തിരുവനന്തപുരം: സർവകലാശാല വിഷയത്തിലെ സമവായ നീക്കങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറും തമ്മിൽ കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങി. നാളെ ഉച്ചയ്ക്കു ശേഷം 3.30നു രാജ്ഭവനിലാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി ഗവർണറെ കണ്ടേക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കൂടിക്കാഴ്ച.
സർവകലാശാല പോരിൽ പ്രശ്നപരിഹാരം കൂടിക്കാഴ്ചയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരതാംബ വിവാദത്തിൽ അടക്കം വിട്ടുവീഴ്ചയ്ക്കു സാധ്യതയുണ്ട്. ഇന്ന് രാത്രി ഗവർണർ തിരുവനന്തപുരത്തെത്തും.
ALSO READ: സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകളെല്ലാം പിൻവലിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഇരട്ട രജിസ്ട്രാർ പ്രശ്നവും അധികാര തർക്കവും കാരണം കടുത്ത ഭരണ പ്രതിസന്ധി നേരിടുന്ന കേരള സർവകലാശാലയിലെ തർക്കം ഒത്തുതീർപ്പിലെത്തുന്നതിന്റെ സൂചന നൽകി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. മന്ത്രി നേരിട്ട് വിസിയെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. ഗവർണറുടെ നിർദ്ദേശമനുസരിച്ചാണ് വിസി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു.
സർവകലാശാലയിൽ എത്തിയാൽ വിസിയെ ആരും തടയില്ലെന്നു സർക്കാർ ഉറപ്പു നൽകിയിരുന്നു. രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ നിന്നു പിൻമാറില്ലെന്ന നിലപാടാണ് വിസി അറിയിച്ചത്. ഭരണത്തലവനായ ഗവർണറെ അപമാനിച്ചതിനാലാണ് സസ്പെൻഡ് ചെയ്തത്. വിസിയുടെ നിലപാട് ബന്ധപ്പെട്ടവരുമായി സംസാരിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി താമസിയാതെ ഗവർണറെ കാണുമെന്നും കൂടിക്കാഴ്ചയിൽ സർവകലാശാല വിഷയവും ചർച്ചയായേക്കുമെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു.
The post മുഖ്യമന്ത്രി- ഗവർണർ കൂടിക്കാഴ്ച നാളെ രാജ്ഭവനിൽ appeared first on Express Kerala.