ഗവർണ്ണർക്ക് എതിരെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എതിരെയും ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് കേരള സർവ്വകലാശാലാ വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സണും എസ്.എഫ്.ഐ നേതാവുമായ അശ്വൻ.
ചാൻസലർ എന്ന പദവി ദുരുപയോഗം ചെയ്ത് സർവ്വകലാശാലകളിൽ ഇടപെടുകയാണ് ഗവർണ്ണറെന്നും, ഇതിൻ്റെ ഭാഗമായി ആർ.എസ്. എസിന് വിടുപണി ചെയ്യുന്ന രൂപത്തിലേക്ക് കേരളത്തിലെ വി.സിമാർ മാറിയെന്നുമാണ് ഈ വിദ്യാർത്ഥി നേതാവ് പറയുന്നത്.
ഇതോടൊപ്പം തന്നെ, വി.ഡി സതീശൻ കേരളത്തിൻ്റെ പ്രതിപക്ഷ നേതാവാണോ ആർ.എസ്.എസ് വക്താവാണോ എന്നതിന് മറുപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
എക്സ് പ്രസ്സ് കേരളയ്ക്ക് നൽകിയ പ്രതികരണത്തിൻ്റെ പൂർണ്ണരൂപം കാണുക…
ഗവർണ്ണറുടെ സർവ്വകലാശാലകളിലെ അമിത ഇടപെടലിനെ ഇനിയങ്ങോട്ട് എങ്ങനെയൊക്കെ പ്രതിരോധിക്കാനാണ് ഉദ്ദേശിക്കുന്നത്?
വലിയ പ്രതിരോധം തീർക്കുക തന്നെയാണ് ലക്ഷ്യം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രണ്ട് ദിവസം മുന്നേ വന്ന കോടതിവിധി. യു ജി സി മാനദണ്ഡ പ്രകാരം സർക്കാർ നൽകിയ പാനലിനെ നിരസിക്കുകയാണ് ഗവർണർ ചെയ്തത്. എന്നിട്ട് ഗവർണറുടെ താല്പര്യപ്രകാരമുള്ള ആളുകളെ കുത്തിനിറച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സിസ തോമസിനെ വി സി ആയി നിയമിക്കുകയും, അതുപോലെ തന്നെ കേരള സാങ്കേതിക സർവകലാശാലയിൽ ഡോ. ശിവപ്രസാദിനെ നിയമിക്കുകയും ചെയ്തത്. ബഹുമാനപ്പെട്ട ഹൈക്കോടതി അവർ അടിയന്തിരമായി ആ സീറ്റ് വിട്ടൊഴിയണമെന്നു പറഞ്ഞു. എസ് എഫ് ഐ സമരം ഫലം കണ്ടു എന്നുള്ളതാണ് വസ്തുത.
എസ്.എഫ്.ഐ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ലഭിക്കുന്ന പിന്തുണ എത്രത്തോളമാണ്?
