‘ഇബ്‌ലീസ്’, ‘കള’, ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത്ത് വിഎസ് സംവിധാനം നിർവ്വഹിക്കുന്ന ആക്ഷൻ ത്രില്ലർ സിനിമയാണ് ടിക്കി ടാക്ക. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിൽ നസ്‌ലെനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനെക്കുറിച്ച് തുറന്ന് പറയുകയാണ് ഹരിശ്രീ അശോകൻ. ഒരു അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
ഇതുവരെ താൻ ചെയ്യാത്ത ഒരു കഥാപാത്രമാണ് ചിത്രത്തിലേതെന്നും ടിക്കി ടാക്ക ഒരു ഗംഭീര സംഭവമാകുമെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. ഒപ്പം ഇനി ചെയ്യാനിരിക്കുന്ന സിനിമകളെക്കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞു. പക്കാ നെഗറ്റീവ് റോളുകളും ഇമോഷണൽ റോളുകളും താൻ ചെയ്യുന്നുണ്ടെന്നും ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു. ഒരു പക്കാ മാസ് ആക്ഷൻ പടമായിരിക്കും ടിക്കി ടാക്ക എന്ന് നേരത്തെ പുറത്തുവന്ന ടീസർ സൂചന നൽകിയിട്ടുണ്ട്. പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നൽകണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത്.
Also Read: ചിത്രത്തിന്റെ ക്ലൈമാക്സ് എഐ ഉപയോഗിച്ച് മാറ്റി; ‘രാഞ്ഛനാ’ റീ റിലീസിനെതിരെ ധനുഷ്
അതേസമയം ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ‘ദ് റെയ്ഡ് റിഡെംപ്ഷൻ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു. ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത് സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ്.
The post ‘ടിക്കി ടാക്ക ഒരു ഗംഭീര സംഭവമാകും’: ഹരിശ്രീ അശോകൻ appeared first on Express Kerala.