളും ഇതാ.താന്‍ സന്ദർശിച്ചവയില്‍ ഏറ്റവും ആതിഥേയ മര്യാദയുള്ള രാജ്യമായി ജപ്പാൻ ആണ് ഷെരീഫിന് അനുഭവപ്പെട്ടത്. മനുഷ്യർക്ക് അങ്ങേയറ്റം ബഹുമാനം നൽകുന്നത് അവരുടെ പ്രഥമ പരിഗണനയാണത്രെ. പോയതില്‍ ഏറ്റവും പ്രിയപ്പെട്ടതും ജപ്പാൻ തന്നെ. ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന രാജ്യം ആസ്ട്രേലിയയും ഏറ്റവും ചെലവേറിയത് യു.എസും ആണെന്ന് ഷരീഫ് നിരീക്ഷിക്കുന്നു. ഉഗാണ്ട, ടാന്‍സാനിയ, കെനിയ തുടങ്ങി ആഫ്രിക്കൻ രാജ്യങ്ങളിലൂടെ സഞ്ചരിച്ചതിൽ റുവാണ്ടയാണ് വൃത്തിയിലും ഭംഗിയിലും ഷരീഫിനെ ഏറെ ആകർഷിച്ചത്. 2019ല്‍ ഒരു ഗ്രൂപ്പിന്റെ ഭാഗമായി തുർക്കിയിൽ പോയതാണ് യാത്രകളുടെ തുടക്കം പിന്നീട് അങ്ങോട്ട് അഞ്ച് ഭൂഖണ്ഡങ്ങളിലായി അന്‍പതില്‍ പരം രാജ്യങ്ങൾ സന്ദർശിച്ചു ഷരീഫ്. ഇതിനിടെ മിയാമിയില്‍ ഒരു ക്രൂസ് യാത്രയും ശരീഫ് ചെയ്യുകയുണ്ടായി. ഇപ്പോൾ അടുത്ത യാത്രയ്ക്കുള്ള തയാറെടുപ്പിലാണ് ഈ മുക്കത്തുകാരനായ ബിസിനസുകാരൻ.