യാത്ര ആവേശമാണ്. അത് സോളോ യാത്രയാകുമ്പോൾ വൈബ് വേറെതന്നെയാകും. സ്കൂട്ടറിൽ നാഗാലാൻഡ്, മണിപ്പൂർ, അരുണാചൽ പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിലൂടെയും സോളോ യാത്രനടത്തി തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് മലപ്പുറം മങ്കട സ്വദേശി ഹിബ സമദ്. ചെറുപ്പം മുതൽ യാത്രകളെ ജീവനുതുല്യം സ്നേഹിച്ച ഹിബ വയനാട്ടിലെ ഗവ.എൻജിനിയറിങ് കോളജിൽ ബി.ടെക് ബിരുദത്തിന് ചേർന്നതോടെയാണ് സോളോ യാത്രകൾക്ക് തുടക്കമിടുന്നത്. പിന്നീടങ്ങോട്ട് ഒറ്റക്കുള്ള യാത്രകൾ ജീവിതത്തിന്റെ ഭാഗമായി. ഹിബയുടെ വർത്തമാനങ്ങൾ.


ഗെറ്റ് സെറ്റ് ഗോ
കോവിഡ് കാലത്ത് കുറച്ച് മാസ്ക്കും സാനിറ്റെസറും കൈയിൽ കരുതി കോഴിക്കോട് റെയിവേ സ്റ്റേഷനിൽനിന്ന് ട്രെയിൻ കയറി. അവിടെ നിന്നാണ് ആദ്യ സോളോ യാത്ര ആരംഭിക്കുന്നത്. ആ യാത്ര ചെന്നവസാനിച്ചത് കശ്മീരിൽ. രണ്ടാഴ്ചയോളം കശ്മീരിൽ ചെലവിട്ടു. പിന്നീട് കോവിഡിന്റെ തീവ്രത കുറഞ്ഞപ്പോൾ 2022ൽ ബാഗും പാക്ക് ചെയ്ത് പാലക്കാട് ജങ്ഷനിൽ നിന്നും ട്രെയിൻ കയറിയ യാത്ര അവസാനിച്ചത് ഗോരഖ്പൂർ ജങ്ഷനിലാണ്. അവിടെ നിന്ന് ബസ് മാർഗം ഇന്ത്യ-നേപ്പാൾ ബോർഡറിലേക്ക്. നേപ്പാളിൽ എത്തി ആദ്യം ഞങ്ങൾ പോയത് രാജ്യത്തെ ഏറ്റവും വലിയ ട്രെക്കിങ് ഡസ്റ്റിനേഷനായ അന്നപൂർണ്ണ സർക്യൂട്ടിലേക്ക്. പക്ഷെ അതിനേക്കാൾ വെല്ലുവിളി നിറഞ്ഞതായിരുന്നു നേപ്പാളിലേക്കുള്ള സോളോ യാത്ര. 2023ൽ വീണ്ടും നേപ്പാളിലേക്ക് യാത്ര തിരിച്ചു.




എവറസ്റ്റ് ബേസ് ക്യാമ്പും ത്രീ പാസസും
ഏകദേശം ഒരു മാസത്തോളം നീണ്ട യാത്ര. അതിൽ 130 കിലോമീറ്റർ കയറി ഇറങ്ങേണ്ട എവറസ്റ്റ് ബേസ് ക്യാമ്പും 170 കിലോമീറ്ററിൽ ചുറ്റപ്പെട്ടിട്ടുള്ള ത്രീ പാസസ് (കൊങ്ക്മ പാസ്, ഛോല പാസ്, രെഞ്ചോ ല പാസ്) ട്രെക്കിങും 20 ദിവസം കൊണ്ട് കയറിയിറങ്ങാൻ സാധിച്ചു. പിന്നീട് ഗോരഖ്പൂരിൽ നിന്ന് നേരെ ഡൽഹിയിലേക്ക് ട്രെയിൻ കയറി. ഡൽഹിയിൽ നിന്ന് വീണ്ടും ലഡാക്കിലേക്ക്. ട്രെക്കുകൾക്ക് കൈ കാണിച്ച് ലിഫ്റ്റ് അടിച്ച് നേരെ മണാലി, അവിടുന്ന് കശ്മീർ, പിന്നെ ലഡാക്ക്. കനത്ത മഞ്ഞ് വീഴച്ചയുടെ ഇടയിൽ നാല് ദിവസം കൊണ്ടാണ് ഡൽഹിയിൽ നിന്ന് ലഡാക്കിലേക്കെത്തിയത്.


