ഡൽഹി: ഇന്ത്യയ്ക്കുമേൽ അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കയ്ക്ക് മറുപടി നൽകണമെന്ന ആവശ്യം ശക്തമാക്കി ബിജെപി. അമേരിക്കയ്ക്ക് തക്കതായ മറുപടി നൽകണമെന്നാണ് പാർട്ടി ഉന്നയിക്കുന്ന ആവശ്യം. വിഷയം കേന്ദ്രമന്ത്രിസഭ ചർച്ച ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി മോദി കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു.
റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിലടക്കം അമേരിക്കയുടെ കടുത്ത എതിർപ്പ് തുടരുന്നതിനിടെയാണ് റഷ്യയുമായുള്ള വ്യാപാരത്തിലടക്കം വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ മുന്നോട്ടു പോകുന്നത്. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി പുടിൻ ഈ വർഷം അവസാനത്തിൽ ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം തീരുവക്കെതിരെ ബിജെപി നേതാക്കൾ പരസ്യമായി രംഗത്ത് വന്നിരുന്നു. 140 കോടി ഇന്ത്യക്കാർക്ക് മേലാണ് ട്രംപ് തീരുവ ചുമത്തിയതെന്നും ഈ അവസരത്തിൽ പ്രധാനമന്ത്രിക്കൊപ്പം ഒറ്റക്കെട്ടായി നാം നിൽക്കണമെന്നുമായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞത്. അമേരിക്കയുടെ തീരുമാനം അന്യായവും യുക്തി രഹിതവും നിർഭാഗ്യകരവും നീതീകരിക്കപ്പെടാത്തതുമാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങൽ തുടരുന്നതിന് മറുപടിയായാണ് ഇന്ത്യയ്ക്ക് പകരം തീരുവ അമേരിക്ക കുത്തനെ ഉയർത്തിയത്. ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചത്. ഇതോടെയാണ് 50 ശതമാനം തീരുവയിലേക്കെത്തിയത്. എന്നാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ തീരുമാനം പുനഃപരിശോധിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
The post ‘ഇന്ത്യയ്ക്കുമേൽ അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കയ്ക്ക് മറുപടി നൽകണം’; ബിജെപി appeared first on Express Kerala.