നമുക്കറിയാം, കഴിഞ്ഞ ഒരാഴ്ച മുൻപാണ് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി, ചാൻസിലർ പദവിയിലിരിക്കുന്ന ഗവർണർ സർവകലാശാലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന വലിയ ഇടപെടലുകൾക്കെതിരായി, സംസ്ഥാനത്തെ 4 പ്രധാനപ്പെട്ട സർവ്വകലാശാലകളിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ആ മാർച്ച് യഥാർത്ഥത്തിൽ ഫലം കണ്ടു എന്നുവേണം മനസിലാക്കാൻ. അതിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ പിന്തുണകളിലൊന്ന് പ്രതിപക്ഷ സംഘടനയുടെ, മുൻ എം പി ആയിരുന്ന നേതാവ് പി ജെ കുര്യൻ നടത്തിയ പ്രസ്താവന തന്നെയാണ്. പ്രതിപക്ഷ വിദ്യാർത്ഥി സംഘടന എസ്.എഫ്.ഐയെ കണ്ട് പഠിക്കണമെന്നാണ് പറഞ്ഞത്. എതിർപക്ഷത്തുള്ള ജനകീയനായ, ഒരു മുതിർന്ന നേതാവിന്റെ ഈ പ്രസ്താവന സ്വാഭാവികമായും വലിയൊരു പിന്തുണ തന്നെയാണ്. മാത്രമല്ല, ആ മാർച്ചിന്റെ പങ്കാളിത്തം കണ്ടാൽ നമുക്കത് മനസിലാവും. രാഷ്ട്രീയത്തിനപ്പുറം വിദ്യാർത്ഥി-ജനകീയ വിഷയങ്ങളാണ് എസ്.എഫ്.ഐ അഡ്രസ് ചെയ്യുന്നത്. വിദ്യാർത്ഥികൾ 3 വർഷം അവരുടെ ഡിഗ്രി കാലയളവ് കഴിഞ്ഞ് സെർട്ടിഫിക്കേറ്റിനുവേണ്ടി നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. വിദ്യാർത്ഥികളുടെ വിഷയത്തിൽ ഇടപെട്ടുകൊണ്ടാണ് എസ് എഫ് ഐ എക്കാലവും മുന്നോട്ട് പോയത്. അതിനൊക്കെ വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. മാർച്ച് കഴിഞ്ഞതിനു ശേഷമുള്ള വാർത്തകളുടെ ബൈറ്റുകൾ എടുത്ത് നോക്കിയാൽ തന്നെ മനസിലാകും, എന്തുമാത്രം പിന്തുണയാണ് ക്യാമ്പസുകൾക്കത്തുനിന്നും, പൊതുമധ്യത്തിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വലിയ പിന്തുണ ലഭിക്കുന്നുണ്ട് എന്നാണ് ഇതുമായി ബന്ധപ്പെട്ട മനസിലാക്കാൻ കഴിയുന്നത്.
ഗവർണ്ണറും വൈസ് ചാൻസലറും കേന്ദ്ര പൊലീസിൻ്റെ സഹായം തേടിയാൽ എസ് എഫ് ഐ അതിനോട് ഏത് രൂപത്തിലാണ് പ്രതികരിക്കുക?
അതിനൊക്കെ തന്നെ വലിയ പ്രതിരോധങ്ങൾ തീർത്തുകൊണ്ട് എസ് എഫ് ഐ മുന്നോട്ട് പോകും. നമുക്കറിയാം, കഴിഞ്ഞ കാലത്തെയൊക്കെ എസ് എഫ് ഐ സമരങ്ങളെക്കുറിച്ചൊക്കെ തന്നെ, കേന്ദ്ര പോലിസെന്നോ കേരള സർക്കാരിന്റെ പോലിസെന്നോ അല്ല, സമരം എപ്പോഴും ഗവർണർക്ക് എതിരെയാണ്. എസ് എഫ് ഐ നടത്തിയ രാജ്ഭവൻ മാർച്ചിനകത്ത് തിരുവനന്തപുരം ഡി സി പി നടത്തിയ പ്രവർത്തനത്തെക്കുറിച്ച് നമുക്കറിയാം. അദ്ദേഹം ഗവർണറുടെ നിർദേശപ്രകാരം എസ് എഫ് ഐ സമരത്തെ തച്ചുടക്കാം എന്നുള്ള വലിയ താല്പര്യത്തിന്റെ പുറത്താണ് പ്രവർത്തിക്കുന്നത്. സർവകലാശാല യൂണിയൻ നിലയിലൊക്കെ തന്നെ പരാതിയൊക്കെ കൊടുത്തിട്ടുണ്ട്. വിദ്യാർത്ഥി വിഷയങ്ങൾ അഡ്രെസ്സ് ചെയ്തുകൊണ്ടാണ് എസ് എഫ് ഐ സമരം നടത്തുന്നത്. കഴിഞ്ഞ കാലയളവിൽ കേരള ഗവർണർ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാൻ എങ്ങനെയൊക്കെയാണ് എസ് എഫ് ഐ സമരത്തെ നേരിട്ടതെന്ന്. അദ്ദേഹത്തെ തെരുവിൽ തടയുന്ന രീതിയിലേക്ക് നമ്മൾ മാറി. കേന്ദ്രസേനയെയൊക്കെ വിന്യസിച്ചെങ്കിലും എസ് എഫ് ഐയുടെ സമരമൊന്നും ഒരിക്കലും അവസാനിപ്പിച്ചില്ല. അതുകൊണ്ട് തന്നെ ഗവർണർ കേന്ദ്ര സേനയെയല്ല, എത്ര വലിയ സുരക്ഷാ വിന്യാസങ്ങൾ നിരത്തിയാലും ഗവർണർക്കെതിരെയുള്ള സമരം എസ് എഫ് ഐ തുടരും എന്ന് തന്നെയാണ് വ്യക്തമാക്കാനുള്ളത്.
ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനക് സഭയിൽ വി.സിമാരെ പങ്കെടുപ്പിക്കാൻ ഒരു ശ്രമം നടക്കുന്നുണ്ട്, ഇതേ കുറിച്ച് എന്താണ് അഭിപ്രായം?
എസ് എഫ് ഐ എക്കാലവും പറഞ്ഞുവെച്ചിട്ടുള്ളത് നമുക്ക് കൃത്യവും വ്യക്തവുമാണ്. ചാൻസിലർ പദവി എന്ന് ഗവർണർക്ക് കൈമാറിയോ അന്നുമുതൽ ഗവർണർ വലിയ രീതിയിലുള്ള ഇടപെടലുകളാണ് സർവകലാശാലകളിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ആർ എസ് എസിന് വിടുപണി ചെയ്യുന്ന നിലയിലേക്ക് കേരളത്തിലെ സർവകലാശാലകളിലെ വി സി മാറിയിരിക്കുന്നു. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കേരള സർവകലാശാല വി സി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടൽ. നിങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നറിയില്ല. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ഇവിടെ ആർ എസ് എസിന്റെ ബാലഗോകുലം എന്ന സംഘടന കുട്ടികളുടെ ഒരു പദയാത്ര സംഘടിപ്പിച്ചു. ആ പദയാത്രയിൽ കേരള സർവകലാശാല വി സി പാളയത്ത് മുഖ്യാതിഥിയായി പങ്കെടുക്കുന്ന സ്ഥിതിയുണ്ടായി. എന്നുമുതൽ സർവകലാശാലയുടെ ചാൻസിലർ പദവി ഗവർണർക്ക് കൈമാറിയോ അന്നുമുതൽ എസ് എഫ് ഐ കൃത്യമായും വ്യക്തമായും പറയുന്നതാണ്, സർവകലാശാലകളെ കാവിവൽക്കരിക്കുന്നതിനുവേണ്ടിയുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
അതിനുള്ള വ്യക്തമായ ഉദാഹരണമാണ്, കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലയുടെ വി സി സേവാഭാരതിയുടെ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന നിലയുണ്ടായി. ജ്ഞാനക് സഭ എന്ന പരിപാടി കൊച്ചിയിൽ വെച്ചാണ് സംഘടിപ്പിക്കുന്നത് എന്നാണ് മനസിലാക്കുന്നത്. ഇത്തരത്തിൽ കേരളത്തിലെ സർവകലാശാലകളെ കാവിവൽക്കരിക്കുന്നതിനു വേണ്ടിയുള്ള വലിയ രീതിയിലുള്ള ശ്രമങ്ങളാണ് ഗവർണറുടെ നേതൃത്വത്തിലുള്ള ആർ എസ് എസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് എസ് എഫ് ഐ തീരുമാനിച്ചിട്ടുള്ളത് എന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്.
ഗവർണ്ണറുടെയും വിസിമാരുടെയും നടപടിക്ക് എതിരെ കെ.എസ്.യുവും എം.എസ്.എഫും ശരിയായ രൂപത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് തോന്നുന്നുണ്ടോ?
