മുംബൈ: ഭാരത ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോണ്‍സറായിരുന്ന ഡ്രീം 11 കരാര്‍ അവസാനിപ്പിച്ചതോടെ ഭആരത താരങ്ങള്‍ക്ക് നഷ്ടം 200 കോടി രൂപ. രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, പാണ്ഡ്യ സഹോദരന്മാരായ ഹാര്‍ദിക്, ക്രുണാല്‍ എന്നിവര്‍ ഡ്രീം11-നുമായി വ്യക്തിഗത കരാറുള്ളവരാണ്. ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്‌ക്വാദ്, റിങ്കു സിംഗ്, സൗരവ് ഗാംഗുലി എന്നിവരും റിയല്‍-മണി ഗെയിമിംഗ് വിപണിയിലെ മറ്റൊരു കമ്പനിയായ മൈ11 സര്‍ക്കിളുമായി കരാറുണ്ട്.
വിരാട് കോഹ്ലി എംപിഎല്ലുമായും എംഎസ് ധോണി വിന്‍സോയുമായും കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അവസാനിപ്പിക്കേണ്ടിവരും. അവസാനിപ്പിച്ചു. ഓണ്‍ലൈന്‍ ഗെയിമിംഗിന് നിയന്ത്രണം വരുത്തിക്കൊണ്ടുള്ള ബില്‍ പാസായതോടെ, ലോകത്തിലെ ഏറ്റവും വലിയ റിയല്‍ മണി ഗെയിമിംഗ് കമ്പനിയായ ഡ്രീം 11 യുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ബിസിസിഐ നിര്‍ബന്ധിതമാവുകയായിരുന്നു. അല്ലാത്തപക്ഷം 358 കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ തുടരുന്നത് നിയമവിരുദ്ധമാകുമായിരുന്നു. ഡ്രീം ഇലവനുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നതായി ബിസിസിഐ ഇ പ്രഖ്യാപിച്ചു. ‘2025 ലെ ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ തടയുന്നതിനും നിയന്ത്രണം കൊണ്ടുവരുന്നതിനുമായുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കിയതോടെ ബിസിസിഐയും ഡ്രീം 11 ഉം തമ്മിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് ബന്ധം അവസാനിപ്പിക്കുകയാണ്. ഭാവിയില്‍ അത്തരം ഒരു സംഘടനയുമായും കരാറിലേര്‍പ്പെടില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ നിയമത്തിന് ബാധകമായി പ്രവര്‍ത്തിക്കുന്നതിനായി ഡ്രീം ഇലവന്‍ 3.0 അവതരിപ്പിക്കുമെന്ന് ഡ്രീം 11 സിഇഒ ഹര്‍ഷ് ജെയിന്‍ പറഞ്ഞു.
പുതിയ സര്‍ക്കാര്‍ നിയമം ഫാന്റസി ഗെയിമുകളുടെ പരസ്യം നിയമവിരുദ്ധമാക്കുന്നതിനാല്‍, ഡ്രീം11 ന് മാത്രമല്ല, സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കേണ്ടത് ബിസിസിഐക്കും പ്രധാനമായിരുന്നു.
ഡ്രീം11 ന്റെ മാതൃ കമ്പനിയായ ഡ്രീം സ്പോര്‍ട്സ് 2023 ല്‍ ബിസിസിഐയുമായി മൂന്ന് വര്‍ഷത്തെ ജേഴ്സി സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. ഏഷ്യാ കപ്പ് അടുത്തുവരുന്നതോടെ, അടുത്ത രണ്ടാഴ്ചയ്‌ക്കുള്ളില്‍ ബിസിസിഐ മറ്റൊരു കമ്പനിയുമായി കരാറിലേര്‍പ്പെട്ടില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന് ജേഴ്സി സ്‌പോണ്‍സര്‍ ഇല്ലാതെയാകും. ഏഷ്യാ കപ്പ് സെപ്റ്റംബര്‍ 9 ന് യുഎഇയില്‍ ആരംഭിക്കും.