ചുഴലിക്കാറ്റും കനത്ത മഴയും കാരണം ഫിലിപ്പീൻസിൽ വെള്ളപ്പൊക്കമുണ്ടായിട്ടും, തങ്ങളുടെ വിവാഹം മാറ്റിവയ്ക്കാൻ തയാറാകാതെ ഒരു യുവദമ്പതികൾ. ബുലാക്കനിലെ മാലോലോസിലുള്ള ചരിത്രപ്രസിദ്ധമായ ബരാസോയിൻ പള്ളിയിൽ മുട്ടോളം വെള്ളം കയറിയെങ്കിലും, ജേഡ് റിക്ക് വെർഡില്ലോയും ജമൈക്ക അഗ്വിലറും നിശ്ചയിച്ചതുപോലെ വിവാഹ ചടങ്ങുകളുമായി മുന്നോട്ട് പോയി.
പത്ത് വർഷമായി ഒരുമിച്ച് ജീവിക്കുന്ന ഇവർ ചുഴലിക്കാറ്റ് കാരണം വെള്ളപ്പൊക്കമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടിരുന്നു. എന്നാൽ ഒരുമിച്ചുള്ള ജീവിതത്തിൽ വരുന്ന വെല്ലുവിളികളെ നേരിടാനുള്ള പ്രതിരോധശേഷിയുടെ പ്രതീകമായി ഇതിനെ കണ്ടുകൊണ്ടാണ് ഇരുവരും വിവാഹവുമായി മുന്നോട്ട് പോയത്.
Also Read: കഥ പറയുന്നത് ഒരു എല്ലിൻ കഷ്ണം; 1.3 കോടി വർഷം പഴക്കമുള്ള കൊലപാതക രഹസ്യം ചുരുളഴിയുന്നു
വിവാഹ വസ്ത്രങ്ങൾ ധരിച്ച ജമൈക്ക അഗ്വിലാർ മുട്ടോളം വെള്ളത്തിലൂടെ പള്ളിയിലേക്ക് നടന്നുപോകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. പരമ്പരാഗത വസ്ത്രം ധരിച്ച് ജേഡ് റിക്ക് വെർഡില്ലോ അൾത്താരയിൽ അവൾക്കായി കാത്തുനിന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും, ചില ബന്ധുക്കളും സുഹൃത്തുക്കളും വെള്ളപ്പൊക്കം വകവയ്ക്കാതെ ചടങ്ങിൽ പങ്കെടുത്തു.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിവാഹം നടത്തിയതിനെ ഒരു അതിഥി “പ്രണയം വിജയിച്ചതിന്റെ ഉദാഹരണം” എന്ന് വിശേഷിപ്പിച്ചു. “വെല്ലുവിളികൾ ഒരിക്കലും അവസാനിക്കുന്നില്ല, ഇത് വെറുമൊരു പരീക്ഷണം മാത്രമാണ്,” ജേഡ് റിക്ക് വെർഡില്ലോ പറഞ്ഞു. ഈ പ്രതിസന്ധി തരണം ചെയ്യാൻ തങ്ങൾ ധൈര്യം സംഭരിച്ചുവെന്നും, ഇന്ന് വിവാഹം നടന്നില്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികൾക്ക് കാരണമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രണയത്തിന് മുന്നിൽ പ്രതിബന്ധങ്ങൾ ഒന്നുമല്ലെന്ന് തെളിയിക്കുകയാണ് ഈ ദമ്പതികൾ. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ഇരുവരും ഒന്നിച്ചപ്പോൾ, അത് അവരുടെ ബന്ധത്തിന്റെ ദൃഢതയ്ക്ക് ഒരു ഉദാഹരണമായി മാറി.
The post പ്രണയത്തിന് മുന്നിൽ പ്രകൃതിയും തോറ്റു; ഫിലിപ്പീൻസിലെ ഈ വിവാഹം ലോകത്തിന് മാതൃക appeared first on Express Kerala.