എസ് എഫ് ഐ ശരിയായ രീതിയിലാണ് പ്രതികരണം നടത്തിയിരിക്കുന്നത്. നിങ്ങൾ ചോദിക്കേണ്ടത് നേരെ തിരിച്ചായിരുന്നു. കെ എസ് യു – എം എസ് എഫ് ശരിയായ രീതിയിലാണോ പ്രതികരണം അല്ലെങ്കിൽ പ്രതിഷേധം നടത്തുന്നത് എന്നായിരുന്നു. നമ്മൾ മനസിലാക്കേണ്ടത് ഈ വിഷയവുമായി ബന്ധപ്പെട്ട് എവിടെയാണ് അവർ സമരം നടത്തിയിട്ടുള്ളത്? വലിയ സംഘടനയാണെന്നാണ് അവർ അവകാശപ്പെട്ടിട്ടുള്ളത്. കാമ്പസ്സിനകത്തെങ്കിലും ഒരു അഞ്ച് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു പ്രതിഷേധം സംഘടിപ്പിച്ചത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അപ്പോൾ സർവകലാശാല കേന്ദ്രീകരിച്ചുള്ള വിഷയം അവരെ ബാധിക്കുന്ന വിഷയമല്ല എന്നുള്ളതാണ് നാം മനസിലാക്കേണ്ടത്. കാരണം വിദ്യാർത്ഥി വിഷയങ്ങൾക്കകത്താണ് എസ് എഫ് ഐ ഇടപെട്ടിട്ടുള്ളത്. സംഘടനാതലത്തിലുള്ളതോ മറ്റ് വിഷയത്തിനകത്തല്ല.
വൈസ് ചാൻസിലർ സർവകലാശാലകളിൽ വരുന്നില്ല, വിദ്യാർത്ഥികളുടെ ഒട്ടനവധിയായിട്ടുള്ള ഡിഗ്രി ഫയലുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. അപ്പൊ ഇത്തരം വിദ്യാർത്ഥി വിഷയങ്ങൾക്കകത്ത് അവർ ഏത് തരത്തിലാണ് ഇടപെടുന്നത് എന്നതാണ്. അവരിപ്പോഴും സർക്കാരിനെതിരെയുള്ള വേറെ വല്ല വിഷയങ്ങളും ഉയർത്തിപ്പിടിക്കുകയാണ്. അതല്ല നമ്മൾ വിദ്യാർത്ഥി സംഘടനയാണ് എന്നുള്ള ബോധ്യം അവർക്കാദ്യം വേണം. ഇത്തരത്തിൽ സർവകലാശാല തലത്തിലുള്ള ഒരു വിഷയത്തിലും അവർ ഇടപെടുന്നില്ല എന്നുള്ളതാണ് ദൈനംദിനം സർവകലാശാല വിഷയങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരാളെന്ന നിലയിൽ മനസിലാക്കാൻ കഴിയുന്നത്. അവർ ഈ വിഷയം അറിയുന്നുണ്ടോ എന്നുപോലും മനസിലാക്കേണ്ടതുണ്ട്.
കോൺഗ്രസ്സ് നേതാവ് പി.ജെ. കുര്യൻ എസ്.എഫ്.ഐയെ കണ്ട് പഠിക്കണമെന്നാണ് സ്വന്തം അനുയായികളോട് പറഞ്ഞിരിക്കുന്നത്, ഇതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?
