മലയാളിക്ക് പാചകത്തിന് വെളിച്ചെണ്ണ അത്യന്താപേക്ഷിതമാണ്. വെളിച്ചെണ്ണയിലാണ് മിക്ക വിഭവങ്ങളും തയ്യാറാക്കുന്നത്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയ വെളിച്ചെണ്ണയില്‍ ശരീരത്തിന് ആവശ്യമായ ആന്റി-മൈക്രോബിയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളുമുണ്ട്. ഇതിലെ പോഷക ഘടകങ്ങള്‍ ചര്‍മ്മത്തിനും മുടിക്കും ഉത്തമവുമാണ്.
എന്നാല്‍ സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുകയാണ്. നിലവില്‍ ലിറ്ററിന് 400 രൂപയോളം നല്‍കേണ്ട സ്ഥിതിയാണ്. ഇതോടെ വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നത് വ്യാപകമായിട്ടുമുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് ചൊവ്വാഴ്ച നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏഴ് ജില്ലകളില്‍ നിന്നായി 16,565 ലിറ്റര്‍ നിലവാരമില്ലാത്ത വെളിച്ചെണ്ണ പിടിച്ചെടുത്തിരുന്നു.
ഈ സാഹചര്യത്തില്‍ വീട്ടില്‍വച്ചുതന്നെ എങ്ങനെ വെളിച്ചെണ്ണയിലെ മായം കണ്ടെത്താമെന്ന് പരിശോധിക്കാം. അതിനായി ഇതാ 5 എളുപ്പവഴികള്‍.
- ഒരു പാന്‍ ഇടത്തരം തീയില്‍വച്ച് അല്‍പ്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. കുറഞ്ഞ ചൂടില്‍ നുരയും കരിഞ്ഞ ഗന്ധവുമുണ്ടെങ്കില്‍ അത് മായം കലര്‍ന്നതാണ്.
- ഒരു സുതാര്യമായ ഗ്ലാസില്‍ വെളിച്ചെണ്ണ എടുക്കുക. ഇത് റഫ്രിജറേറ്ററില്‍ 30 മിനിട്ട് സൂക്ഷിക്കുക. (ഫ്രീസറില്‍ വയ്ക്കരുത്). ഫ്രിഡ്ജില്‍വച്ചാല്‍ വെളിച്ചെണ്ണ കട്ടിയാകും. വെളിച്ചെണ്ണയില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍, മറ്റ് എണ്ണകള്‍ ഒരു പ്രത്യേക പാളിയായി അവശേഷിക്കും.
- ഒരു സുതാര്യമായ ഗ്ലാസില്‍ വെള്ളമെടുത്ത് അതില്‍ 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. 20-30 മിനിട്ട് അങ്ങനെ വച്ച ശേഷം വെളിച്ചെണ്ണ കട്ടിയോടെ നില്‍ക്കാതെ വെള്ളത്തില്‍ ലയിക്കുകയാണെങ്കില്‍ അത് വ്യാജമായിരിക്കും.
- വെളിച്ചെണ്ണ ശുദ്ധമാണെങ്കില്‍, അതിന് നല്ല മണമുണ്ടാകും. യഥാര്‍ഥ വെളിച്ചെണ്ണയ്ക്ക് നല്ല രുചിയുമുണ്ടാകും. മായം ചേര്‍ത്തതാണെങ്കില്‍ നിങ്ങള്‍ അത് വായില്‍ വയ്ക്കുമ്പോള്‍ തന്നെ മനസ്സിലാകും. മണത്തിലും വ്യത്യാസമുണ്ടാകും.
- മായം കലര്‍ന്ന വെളിച്ചെണ്ണയ്ക്ക് നേരിയ മഞ്ഞ നിറമായിരിക്കും. കുറച്ച് വെളിച്ചെണ്ണ ഒരു പാത്രത്തില്‍ എടുത്ത് 10 മിനിട്ട് വയ്ക്കുക. നിറമില്ലാതെ കാണുകയാണെങ്കില്‍, അത് ശുദ്ധമാണ്. മായം കലര്‍ന്നതാണെങ്കില്‍ താരതമ്യേന കട്ടിയുള്ള നിറമുണ്ടാകും.








