സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇന്ന് ഇന്ത്യയിൽ ഒരു ഞെട്ടിക്കുന്ന സംഭവമല്ല, മറിച്ച് ദിനംപ്രതി ആവർത്തിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം, 2022-ൽ രാജ്യത്ത് 4.45 ലക്ഷത്തിലധികം അതിക്രമങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഇത് ഓരോ മണിക്കൂറിലും 51-ഉം ഓരോ 72 സെക്കൻഡിലും ഒരു കുറ്റകൃത്യവും നടക്കുന്നു എന്നതിന്റെ സൂചനയാണ്. വിവാഹ വീട്ടിൽ ജീവനോടെ ചുട്ടുകൊല്ലപ്പെട്ട യുവതി, അച്ഛന്റെ വെടിയേറ്റ കായികതാരം, ഭർത്താവിനാൽ കഷണങ്ങളാക്കപ്പെട്ട യുവതികൾ എന്നി വാർത്തകൾ ഒകെ തന്നെ ഇന്ന് നമ്മെ ഞെട്ടിക്കാനുള്ള ശേഷി നഷ്ട്ടപ്പെടുത്തിയിരിക്കുന്നു. ഈ പ്രശ്നങ്ങളൊന്നും ഏതാനും വ്യക്തികളുടെ മാത്രം തെറ്റുകളല്ല. മറിച്ച്, സ്ത്രീകളോടുള്ള അതിക്രമം നമ്മുടെ സമൂഹത്തിൽ സാധാരണമായി മാറിയതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
സ്ത്രീധനം: സമ്മാനമോ വിലപേശലോ?
ഇന്ന് സ്ത്രീധനം എന്നത് പഴയൊരു ആചാരമല്ല, അത് ഒരു ഭീകരമായ സത്യമാണ്. കൊടുത്താലും കൊടുത്താലും തീരാത്ത ഒരു ‘കടമായി’ ഇത് മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞ ഗ്രേറ്റർ നോയിഡയിൽ ഭർത്താവ് കൊലപ്പെടുത്തിയ നിക്കി ഭാട്ടിയുടെ സംഭവം ഇതിനൊരു ഉദാഹരണമാണ്. രണ്ട് വണ്ടികൾ സ്ത്രീധനമായി കൊടുത്തിട്ടും ഭർത്താവായ വിപിൻ നിക്കിയെ വീണ്ടും ഉപദ്രവിച്ചു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് ഇരുന്നു.

ഏറ്റവും ഒടുവിൽ സ്വന്തം മകന്റെയും സഹോദരിയുടെയും മുന്നിലിട്ട് നിക്കിയെ ഭർത്താവ് തീകൊളുത്തി കൊന്നു. ഈ ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഈ തർക്കങ്ങൾ ഒകെ വിപിൻ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്നത് സാധാരണമാണ്” എന്നാണ് ന്യായികരിച്ചിരുന്നത്. ഇതൊരു സാധാരണ വഴക്കല്ല, മറിച്ച് സ്ത്രീയുടെ ജീവിതത്തിന് ഇവിടെ ഒരു വിലയുമില്ലെന്ന് പറയുന്ന പുരുഷാധിപത്യത്തിന്റെ യാഥാർത്ഥ്യമാണിത്.
അതേസമയം ആക്രമം വിവാഹബന്ധങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. പൊതുരംഗത്തേക്ക് കടന്നുവരുന്ന, സ്വന്തം കാലിൽ നിൽക്കാനും , ജീവിക്കാനും ആഗ്രഹിക്കുന്ന സ്ത്രീകളെയും ഇത് വേട്ടയാടുന്നു. ഗുരുഗ്രാമിൽ അച്ഛന്റെ വെടിയേറ്റ് മരിച്ച ടെന്നീസ് താരം രാധിക യാദവിന്റെ കേസ് ഇതിനുദാഹരണമാണ്. രാധികയുടെ മരണം ചർച്ച ചെയ്യപ്പെട്ടത് കുറ്റകൃത്യത്തിന്റെ ക്രൂരതയെക്കുറിച്ചായിരുന്നില്ല, മറിച്ച് അവരുടെ ജീവിതരീതിയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമായിരുന്നു.
ഒരു സ്ത്രീ അതിക്രമിക്കപ്പെടുമ്പോൾ, സമൂഹം പലപ്പോഴും അവളെ കുറ്റക്കാരിയാക്കി മാറ്റിനിർത്തുന്നു. ഇത് പുരുഷ ആക്രമണത്തെ സാധാരണവൽക്കരിക്കുന്നതും സ്ത്രീകളെ നിശബ്ദരാക്കുന്നതുമായ ഒരു മാനസികാവസ്ഥയുടെ പ്രതിഫലനമാണ്.
ക്രൂരതയുടെ സാധാരണവൽക്കരണം
ഹൈദരാബാദിലെ സ്വാതി, ഡൽഹിയിലെ ശ്രദ്ധ വാക്കർ എന്നിവരുടെ കൊലപാതകങ്ങൾ അതിക്രൂരമായിരുന്നു. ഒരു ഹെക്‌സ ബ്ലേഡ് ഉപയോഗിച്ച് കഷണങ്ങളാക്കി നദിയിൽ ഒഴുക്കിയതും, 35 കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചതും സമൂഹ മനസ്സാക്ഷിയെ ഉലയ്ക്കുന്നതായിരുന്നു. എന്നിട്ടും, ഈ സംഭവങ്ങളിലെ ഏറ്റവും ഞെട്ടിക്കുന്ന കാര്യം, ശ്രദ്ധ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പോലീസിനോടും സുഹൃത്തുക്കളോടും പറഞ്ഞിട്ടും ആരും ഗൗരവമായി എടുത്തില്ല എന്നതാണ്.