സ്വാഭാവികമായും നമ്മൾ മനസിലാക്കുന്നത്, പ്രതിപക്ഷ സംഘടനകൾക്കുവരെ അത്രത്തോളം എസ് എഫ് ഐയുടെ സമരത്തെപ്പറ്റി വലിയ ധാരണയുണ്ടെന്നാണ്. കേരളത്തിന്റെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം എസ് എഫ് ഐ സമരത്തെ അധിക്ഷേപിച്ചത് നമുക്കറിയാം. ഈ സമരം എന്തിനുവേണ്ടിയുള്ള സമരമാണ് എന്ന് അദ്ദേഹം മനസിലാക്കുന്നില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതിനെ തിരുത്തിക്കൊണ്ടാണ് അദ്ദേഹത്തിന്റെ അതെ സംഘടനയിലുള്ള ഒരാൾ ഇത്തരത്തിലൊരു പരസ്യ പ്രസ്താവനക്ക് തയ്യാറായിരിക്കുന്നത്. എസ് എഫ് ഐയെ പുകഴ്ത്തിയോ എന്നുള്ളതല്ല അതിലെ പ്രസക്തമായ വിഷയം. എസ് എഫ് ഐ ഉയർത്തിപ്പിടിക്കുന്നത് വിദ്യാർത്ഥി വിഷയങ്ങളാണ്. നമുക്കറിയാം കഴിഞ്ഞ കാലങ്ങളിലൊക്കെ തന്നെ എസ് എഫ് ഐ എത്തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഉയർത്തികൊണ്ടുവന്നിട്ടുള്ളത് എന്ന്. ഇത്തരത്തിൽ പി ജെ കുര്യന് വലിയ രീതിയിലുള്ള അധിക്ഷേപങ്ങൾ ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കു എന്നാണ് മനസിലാക്കികൊണ്ടിരിക്കുന്നത്. എസ് എഫ് ഐ യെ വാനോളം പുകഴ്ത്തുന്ന നിലയിലേക്ക് പ്രതിപക്ഷ സംഘടനയുടെ നേതാക്കൾ പുകഴ്ത്തി കാണുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
ഗവർണ്ണർക്ക് എതിരായ ഇപ്പോഴത്തെ എസ്.എഫ്.ഐയുടെ പ്രക്ഷോഭം ലക്ഷ്യം കാണുമെന്ന് ഉറപ്പുണ്ടോ?
അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ ബഹുമാനപ്പെട്ട ഹൈക്കോടതി വിധി. ഡിജിറ്റൽ സർവകലാശാല താത്കാലിക വി സി ആയിട്ടുള്ള സിസ തോമസിനോടും സാങ്കേതിക സർവകലാശാല താത്കാലിക വി സി യുടെ ചുമതല വഹിക്കുന്ന ശിവപ്രസാദിനോടും അടിയന്തിരമായി സീറ്റ് വിട്ടൊഴിയണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഇതുകൊണ്ട് വ്യക്തമാക്കുന്നത് എസ്.എഫ്.ഐ സമരം ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നു എന്നുള്ളതാണ്. കഴിഞ്ഞ ചോദ്യത്തിൽ നിങ്ങളുന്നയിച്ചത് പി ജെ കുര്യൻ പറഞ്ഞിരിക്കുന്ന പ്രസ്താവനയുമായി ബന്ധപ്പെട്ടാണ്. ലക്ഷ്യസ്ഥാനത്ത് എത്തുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത്തരത്തിലുള്ള കോടതിവിധി എന്നുള്ളതാണ് മനസിലാക്കേണ്ടത്.
മുൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും, ഇപ്പോഴത്തെ ഗവർണ്ണർ രാജ്യേന്ദ്ര വിശ്വനാഥ് ആർലേക്കറും തമ്മിൽ പ്രവർത്തിയിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?
എസ് എഫ് ഐയുടെ സമരം എന്നുപറയുന്നത് ഗവർണർക്കെതിരെ, അല്ലെങ്കിൽ ഗവർണറായി വരുന്ന ആരിഫ് മുഹമ്മദ് ഖാനെതിരെയോ, ആർലേക്കറിനെതിരെയോ അല്ല, അവർ സ്വീകരിക്കുന്ന നയമാണ്, അല്ലെങ്കിൽ ഇടപെടലുകളാണ് എസ് എഫ് ഐക്ക് പ്രശ്‍നം. കഴിഞ്ഞ കാലയളവിൽ കേരളത്തിന്റെ ചുമതല വഹിച്ചുകൊണ്ടിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ തെരുവിൽ തടയുന്നത് അടക്കമുള്ള വലിയ രീതിയിലുള്ള സമര പ്രക്ഷോഭങ്ങളുമായി എസ് എഫ് ഐ മുന്നോട്ട് പോയിരുന്നു. അദ്ദേഹത്തെ വ്യക്തിപരമായിട്ട് എസ് എഫ് ഐക്ക് യാതൊരു പ്രശ്നവുമില്ല. നമുക്കറിയാം, സർവ്വകലാശാലയെ കാവിവൽക്കരിക്കുന്നതിനു വേണ്ടി വലിയ രീതിയിലുള്ള ഇടപെടലുകളാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തികൊണ്ടിരുന്നത്. അതെ പാതയാണ് അതിനു ശേഷം വന്ന ഗവർണർ രാജേന്ദ്ര ആർലേക്കർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്ക് കൃത്യമായ നിർദേശം ആർ എസ് എസ് കാര്യാലയത്തിൽ നിന്ന് നല്കികൊണ്ടിരിക്കുകയാണ്. കേരളത്തിൽ ആകെ അവർക്ക് ഒരു എം എൽ എ മാത്രമാണുണ്ടായിരുന്നത്, നേമം മണ്ഡലത്തിൽ. പാർലമെന്ററി രംഗത്ത് അവർക്ക് പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് അവരുടെ രാഷ്ട്രീയം കുത്തിനിറക്കുന്നതിനുവേണ്ടിയുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗവർണർ സ്വീകരിക്കുന്ന നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും എന്നാണ് വ്യക്തമാക്കാനുള്ളത്.
