
ന്യൂയോര്‍ക്ക്: കരിയറില്‍ ആദ്യമായി ടെന്നീസിന്റെ ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റ് ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ഭാരത താരം യൂക്രി ഭാംബ്രി. യു എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ ഡബിള്‍സിലാണ് ഭാംബ്രിയുടെ മുന്നേറ്റം. പുരുഷ ഡബിള്‍സില്‍ സഖ്യതാരം മൈക്കല്‍ വീനസുമൊന്നിച്ചാണ് ഭാരത താരം ക്വാര്‍ട്ടര്‍ വരെ എത്തിനില്‍ക്കുന്നത്.
ന്യൂസിലന്‍ഡില്‍ നിന്നുള്ള താരമാണ് ഭാംബ്രിയുടെ സഖ്യത്താരം മൈക്കല്‍ വീനസ്. നാലാം സീഡായി മത്സരിച്ച പുരുഷ ഡബിള്‍സിലെ ജര്‍മന്‍ സഖ്യതാരങ്ങളായ കെവിന്‍ ക്രവെയ്റ്റ്‌സ്, ടിം പുവെറ്റ്‌സ് എന്നിവരെ വെറും 23 മിനിറ്റുകൊണ്ട് തോല്‍പ്പിക്കാന്‍ സാധിച്ചു. സ്‌കോര്‍ 6-4, 6-4നാണ് ഭാരത-ന്യൂസിലന്‍ഡ് സഖ്യത്തിന്റെ നേട്ടം.
ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ നിക്കോള മെക്ടിക്കും അമേരിക്കയുടെ രാജീവ് റാം എന്നിവരടങ്ങിയ സഖ്യമാണ് ബാംബ്രിയുടെ എതിരാളികള്‍.