സ്ത്രീകൾ വേദന സഹിക്കണമെന്ന് സമൂഹം പ്രതീക്ഷിക്കുന്നതുകൊണ്ട് അവരുടെ മുന്നറിയിപ്പുകൾ അവഗണിക്കപ്പെടുന്നു. അവരുടെ ശബ്ദം പൂർണ്ണമായി നിലയ്ക്കുമ്പോൾ മാത്രമാണ് സമൂഹം പ്രതികരിക്കുന്നത്.
അതേസമയം സോഷ്യൽ മീഡിയയിൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ഇരകളുടെ ലിംഗഭേദം അനുസരിച്ച് സമൂഹത്തിന്റെ പ്രതികരണം വ്യത്യാസപ്പെടുന്നു. ഇത് അസ്വസ്ഥമായ ഒരു യാഥാർത്ഥ്യമാണ്.
പുരുഷ ഇരകളുടെ ദുരന്തങ്ങൾ ദേശീയ ശ്രദ്ധ നേടുകയും രോഷം ആളിക്കത്തിക്കുകയും ചെയ്യുമ്പോൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പലപ്പോഴും നിശബ്ദമാക്കപ്പെടുന്നു. മീററ്റിലെ നേവി ഓഫീസർ സൗരഭ് രജ്പുതിന്റെ കൊലപാതകം ഇതിനു ഉദാഹരണമാണ്. 15 കഷണങ്ങളായി വെട്ടിമാറ്റി ഡ്രമ്മിൽ ഒളിപ്പിച്ച അദ്ദേഹത്തിന്റെ ശരീരം സോഷ്യൽ മീഡിയയിൽ വൈറലായ മീമുകളായി മാറി. ഈ സംഭവം വിവാഹബന്ധങ്ങളിൽ പുരുഷന്മാർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പായി ചിത്രീകരിക്കപ്പെട്ടു.

അദ്ദേഹത്തിന്റെ മരണം സമൂഹത്തിൽ വലിയ രോഷം സൃഷ്ടിച്ചു. അതുപോലെ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ അതുൽ സുഭാഷിന്റെ ആത്മഹത്യയും സമാനമായ പ്രതികരണം ഉണ്ടാക്കി. ഭാര്യയുടെ പീഡനത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ആത്മഹത്യാക്കുറിപ്പ് ഒരു ദേശീയ പ്രശ്നമായി ചർച്ച ചെയ്യപ്പെട്ടു.
എന്നാൽ, സ്ത്രീകൾ സമാനമായ പീഡനങ്ങളും കൊലപാതകങ്ങളും നേരിടുമ്പോൾ അത് പലപ്പോഴും ഗാർഹിക പ്രശ്നങ്ങളായാണ് കാണാറുള്ളത്. ഈ അസന്തുലിതാവസ്ഥ നമ്മുടെ സമൂഹത്തിലെ ലിംഗപരമായ പക്ഷപാതത്തെയാണ് തുറന്ന് കാട്ടുന്നതെങ്കിലും, സമീപകാലത്തായി ഈ സമീപനത്തോട് ഒരു മാറ്റം പ്രകടമാകുന്നുണ്ട്, പ്രതേകിച്ച് യുവജനങ്ങൾക്കിടയിൽ.

നേരത്തെ നിശ്ശബ്ദമാക്കപ്പെട്ടിരുന്ന സ്ത്രീകളുടെ വേദനകൾ ഇന്ന് ചെറിയ തോതിലെങ്കിലും ചർച്ച ചെയ്യപ്പെടുന്നു, പൊതു ഇടങ്ങളിൽ അവർക്ക് വേണ്ടി സംസാരിക്കാൻ ആളുകൾ മുന്നോട്ട് വരുന്നു. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഈ വിഷയങ്ങൾ കൂടുതൽ ഗൗരവത്തോടെ കാണാൻ തുടങ്ങിയിട്ടുണ്ട്. എങ്കിലും, ഈ മാറ്റങ്ങൾ ഒരു തുടക്കം മാത്രമാണ്. സമൂഹത്തിന്റെ അടിത്തട്ടിൽ വേരൂന്നിയ ഈ അക്രമത്തെ നിയമങ്ങൾ കൊണ്ട് മാത്രം ഇല്ലാതാക്കാനാവില്ല. ഈ ദുരന്തങ്ങളെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കാണാൻ വിസമ്മതിക്കുകയും, നീതിക്കും സമത്വത്തിനും വേണ്ടി നിരന്തരം പോരാടുകയും ചെയ്യുമ്പോൾ മാത്രമേ യഥാർത്ഥത്തിൽ ഒരു പുതിയ മാറ്റം സാധ്യമാകൂ.
റിപ്പോർട്ട് തയ്യാറാക്കിയത്: അഭിരാമി കെ എ
The post ഓരോ 72 സെക്കൻഡിലും ഒരു ദുരന്തം: ഇന്ത്യയിലെ സ്ത്രീകൾക്ക് എന്ത് സംഭവിക്കുന്നു? appeared first on Express Kerala.