എസ്.എഫ്.ഐയെ ക്രിമിനൽ സംഘമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരാമർശിച്ചത്, എന്താണ് മറുപടി?
വി ഡി സതീശൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവാണോ, ആർ എസ് എസിന്റെ വക്താവാണോ എന്നുള്ളതാണ് പൊതുസമൂഹത്തിന്റെ സംശയം. ആർ എസ് എസിനു വേണ്ടി പ്രവർത്തിക്കാൻ അവരുടെ ആളുകൾ തന്നെ ഇവിടെയുണ്ട്. ആർ എസ് എസിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു പ്രതിപക്ഷ നേതാവായി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നു എന്നുള്ളതാണ് നമുക്ക് മനസിലാക്കാൻ കഴിയുന്നത്. വിദ്യാർത്ഥി വിഷയത്തിൽ ഇടപെട്ടുകൊണ്ടാണ് എസ് എഫ് ഐ പ്രവർത്തിക്കുന്നത്. വി ഡി സതീശന്റെ വിദ്യാർത്ഥി സംഘടനാ ഇപ്പോൾ എവിടെയാണ്? നാലു ബോർഡെങ്കിലും വാങ്ങിവെച്ച് അവരുടെ പ്രസ്താവന എങ്കിലും പുറത്തുവിടാനുള്ള ധൈര്യം അവർക്കുണ്ടോ?
കേരളത്തിൽ ഒടുവിൽ ഗവർണ്ണർ ഭരണം വരുമെന്ന് ഭയക്കുന്നുണ്ടോ?
എസ് എഫ് ഐക്ക് ആരെയും ഭയക്കേണ്ടതായിട്ടില്ല. ഗവർണേക്കെതിരെയോ, അല്ലെങ്കിൽ രാജേന്ദ്ര ആർലേക്കറിനെതിരെയോ അല്ല എസ് എഫ് ഐ സമരം. ഗവർണർ സ്വീകരിക്കുന്ന നയങ്ങൾക്കെതിരെയാണ് എസ് എഫ് ഐയുടെ സമരം. നയങ്ങൾ സ്വീകരിക്കുന്ന ചാന്സിലർക്കെതിരെയാണ് എസ് എഫ് ഐയുടെ സമരം. ഗവർണർ ഭരണം വന്നാലും എസ് എഫ് ഐയുടെ സമരം മുന്നോട്ട് പോകും. തെറ്റായ നയങ്ങൾ സ്വീകരിക്കുന്ന ഏതൊരു ഗവർണറായിക്കോട്ടെ, ഏതൊരു ഭരണകൂടമായികൊട്ടെ, അതുകൊണ്ട് എസ് എഫ് യ്ക്ക് ആരെയും ഭയക്കേണ്ടതില്ല, ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവും എന്നാണ് സൂചിപ്പിക്കാനുള്ളത്.
അഭിമുഖം തയ്യാറാക്കിയത് : ശ്രീരശ്മി & അഷിത
വീഡിയോ കാണാം….
The post വി.ഡി സതീശൻ ആർ.എസ്.എസ് വക്താവോ ? തുറന്നടിച്ച് കേരള സർവ്വകലാശാലാ യൂണിയൻ ചെയർപേഴ്സൺ appeared first on Express Kerala.