സ്കൂട്ടറിൽ നോർത്ത് ഈസ്റ്റിലേക്ക്
നാട്ടിലെ പോസ്റ്റ് ഓഫിസിൽ പോസ്റ്റ് വുമണായി ജോലി ചെയ്തിരുന്നസമയത്ത് ജോലി ആവശ്യത്തിനായി 2020ൽ ഒരു സ്കൂട്ടർ വാങ്ങിയിരുന്നു. അതിലാണ് നോർത്ത് ഈസ്റ്റ് യാത്ര പൂർത്തിയാക്കിയത്. സ്കൂട്ടർ വാങ്ങിയ സമയത്ത് തന്നെ വയനാട്, ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോയിരുന്നു. അതാണ് നോർത്ത് ഈസ്റ്റിലേക്കും തനിച്ച് യാത്ര ചെയ്യാനുള്ള കോൺഫിഡൻസ് തന്നത്. നാഗാലാന്റിലെ കൊഹിമയിൽ വെച്ച് നടക്കുന്ന ‘ഹോൺബിൽ ഫെസ്റ്റിവൽ’ കൂടിയാൽ കൊള്ളാമെന്ന ആഗ്രഹമുണ്ടായിരുന്നു. സ്കൂട്ടറിൽ പോകുന്നത് കൊണ്ട് വഴിയിലുള്ള സർവീസ് സ്റ്റേഷനുകളുടെ നമ്പറും കൈയിൽ കരുതി. പക്ഷെ സ്കൂട്ടറിൽ അവിടെ എത്തുമ്പോഴേക്കും ഫെസ്റ്റിവൽ കഴിയുമെന്ന് മനസിലായതുകൊണ്ട് സ്കൂട്ടറും മറ്റ് സാധനങ്ങളും ട്രെയിനിൽ കയറ്റി അയച്ച് ഡിസംബർ അഞ്ചിന് മലപ്പുറത്തുനിന്നും യാത്ര തിരിച്ചു. അങ്ങനെ നാഗാലാന്റിലെത്തി. നാഗാലാന്റിൽ നിന്നും യാത്ര ആരംഭിച്ച് അരുണാചൽ പ്രദേശ്, ആസാം, മേഘാലയ, സിക്കിം വഴി പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്, കർണാടക വഴിയാണ് തിരിച്ച് വീട്ടിലെത്തിയത്. യാത്രയിൽ ഏറ്റവും അത്ഭുതമായി തോന്നിയത് സ്കൂട്ടർ ആണ്. അത്ര ദൂരം സഞ്ചരിച്ചിട്ടും വണ്ടി ഒരു പണിയും തന്നില്ല. അത് തന്നെയാണ് യാത്രയുടെ വിജയവും.


സ്നേഹംതന്ന നാഗാലന്റുകാർ
വിദേശത്ത് ജോലി ചെയ്യുന്ന അബ്ദുൽ സമദിന്റെയും സ്കൂൾ അധ്യാപികയായ ഉബൈബയുടെയും മകളാണ് ഹിബ. മങ്കടയിൽനിന്നും യാത്രതുടങ്ങുംമുമ്പ് നാട്ടുകാർക്കൊക്കെ ചെറിയ പേടിയുണ്ടായിരുന്നു. ഒരു പെൺകുട്ടി തനിച്ച് നാഗലാന്റിലേക്കോ! എന്നായിരുന്നു ചോദ്യങ്ങൾ. അത് നാട്ടുകാരുടെ കരുതലായി കണക്കാക്കി നീ യാത്ര തുടരുക എന്നായിരുന്നു വീട്ടുകാരുടെയും കൂട്ടുകാരുടെയും ഉപദേശം. ആദ്യ ലക്ഷ്യസ്ഥാനം നാഗലാന്റായിരുന്നു. യാത്ര ചെയ്യുമ്പോൾ സുരക്ഷക്ക് ഊന്നൽ കൊടുക്കുന്നതിനാൽ യാത്രകൾ എപ്പോഴും പകൽ സമയങ്ങളിലായിരുന്നു. തണുപ്പ് വളരെ കൂടുതലായിരുന്നു. വൈകുന്നേരം 4.30 ആകുമ്പോഴേക്കും നാഗാലാന്റിൽ സൂര്യൻ അസ്തമിച്ചിട്ടുണ്ടാകും. നാലുമണിക്ക് മുമ്പ് സുരക്ഷിതമായ താമസസ്ഥലം കണ്ടുപിടിക്കണം. ഈ യാത്രയിൽ ടെന്റുകളിലായിരുന്നു താമസം. നഗര പ്രദേശങ്ങളിൽ പെട്രോൾ പമ്പുകളും മറ്റ് സുരക്ഷിത ബിൽഡിങ്ങുകളുമാണ് സ്ഥിരമായി ആശ്രയിച്ചിരുന്നത്. എന്നാൽ ഗ്രാമങ്ങളിൽ കുടുംബമായി ജീവിച്ചിരുന്ന വീടുകളിലായിരുന്നു ടെന്റടിച്ചിരുന്നത്.

