
ബംഗ്ലാദേശിലെ ചിറ്റഗോംഗ് സർവകലാശാലയിൽ വിദ്യാർത്ഥികളും സമീപ പ്രദേശങ്ങളിലെ താമസക്കാരും തമ്മിൽ ഏറ്റുമുട്ടിയതോടെ വലിയ സംഘർഷങ്ങൾക്കാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചത്. ഈ ഏറ്റുമുട്ടലിൽ അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുമുൾപ്പെടെ നൂറുകണക്കിന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ആഴ്ച വൈകി താമസസ്ഥലത്ത് തിരിച്ചെത്തിയതിന് സുരക്ഷാ ജീവനക്കാരൻ ഒരു വിദ്യാർത്ഥിനിയെ ആക്രമിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. ഏറ്റുമുട്ടലിൽ 300-ലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
അതേസമയം സംഘർഷത്തെ തുടർന്ന് ഹത്തസാരി ഉപജില്ലാ ഭരണകൂടം ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 144 നടപ്പാക്കിയിരുന്നു. ഇതോടെ പ്രത്യേക പ്രദേശങ്ങളിൽ പൊതുസമ്മേളനങ്ങൾ നിരോധിച്ചു.സർവകലാശാലയിലെ എല്ലാ ക്ലാസുകളും പരീക്ഷകളും താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ, സെക്ഷൻ 144 നിലവിലുണ്ടായിരുന്നിട്ടും വിദ്യാർത്ഥികൾ അവരുടെ ഹോസ്റ്റലുകളിൽ നിന്ന് പുറത്ത് ഇറങ്ങി ക്യാമ്പസിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തി. ക്രമസമാധാനം ഉറപ്പാക്കാൻ ക്യാമ്പസിൽ വൻ തോതിൽ പൊലീസ്, സൈനികരെ വിന്യസിച്ചു.
അതേസമയം വിദ്യാർത്ഥികൾ സംഭവത്തിൽ ഔപചാരിക അന്വേഷണം നടത്തണമെന്നും ക്യാമ്പസിന് പുറത്തുള്ള ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് കൂടുതൽ സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
The post ബംഗ്ലാദേശിൽ വീണ്ടും വിദ്യാർത്ഥി സംഘർഷം രൂക്ഷമാകുന്നു; ക്ലാസുകൾ നിർത്തി , 300-ലധികം പേർക്ക് പരിക്ക് appeared first on Express Kerala.









