ന്യൂഡൽഹി: മോഷണമടക്കമുള്ള കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ട് പാസഞ്ചർ ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നാല് വീതം സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. പരീക്ഷണാടിസ്ഥാനത്തിൽ ചില പാസഞ്ചർ ട്രെയിനുകളിൽ കാമറകൾ സ്ഥാപിച്ചിരുന്നു. ഇത് വിജയമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 74,000 കോച്ചുകളിലും 15,000 ലോക്കോ എൻജിനുകളിലും കാമറകൾ സ്ഥാപിക്കുന്നത്.
യാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വാതിലുകൾക്ക് സമീപമുള്ള പൊതുസഞ്ചാര മേഖലയിലാണ് കാമറകൾ സ്ഥാപിക്കുകയെന്ന് റെയിൽവേ വ്യക്തമാക്കി. കോച്ചുകളുടെ വാതിൽ സ്ഥിതിചെയ്യുന്ന രണ്ടു വശങ്ങളിലുമായി 360 ഡിഗ്രിയിൽ ദൃശ്യങ്ങൾ ലഭിക്കുന്ന രണ്ടുവീതം കാമറകളാണ് വെക്കുക. ലോക്കോ എൻജിനുകളിൽ ആറ് സി.സി.ടി.വി കാമറകളും ഉണ്ടായിരിക്കും.
സി.സി.ടി.വി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ ശനിയാഴ്ച അവലോകനയോഗം ചേർന്നിരുന്നു. ഉത്തര റെയിൽവേയിലെ ലോക്കോ എൻജിനുകളിലും കോച്ചുകളിലും വിജയകരമായ പരീക്ഷണങ്ങൾ നടത്തിയതായി റെയിൽവേ ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. 100 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഓടുന്ന ട്രെയിനുകൾക്കും കുറഞ്ഞ വെളിച്ചമുള്ള സാഹചര്യങ്ങളിലും ഉയർന്ന നിലവാരമുള്ള ദൃശ്യങ്ങൾ ലഭ്യമാകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.