സ്ത്രീകൾക്കാണ് എല്ലാ കാര്യങ്ങളിലും മുൻഗണന എന്നതാണ് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. കേരളത്തിൽ നിന്നാണെന്നും ഒറ്റക്കാണെന്നും പറഞ്ഞപ്പോൾ അവരുടെ വീടുകളിൽ സുരക്ഷിതമായ ഒരു മുറി നൽകി. നാഗലാന്റിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആയതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടാണ്ടായിരുന്നില്ല.

ഇവിടെയുമുണ്ട് മലയാളി സ്നേഹം
നാഗലാന്റിലെ ഹോൺബിൽ ഫെസ്റ്റിവലും അവിടുത്തെ സംസ്കാരവും അടുത്തറിഞ്ഞ് നാഗലാന്റിനോട് യാത്ര പറഞ്ഞ് അസമിലേക്ക് കടന്നപ്പോഴാണ് ഒരു മലയാളി കുടുംബത്തെ പരിചയപ്പെട്ടത്. അസമിൽ എത്തിയപ്പോൾ പെട്രോൾ പമ്പിലേക്ക് സ്കൂട്ടർ കയറ്റി. 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് ആയതിനാൽ അവരോട് ചോദിച്ചിട്ട് ടെന്റടിക്കാം എന്ന് കരുതിയപ്പോഴാണ് എന്റെ കെ.എൽ രജിസ്ട്രേഷൻ സ്കൂട്ടർ കണ്ട് അവിടുത്തെ പൊലീസ് എന്നോട് വന്ന് സംസാരിക്കുന്നത്. കേരളത്തിൽ നിന്നുള്ള ഒരു കൂട്ടുകാരൻ ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശേഷം തന്റെ മലയാളി സുഹൃത്തായ ഡോക്ടറെ ഫോണിൽ വിളിച്ച് എന്നെ സുരക്ഷിതമായി ആ മലയാളിയുടെ വീട്ടിൽ എത്തിച്ചു.

ഇവർ കുടുംബമായി ഇവിടെയാണ് താമസം. നാടൻ ചോറും നല്ല മീൻ കറിയും കഴിച്ചതിന്റെ രുചിയാണ് ഇന്നും ഡോക്ടറെയും കുടുംബത്തെയും ഓർക്കുമ്പോൾ കിട്ടുന്നത്. ഒരു സ്ഥലത്ത് ഒരു ദിവസത്തിൽ കൂടുതൽ നിൽക്കാതെ ഒരുപാട് യാത്ര ചെയ്യുക എന്നതാണ് ശീലം. അരുണാചൽ പ്രദേശിലെ സർക്കീട്ട് കഴിഞ്ഞ് മേഘലായയിലേക്കാണ് യാത്ര തിരിച്ചത്. അവിടെ ഒരു മലയാളിയെ കണ്ടുപിടിച്ചു. അദ്ദേഹത്തിന്റെ വീടിന്റെ തൊട്ടടുത്ത് മറ്റൊരു മലയാളി കുടുംബവും താമസിച്ചിരുന്നു. ഇവരെ ഓർക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് ഇവരുടെ ആതിഥ്യ മര്യാദയാണ്.

നോർത്ത് ഈസ്റ്റ് യാത്രയിലെ മറ്റൊരു മറക്കാൻ കഴിയാത്ത ഒർമയായിരുന്നു മലയാളി, തമിഴ് പട്ടാളക്കാർ. കെ.എൽ വണ്ടി കണ്ടതോടെ സ്വന്തം കുടുംബത്തിൽ തിരിച്ചെത്തിയ സന്തോഷമായിരുന്നു അവർക്ക്. ഓരോ സംസ്ഥാനത്തിന്റെ ബോർഡർ കടക്കുമ്പോഴും ആദ്യം കാണുന്നത് ഈ സൈനികരെയാണ്. ഓടി വന്ന് വിശേഷങ്ങൾ തിരക്കുമ്പോഴും ഓരോ ഭക്ഷണ പൊതിയുമായാണ് എന്നെ യാത്രയാക്കിയത്. ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളെ കൂടുതലായി അറിയുക എന്നതാണ് എന്റെ യാത്രകളുടെ ഉദേശം. അതിനായി രാജ്യത്തിന്റെ ഓരോ മുക്കും മൂലയും സഞ്ചരിക്കണം. ഇന്ത്യയിലെ കുറച്ച് സംസ്ഥാനങ്ങളും കൂടി സഞ്ചരിക്കുന്നതോടെ ആ യാത്ര പൂർണമാവും. യാത്ര ചെയ്യാനാണ് എനിക്ക് ഇഷ്ടം. അതാണ് ഞാൻ ആസ്വദിക്കുന്നതും ആഗ്രഹിക്കുന്നതും.